തിരുവനന്തപുരം: 29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് തുടക്കമായി. വൈകിട്ട് ആറ് മണിക്ക് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജ്യാന്തര ചലച്ചിത്ര മേള ഉദ്ഘാടനം ചെയ്യും. പ്രശസ്‌ത ചലച്ചിത്ര നടിയും സാമൂഹിക പ്രവര്‍ത്തകയുമായ ശബാന ആസ്‌മി ചടങ്ങില്‍ മുഖ്യാതിഥിയാകും.
ഹോങ്‌കോങില്‍ നിന്നുള്ള സംവിധായിക ആന്‍ ഹുയിക്കാണ് ഇത്തവണത്തെ ലൈഫ്‌ടൈം അച്ചീവ്‌മെന്‍റ് പുരസ്‌കാരം. ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ 10 ലക്ഷം രൂപയും ശില്‍പ്പവും അടങ്ങുന്ന പുരസ്‌കാരം സമര്‍പ്പിക്കും. കലാമണ്ഡലം അവതരിപ്പിക്കുന്ന നൃത്ത പരിപാടിയും ഉദ്ഘാടന വേദിയല്‍ അരങ്ങേറും. തുടര്‍ന്ന് ഉദ്ഘാടന ചിത്രമായി വിഖ്യാത ബ്രസീലിയന്‍ സംവിധായക വാള്‍ട്ടര്‍ സാലസിന്‍റെ 'ഐ ആം സ്‌റ്റില്‍ ഹിയര്‍' എന്ന ചിത്രം പ്രദര്‍ശിപ്പിക്കും.
സംവിധായക പായല്‍ കപാടിയക്കാണ് ഇത്തവണത്തെ സ്‌പിരിറ്റ് ഓഫ് സിനിമ അവാര്‍ഡ്. സമാപന സമ്മേളനത്തിലാകും ഈ പുരസ്‌കാരം നല്‍കുക. 15 തിയേറ്ററുകളിലായി 68 രാജ്യങ്ങളില്‍ നിന്നുള്ള 177 സിനിമകളാകും 29-ാമത് രാജ്യാന്തര ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിക്കുക. ഇന്ന് (ഡിസംബര്‍ 13) മുതല്‍ ഡിസംബര്‍ 20 വരെ എട്ട് ദിവസം നീണ്ടുനില്‍ക്കുന്നതാണ് മേള.
സംവിധായകന്‍ ടികെ രാജീവ് കുമാര്‍ ക്യൂറേറ്ററാകുന്ന മേളയില്‍ മലയാള സിനിമ ടുഡേ, ഇന്ത്യന്‍ സിനിമ നൗ, ലോക സിനിമ, ഫെസ്‌റ്റിവല്‍ ഫേവറൈറ്റ്‌സ്, കണ്‍ട്രി ഫോക്കസ്, റെട്രോസ്‌പെക്‌ടീവ്, ദ ഫിമേല്‍ ഗേയ്‌സ്, ലാറ്റിനമേരിക്കന്‍ സിനിമ, കലൈഡോസ്‌കോപ്പ്, മിഡ്‌നൈറ്റ് സിനിമ, അനിമേഷന്‍, റീസ്‌റ്റോര്‍ഡ് ക്‌ളാസിക്‌സ്, ഹോമേജ് എന്നിങ്ങനെ വിവിധ വിഭാഗങ്ങളില്‍ 177 സിനിമകള്‍ പ്രദര്‍ശിപ്പിക്കും.
മേള നടക്കുന്ന തിയേറ്ററുകളില്‍ സജ്ജീകരിച്ചിട്ടുള്ള വേദികളില്‍ ഓപ്പണ്‍ ഫോറം, ഇന്‍ കോണ്‍വര്‍സേഷന്‍, മീറ്റ് ദ ഡയറക്‌ടര്‍, അരവിന്ദന്‍ സ്‌മാരക പ്രഭാഷണം, പാനല്‍ ഡിസ്‌കഷന്‍ എന്നിവയും ഉണ്ടാകും. 13,000 ലധികം ഡെലിഗേറ്റുകളും 100 ഓളം ചലച്ചിത്ര പ്രവര്‍ത്തകരും മേളയില്‍ പങ്കെടുക്കും.
തിയേറ്ററുകളില്‍ ആകെ സീറ്റിന്‍റെ 70 ശതമാനം റിസര്‍വേഷന്‍ ചെയ്‌തവര്‍ക്കും 30 ശതമാനം റിസര്‍വേഷന്‍ ഇല്ലാത്തവര്‍ക്കുമായാണ് പ്രവേശനം. മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ക്യൂ നില്‍ക്കാതെ തന്നെ തിയേറ്ററില്‍ പ്രവേശിക്കാം. ഡെലിഗേറ്റുകള്‍ക്കായി കെ.എസ്.ആര്‍.ടി.സിയുടെ രണ്ട് ഇലക്ട്രിക് ബസ്സുകളാകും പ്രദര്‍ശന വേദികളെ ബന്ധിപ്പിച്ച് സൗജന്യ സര്‍വീസ് നടത്തുക.
നാളെ വൈകിട്ട് ആറ് മണിക്ക് നിള തിയേറ്ററില്‍ മണ്‍മറഞ്ഞ ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് സ്‌മരണാജ്ഞലി അര്‍പ്പിക്കുന്ന ചടങ്ങും ഉണ്ടാകും. മേളയുടെ ഭാഗമായി നാളെ മുതല്‍ ഡിസംബര്‍ 19 വരെ വൈകിട്ട് 6.30ന് കലാസാംസ്‌കാരിക പരിപാടികളും സംഘടിപ്പിക്കും. പ്രധാന വേദിയായ ടാഗോര്‍ തിയേറ്ററില്‍ 'സിനിമാ ആല്‍ക്കെമി: എ ഡിജിറ്റല്‍ ആര്‍ട്ട് ട്രിബ്യൂട്ട്' എന്ന പേരില്‍ വിഖ്യാത ലോക ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് ആദരമര്‍പ്പിച്ച് കൊണ്ടു ഡിജിറ്റല്‍ ആര്‍ട്ട് എക്‌സിബിഷനും ഉണ്ടാകും.
മേളയില്‍ മികച്ച ചിത്രത്തിനുള്ള സുവര്‍ണ ചകോരത്തിന് അര്‍ഹമാവുന്ന സിനിമയ്ക്ക് 20 ലക്ഷം രൂപ ലഭിക്കും. രജത ചകോരത്തിന് അര്‍ഹമാവുന്ന സിനിമയുടെ സംവിധാനത്തിന് നാലു ലക്ഷം രൂപയും, രജതചകോരത്തിന് അര്‍ഹത നേടുന്ന നവാഗത സംവിധാന പ്രതിഭയ്ക്ക് മൂന്നു ലക്ഷം രൂപയും ലഭിക്കും. പ്രേക്ഷക പുരസ്‌കാരത്തിന് അര്‍ഹമാവുന്ന സിനിമയുടെ സംവിധാനത്തിന് രണ്ടു ലക്ഷം രൂപയും, കെആര്‍ മോഹനന്‍ എന്‍ഡോവ്‌മെന്‍റ് അവാര്‍ഡ് നേടുന്ന ഇന്ത്യയിലെ മികച്ച നവാഗത സംവിധാന പ്രതിഭയ്ക്ക് ഒരു ലക്ഷം രൂപയും ലഭിക്കും.
വിഖ്യാത ഫ്രഞ്ച് ഛായാഗ്രാഹക ആനിയസ് ഗൊദാര്‍ദ് ആണ് അന്താരാഷ്ട്ര മത്സര വിഭാഗത്തിന്‍റെ ജൂറി ചെയര്‍പേഴ്‌സണ്‍. ജോര്‍ജിയന്‍ സംവിധായിക നാനാ ജോജാദ്‌സി, ബൊളീവിയന്‍ സംവിധായകനും തിരക്കഥാകൃത്തുമായ മാര്‍ക്കോസ് ലോയ്‌സ, അര്‍മീനിയന്‍ സംവിധായകനും നടനുമായ മിഖായേല്‍ ഡോവ്‌ലാത്യന്‍, ആസാമീസ് സംവിധായകന്‍ മോഞ്ചുള്‍ ബറുവ എന്നിവരാണ് മറ്റ് ജൂറി അംഗങ്ങള്‍.
Also Read: IFFK ആദ്യ ദിനത്തില്‍ മാറ്റുരയ്‌ക്കാന്‍ 10 ചിത്രങ്ങള്‍ - IFFK FIRST DAY MOVIES 2024