ഹൈദരാബാദ്: ജീവിതത്തിലെ എല്ലാ നിമിഷങ്ങളും തന്‍റെ ആരാധകര്‍ക്കായി പങ്കുവെക്കുന്ന താരമാണ് ബോളീവുഡ് നടന്‍ അനുപം ഖേര്‍. തെരുവിൽ ചീപ്പ് വിൽക്കുന്ന ഒരു കച്ചവടക്കാരനുമായുണ്ടായ രസകരമായ ഒരു മനോഹര നിമിഷം ഇന്‍സ്റ്റഗ്രാമിലൂടെ ഷെയര്‍ ചെയ്‌തിരിക്കുകയാണ് താരം.
'തനിക്ക് ചീപ്പ് ആവശ്യമുണ്ടായിരുന്നില്ല. എന്നാല്‍ വഴിയോരക്കച്ചവടക്കാരന്‍റെ ജന്മദിനമായതിനാൽ അത് വാങ്ങിക്കുകയും വില്‍പ്പനക്കാരനെ സന്തോഷിപ്പിക്കുകയും ചെയ്‌തു. ഇതായിരുന്നു താരത്തിന്‍റെ പുതിയ പോസ്റ്റ് (Anupam Kher Buys Comb from Street Seller).
ഇൻസ്റ്റാഗ്രാമിൽ വീഡിയോക്ക് അനുപം ഖേര്‍ ഇങ്ങനെ കുറിപ്പുമെഴുതി, 'Bald And Beautiful....മുംബൈയിലെ രസകരമായ ഒരു ഏറ്റുമുട്ടൽ: മുംബൈയിലെ തെരുവുകളിൽ രാജു ചീപ്പ് വിൽക്കുകയാണ്. എനിക്ക് ഒരിക്കലും ചീപ്പ് വാങ്ങാൻ ഒരു കാരണവുമില്ല. കാരണം ഞാന്‍ മൊട്ടത്തലയാണ്. പക്ഷേ അന്ന് അദ്ദേഹത്തിന്‍റെ ജന്മദിനമായിരുന്നു. ഞാൻ ഒരെണ്ണം വാങ്ങിയാൽ അതൊരു നല്ല തുടക്കമാകുമെന്ന് അയാൾക്ക് തോന്നി. അദ്ദേഹത്തിന്‍റെ പുഞ്ചിരി ഏവര്‍ക്കും പ്രചോദനമാണ്. നിങ്ങൾ അദ്ദേഹത്തെ എപ്പോഴെങ്കിലും കണ്ടാൽ ദയവായി അദ്ദേഹത്തിന്‍റെ കൈയില്‍ നിന്നും ചീപ്പുകൾ വാങ്ങൂ. നിങ്ങൾക്ക് മുടി ഉണ്ടെങ്കിലും ഇല്ലെങ്കിലും സാരമില്ല. നിങ്ങളുടെ ചെറിയ സഹായം ആ ജിവിതം മനോഹരമാക്കും.'
ചീപ്പ് വാങ്ങാൻ അനുപമിന് ആദ്യം മടിയുണ്ടായിരുന്നെങ്കിലും വിൽപ്പനക്കാരൻ നിർബന്ധിച്ചു. അങ്ങനെ ഒരു ചീപ്പിനായി നടൻ 400 രൂപ രാജുവിന് കൈമാറി. അത് വിൽപ്പനക്കാരന്‍റെ മുഖത്ത് വിശാലമായ പുഞ്ചിരി കൊണ്ടുവന്നു.
നടൻ ചീപ്പ് വാങ്ങിയതോടെ ഇനി കച്ചവടം കൂടുതല്‍ ഉഷാറാകുമെന്നാണ് രാജു പറയുന്നത്. ബാന്ദ്രയിൽ നിന്ന് അന്ധേരിയിലേക്ക് നടന്നാണ് രാജു ചീപ്പുകൾ വിൽക്കാൻ പോകുന്നത്. വീഡിയോ ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. നിരവധി പേരാണ് താരത്തിന്‍റെ പ്രവര്‍ത്തിയെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുന്നത്.