ജസ്‌റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ പൊതു താൽപ്പര്യ ഹർജി. സിനിമ മേഖലയിലെ അതിക്രമവുമായി ബന്ധപ്പെട്ട കേസുകൾ സിബിഐയ്ക്ക് കൈമാറണമെന്നാണ് ആവശ്യം.
തന്ത്രപരമായി കുറ്റവാളികളെ രക്ഷിക്കുന്ന തരത്തിലാണ് പൊലീസ് അന്വേഷണം. ഹേമ കമ്മിറ്റി റിപ്പോർട്ടിന്‍റെ സമ്പൂർണ്ണ രൂപം സിബിഐയ്ക്ക് കൈമാറണം. സിനിമാ മേഖലയിലെ അതിക്രമങ്ങളിൽ സർക്കാരിന് ആത്മാർത്ഥതയും സത്യന്ധതയും ഇല്ലാത്ത സമീപനമെന്നും വാദം മുൻനിർത്തിയാണ് പൊതുതാൽപ്പര്യ ഹർജി.
ജസ്‌റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കൊച്ചിയിൽ പ്രാക്‌ടീസ് ചെയ്യുന്ന അഭിഭാഷകരാണ് ഹൈക്കോടതിയിൽ പൊതുതാൽപ്പര്യ ഹർജി നൽകിയത്. ഹർജി ആക്‌ടിംഗ് ചീഫ് ജസ്‌റ്റിസ് അടങ്ങിയ ഡിവിഷൻ ബഞ്ച് അടുത്ത ദിവസം പരിഗണിക്കും.
അതിനിടെ ലൈംഗിക പീഡന കേസിൽ നടൻ സിദ്ദീഖ് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യ ഹർജി നൽകി. അടിസ്ഥാനമില്ലാത്തതും നിലനില്‍ക്കാത്തതുമാണ് നടിയുടെ പരാതിയെന്ന് സിദ്ദിഖ്. പരാതിക്കാരി പൊലീസിന് നല്‍കിയ മൊഴിയില്‍ വ്യക്തതയില്ല. സംഭവത്തിന്‍റെ തീയതി അറിയില്ലെന്ന നടിയുടെ വാദം സംശയകരം. ബലാത്സംഗം ചെയ്‌തുവെന്ന വാദം തെറ്റെന്നും മുൻകൂർ ജാമ്യ ഹർജിയിൽ സിദ്ദിഖ് പറയുന്നു.
പരാതിക്കാരി സാധാരണക്കാരിയല്ല, പരാതിക്കാരിക്ക് മറ്റൊരു മുഖമുണ്ട്. പരാതിക്കാരിയുടെ നിലപാടുകളിലും പ്രസ്‌താവനകളിലും മൊഴിയിലും വൈരുദ്ധ്യമുണ്ട്. പരാതി നല്‍കാന്‍ ഇത്രയും വൈകിയതിന്‍റെ കാരണം ബോധ്യപ്പെടുത്തിയിട്ടില്ല. നടി മാധ്യമങ്ങളിലൂടെ നടത്തുന്നത് വ്യാജ പ്രചാരണമെന്നും സിദ്ദിഖ് മുൻകൂർ ജാമ്യ ഹർജിയിൽ വാദം ഉന്നയിച്ചിട്ടുണ്ട്. സിദ്ദിഖിന്‍റെ മുൻകൂർ ജാമ്യ ഹർജിയും ഹൈക്കോടതി നാളെ പരിഗണിക്കും.