കാസ്‌റ്റിംഗ് കൗച്ച് തടയുന്ന നടന്‍മാര്‍ക്കും സിനിമയില്‍ അവസരം നഷ്‌ടപ്പെടുമെന്ന് ഗോകുല്‍ സുരേഷ്. മലയാള സിനിമയില്‍ കാസ്‌റ്റിംഗ് കൗച്ച് തടഞ്ഞത് കൊണ്ട് തനിക്ക് അവസരങ്ങള്‍ നഷ്‌ടപ്പെട്ടുവെന്നാണ് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ സുരേഷ് പറയുന്നത്.
സ്‌ത്രീകള്‍ക്ക് മാത്രമാണ് ദുരനുഭവം ഉണ്ടാകുന്നതെന്ന് കരുതരുത്, കാസ്‌റ്റിംഗ് കൗച്ച് തടയുന്ന നടന്‍മാര്‍ക്കും സിനിമ നഷ്‌ടപ്പെടും. അത്തരത്തില്‍ തനിക്കൊരു അനുഭവം ഉണ്ടായിട്ടുണ്ടെന്നും ഗോകുല്‍ സുരേഷ് പറഞ്ഞു. നടന്‍ നിവിന്‍ പോളിക്കെതിരായ പീഡന ആരോപണം വ്യാജമെന്ന റിപ്പോര്‍ട്ടില്‍ പ്രതികരണം ചോദിച്ച മാധ്യമങ്ങളോടുള്ള ഗോകുല്‍ സുരേഷിന്‍റെ മറുപടിയായിരുന്നു ഇത്.
'ഇവിടെ ഒരു ജെന്‍ഡറിന് മാത്രമാണ് ഇത് ബാധിക്കപ്പെടുന്നതെന്ന് പറയാനാകില്ല. കാസ്‌റ്റിംഗ് കൗച്ചിനെ തടയുന്ന ഒരു നടനും സിനിമ നഷ്‌ടപ്പെടാം. അതിന് സമാനമായ അവസ്ഥയിലൂടെ ഞാനും പോയിട്ടുണ്ട്. എന്‍റെ തുടക്കകാലത്തായിരുന്നു. അതൊന്നും ചര്‍ച്ച ചെയ്യാന്‍ താല്‍പ്പര്യമില്ല.
പക്ഷേ കാസ്‌റ്റിംഗ് കൗച്ചിന് പ്രേരിപ്പിച്ച ആളെ തക്കതായ രീതിയില്‍ ഞാന്‍ കൈകാര്യം ചെയ്‌തു. അതുകൊണ്ട് എനിക്കാ സിനിമ നഷ്‌ടപ്പെട്ടു. ഇതില്‍ നടിമാര്‍ മാത്രമല്ല, നടന്‍മാരും ബാധിക്കപ്പെടുന്നുണ്ട്. ഇതിനൊക്കെ രണ്ട് തലങ്ങളുണ്ട്.
സാധാരണ ആളുകള്‍ക്ക് ഇതൊക്കെ എത്രത്തോളം മനസ്സിലാകണം എന്നില്ല. സോഷ്യല്‍ മീഡിയ വിളമ്പുന്നതാകും സാധാരണ ജനങ്ങള്‍ക്ക് മനസ്സിലാക്കുന്നത്. അതുകൊണ്ട് സിനിമ മേഖലയോടുള്ള കാഴ്‌ച്ചപ്പാടെല്ലാം പെട്ടെന്ന് മാറിമറിയാം.' -ഗോകുല്‍ സുരേഷ് പറഞ്ഞു.
Also Read: 'ലെഫ്‌റ്റില്‍ നിന്‍റെ തന്തയും റൈറ്റില്‍ എന്‍റെ തന്തയും'; മറുപടി വൈറല്‍