എറണാകുളം : സിനിമ-സീരിയൽ സംവിധായകനും തിരക്കഥാകൃത്തും എഴുത്തുകാരനുമായ ബിജു വട്ടപ്പാറ കുഴഞ്ഞുവീണ് മരിച്ചു. 54 വയസായിരുന്നു. കേസിന്‍റെ ആവശ്യാർഥം മൂവാറ്റുപുഴയിൽ അഭിഭാഷകനെ കാണാനെത്തിയപ്പോൾ കുഴഞ്ഞുവീഴുകയായിരുന്നു. ബിജുവിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സുരേഷ് ഗോപി നായകനായ 'രാമരാവണൻ', ഗിന്നസ് പക്രു നായകനായ 'സ്വന്തം ഭാര്യ സിന്ദാബാദ്' തുടങ്ങിയ സിനിമകൾ സംവിധാനം ചെയ്‌തിട്ടുണ്ട്. കലാഭവൻ മണി നായകനായ 'ലോകനാഥൻ ഐഎഎസ്', 'കളഭം' എന്നിവയാണ് തിരക്കഥ രചിച്ച സിനിമകൾ. 'ചക്കരവാവ, വെളുത്ത കത്രീന, ശംഖുപുഷ്‌പം' എന്നീ നോവലുകളും ബിജു വട്ടപ്പാറ രചിച്ചു. നോവലുകൾ പിന്നീട് സീരിയലുകളായി.
കേരള ഗ്രന്ഥശാല സംഘം സംസ്ഥാന കൗൺസിൽ അംഗം കൂടിയായിരുന്ന ബിജുവിന്‍റെ 'ഇടവഴിയും തുമ്പപ്പൂവും' എന്ന കവിതാസമാഹാരം കടവനാട് കുട്ടികൃഷ്‌ണൻ സാഹിത്യ പുരസ്‌കാരം നേടിയിരുന്നു. ഇദ്ദേഹത്തിന് ഫിലിം ക്രിട്ടിക്‌സ് അവാർഡും ലഭിച്ചിട്ടുണ്ട്. മൃതദേഹം മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയിൽ. ഒക്കൽ വട്ടപ്പാറ വീട്ടിൽ രവിയുടെ (ദേവൻ) മകനാണ്. മകൾ : ദേവനന്ദന. സംസ്‌കാരം പിന്നീട്.