നിരവധി രാജ്യാന്തര മേളകളിൽ പങ്കെടുത്തിട്ടുണ്ടെങ്കിലും ഐ.എഫ്.എഫ്.കെയുടേത് പോലുള്ള പ്രേക്ഷക പങ്കാളിത്തം എവിടെയും കണ്ടിട്ടില്ലെന്നും ഇതാണു മേളയെ വ്യത്യസ്തമാക്കുന്നതെന്നും പ്രശസ്‌ത ഫ്രഞ്ച് ഛായാഗ്രാഹകയും 29-ാമത് ഐഎഫ്എഫ്കെ ജൂറി ചെയർപേഴ്‌സണുമായ ആഗ്‌നസ് ഗൊദാർദ്. കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ ഓപ്പൺ ഫോറത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവർ.
പ്രേക്ഷകരും ചലച്ചിത്രകാരൻമാരും തമ്മിൽ ആഴത്തിലുള്ള ബന്ധമുണ്ടാക്കാൻ ഐ.എഫ്.എഫ്.കെയിൽ നടക്കുന്ന ശ്രമങ്ങൾ പ്രശംസനീയമാണ്. ഓപ്പൺ ഫോറവും മീറ്റ് ദ ഡയറക്ടേഴ്‌സും അടക്കം ഇതിനായുള്ള ശ്രമങ്ങൾ ഏറെ ഇഷ്ടപ്പെട്ടെന്നും ഗൊദാർദ് പറഞ്ഞു. നിർമിക്കപ്പെടുന്ന സിനിമകളുടെ എണ്ണത്തിൽ ലോകത്തുതന്നെ മുൻപന്തിയിൽ നിൽക്കുന്ന ഇന്ത്യയിലെ ഒരു മേളയിലേക്ക് ക്ഷണിക്കപ്പെട്ടതിൽ ഏറെ സന്തോഷമുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
പത്രപ്രവർത്തക ജോലിയും അച്ഛന്‍റെ ഫോട്ടോഗ്രഫിയും സിനിമാ ജീവിതത്തെ ആഴത്തിൽ സ്വാധീനിച്ചതായി ആഗ്‌നസ് ഗൊദാർദ് അഭിപ്രായപ്പെട്ടു. മേളയുടെ ഭാഗമായി രണ്ടാം ദിനം നിളാ തിയറ്ററിൽ നടന്ന ഇൻ കോൺവർസേഷൻ പരിപാടിയിൽ നിരൂപക നന്ദിനി രാംനാഥുമായി സംവദിക്കുകയായിരുന്നു ആഗ്‌നസ്.
വിഖ്യാത ചലച്ചിത്രകാരി ക്ലയർ ഡെന്നീസുമായി ദീർഘകാലം നീണ്ട ചലച്ചിത്ര സഹകരണം മികച്ച അനുഭവമായിരുന്നു. ഈ സഹകരണത്തിലൂടെ പ്രേഷകശ്രദ്ധയും നിരൂപകപ്രശംസയും നേടിയ നിരവധി ചിത്രങ്ങളുണ്ടായി. ബ്യൂ ട്രവയിൽ സിനിമാജീവിതത്തിലെ നാഴികകല്ലാണ്. ദൃശ്യങ്ങളുപയോഗിച്ച് കഥ പറയാനുള്ള താത്പര്യമാണ് തന്നെ സിനിമാലോകത്തെത്തിച്ചത്. അതുകൊണ്ടുതന്നെ സിനിമയിലെ ഛായാഗ്രഹണ ജോലി അർപ്പണ ബോധത്തോടെ ചെയ്യാൻ കഴിയുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ഫിലിം മാർക്കറ്റ് എന്ന ആശയം മികച്ചതാണ്. പ്രേഷകശ്രദ്ധ കൊണ്ടും ചിത്രങ്ങളുടെ നിലവാരം കൊണ്ടും മികച്ചു നിൽക്കുന്ന കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ ചിത്രങ്ങളെ ആഗോള സിനിമാവിപണിയുമായും മേളകളുമായും സഹകരിക്കാൻ ഇതു സഹായിക്കുന്നുണ്ട്. പുതിയ സാധ്യതകളും സാങ്കേതിക വിദ്യകളും സർഗാത്മകതയുടെ അതിരുകൾ ഭേദിക്കാൻ യുവതയെ സഹായിക്കുന്നുണ്ട്. ആൾ വി ഇമേജിൻ ആസ് എ ലൈറ്റ് എന്ന സിനിമ സൂക്ഷ്മതയുള്ള കഥ പറച്ചിലിന്റെ മികച്ച ഉദാഹരണമാണെന്നും ആഗ്‌നസ് ഗൊദാർദ് അഭിപ്രായപ്പെട്ടു.
സുന്ദരവും സർഗാത്മകവുമായ വേദികളാണ് ഓരോ ഓപ്പൺ ഫോറങ്ങളുമെന്നും അതിവിപുലമായ ജനാധിപത്യത്തിന്‍റെ ഇടങ്ങളാണ് അവയെന്നും ചടങ്ങിൽ പങ്കെടുത്ത ചലച്ചിത്ര അക്കാദമി ചെയർമാർ പ്രേംകുമാർ പറഞ്ഞു. ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റി കേരള ഘടകത്തിന്റെ വൈസ് പ്രസിഡന്റ് ടി.വി. ചന്ദ്രൻ, ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയ് തുടങ്ങിയവരും പങ്കെടുത്തു. നിരൂപകനും ഗവേഷകനുമായ നിസാം അസഫ് ആദ്യ ഓപ്പൺ ഫോറത്തിൽ മോഡറേറ്ററായി. ചലച്ചിത്രോത്സവത്തിന്റെ മുഖ്യ വേദിയായ ടാഗോർ തിയേറ്റർ പരിസരത്തെ വേദിയിൽ വൈകുന്നേരങ്ങളിൽ അഞ്ചു മുതൽ ആറു വരെയാണ് ഓപ്പൺ ഫോറങ്ങൾ നടക്കുക.
Also Read:25 വർഷത്തെ സ്വപ്‌ന സാക്ഷാത്കരവുമായി 'ഗേള്‍ഫ്രണ്ട്സ്' ഇന്ന് ഐഎഫ്എഫ്കെയില്‍