സംഗീത സംവിധായകൻ ഇളയരാജയ്‌ക്കെതിരെ നടത്തിയ വിവാദ പ്രസ്‌താവനയിൽ ഗാനരചയിതാവും കവിയുമായ വൈരമുത്തുവിന് മുന്നറിയിപ്പ് നൽകി മുതിർന്ന സംഗീതജ്ഞൻ ഗംഗൈ അമരൻ. സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച വീഡിയോ സന്ദേശത്തിലൂടെയാണ് ഇളയരാജയുടെ ഇളയ സഹോദരൻ കൂടിയായ ഗംഗൈ അമരൻ വൈരമുത്തുവിന് മറുപടി നൽകിയത്. ഇളയരാജയ്‌ക്കെതിരായ വിദ്വേഷ പ്രസംഗം ഉടൻ അവസാനിപ്പിക്കണമെന്നും അല്ലാത്തപക്ഷം തുടർനടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സിനിമാഗാനങ്ങളുടെ പകർപ്പവകാശ വിവാദത്തിൽ ഇളയരാജയ്‌ക്കെതിരെ വൈരമുത്തു നടത്തിയ പരാമർശങ്ങളാണ് വിവാദങ്ങൾക്ക് വഴിവച്ചത്. ഒരു ഗാനത്തിന്‍റെ ഈണത്തെപ്പോലെ തന്നെ വരികൾക്കും പ്രധാന്യമുണ്ടെന്നും ബുദ്ധിയുള്ളവർക്ക് ഇത് അറിയാമെന്നും ആയിരുന്നു വൈരമുത്തുവിന്‍റെ പ്രസ്‌താവന. 'പടിക്കാത്ത പടങ്ങൾ' ഓഡിയോ ലോഞ്ചിന് മുഖ്യാതിഥിയായി എത്തിയപ്പോഴാണ് വൈരമുത്തു ഇത്തരത്തിൽ പരാമർശം നടത്തിയത്.
വരികളും സംഗീതവും ഇല്ലാതെ ഒരു ഗാനവും ഉണ്ടാകുന്നില്ലെന്ന് വൈരമുത്തു പറഞ്ഞു. അതിനാൽ, സംഗീതത്തിന്‍റെയും വരികളുടെയും കാര്യത്തിൽ ഒന്ന് മറ്റൊന്നിനേക്കാൾ വലുതല്ലെന്നും വൈരമുത്തു അഭിപ്രായപ്പെട്ടു. അടുത്തിടെ പകർപ്പവകാശത്തിന്‍റെ പേരിൽ ഇളയരാജയും സംഗീത കമ്പനിയും തമ്മിലുള്ള തർക്കം സംബന്ധിച്ച കേസ് പരിഗണിച്ച മദ്രാസ് ഹൈക്കോടതി, വരികളും പ്രധാനപ്പെട്ടതാണെന്ന് ചൂണ്ടിക്കാട്ടിയിരുന്നു.
ഈണം നൽകിയതിന്‍റെ പേരിൽ പാട്ടിനുമേൽ ഇളയരാജയ്‌ക്ക് പൂർണ അവകാശം ഉന്നയിക്കാൻ സാധിക്കില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് 'പടിക്കാത്ത പടങ്ങൾ' സിനിമയുടെ ഗാനങ്ങൾ റിലീസ് ചെയ്യുന്ന ചടങ്ങിൽ ഇളയരാജയെ വൈരമുത്തു വിമർശിച്ചത്.
അതേസമയം ഇളയരാജ സംഗീതം നൽകിയ ഗാനങ്ങൾക്ക് വരികൾ എഴുതിയത് കൊണ്ടാണ് വൈരമുത്തു പ്രശസ്‌തനായതെന്ന് ഗംഗൈ അമരൻ പറയുന്നു. വൈരമുത്തു കഴിവുള്ള ഗാനരചയിതാവ് ആണെങ്കിലും എപ്പോഴും മറ്റൊരാളോട് അസൂയപ്പെടുന്നതിനാൽ ഒരിക്കലും ഒരു നല്ല മനുഷ്യനല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വൈരമുത്തുവിന് ഇളയരാജയോട് നന്ദിയില്ലെന്നും ഗംഗൈ അമരൻ ആരോപിച്ചു. ഇളയരാജയാണ് വൈരമുത്തുവിന്‍റെ കരിയർ വളരാൻ കാരണമായതെന്നും ഗംഗൈ അമരൻ പറഞ്ഞു. ഇളയരാജയ്‌ക്ക് നേരായ വിദ്വേഷ പ്രസംഗം ഉടൻ അവസാനിപ്പിക്കണമെന്നും അല്ലാത്തപക്ഷം തുടർനടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാൽ ഗംഗൈ അമരന്‍റെ മുന്നറിയിപ്പ് അവഗണിച്ച് വൈരമുത്തു ഇളയരാജയ്‌ക്കെതിരായ പരോക്ഷ ആക്രമണം തുടരുകയാണ്. 'ഫൈൻഡർ' മുവി ടീമിനെ അഭിനന്ദിച്ചുകൊണ്ടുള്ള തന്‍റെ സോഷ്യൽ മീഡിയ പോസ്റ്റിൽ, വരികളാണ് ഒരു ഗാനത്തിന്‍റെ ശക്തിയെന്നും തന്‍റെ പ്രസ്‌താവനയിൽ ഉറച്ചുനിൽക്കുന്നതായും വൈരമുത്തു പറഞ്ഞു.
ALSO READ: 'എന്‍റെ മാസ് ഡയലോഗുകൾ ഏൽക്കില്ലെന്നാണ് ഇവർ പറഞ്ഞത്'; നിവിൻ പോളിയുടെ 'മലയാളി ഫ്രം ഇന്ത്യ' ഇന്നുമുതൽ