ടോളിവുഡിലെ ഏറ്റവും ജനപ്രിയ താരങ്ങളില്‍ ഒരാളാണ് നന്ദമുരി ബാലകൃഷ്‌ണ. കരിയറില്‍ ബാക്ക് ടു ബാക്ക് ഹിറ്റുകള്‍ സമ്മാനിച്ച താരത്തെ ബാലയ്യ എന്നാണ് ആരാധകര്‍ സ്‌നേഹപൂര്‍വ്വം വിളിക്കുക. നിരവധി ബോക്‌സ് ഓഫീസ് റെക്കോർഡുകൾ തകർത്ത നന്ദമുരി ചിത്രമാണ് 'അഖണ്ഡ'.
ഇപ്പോഴിതാ ബാലയ്യയുടെ സൂപ്പര്‍ഹിറ്റ് ചിത്രം 'അഖണ്ഡ'യ്‌ക്ക് രണ്ടാം ഭാഗം ഒരുങ്ങുകയാണ്. 'സിംഹ', 'ലെജൻഡ്', 'അഖണ്ഡ' എന്നീ ഹാട്രിക് ബ്ലോക്ക്ബസ്‌റ്ററുകള്‍ക്ക് ശേഷം നന്ദമൂരി ബാലകൃഷ്‌ണയും സംവിധായകൻ ബോയപതി ശ്രീനുവും ഒന്നിക്കുന്ന ചിത്രം കൂടിയാണ് 'അഖണ്ഡ 2'.
സിനിമയുടെ പൂജാ ചടങ്ങും ടൈറ്റില്‍ ലോഞ്ചും നടന്നു. സിമിമയുടെ ചിത്രീകരണം ഉടൻ ആരംഭിക്കും. നിര്‍മ്മാതാക്കള്‍ സിനിമയുടെ ടൈറ്റിൽ പോസ്‌റ്ററും പുറത്തുവിട്ടു. ആത്‌മീയ ഘടകങ്ങളെ ഉൾക്കൊള്ളിച്ച് കൊണ്ടുള്ളതാണ് 'അഖണ്ഡ 2'ന്‍റെ ടൈറ്റില്‍ പോസ്‌റ്റര്‍.
താണ്ഡവം എന്ന ടാഗ്‌ലൈനോടു കൂടിയാണ് ടൈറ്റില്‍ പോസ്‌റ്റര്‍ പുറത്തിറങ്ങിയിരിക്കുന്നത്. ടൈറ്റിൽ ഫോണ്ടിൽ ദിവ്യ പ്രാധാന്യത്തെ പ്രതിനിധാനം ചെയ്യുന്ന ഒരു ക്രിസ്‌റ്റൽ ലിംഗവും ശിവലിംഗവും ഉണ്ട്. പശ്‌ചാത്തലത്തിൽ ഹിമാലയവും കാണാൻ സാധിക്കും.
ഇതിഹാസ സമാനമായ സിനിമാനുഭവം വാഗ്‌ദാനം ചെയ്യുന്നതാകും 'അഖണ്ഡ 2' എന്ന സൂചനയാണ് ടൈറ്റിൽ പോസ്‌റ്റർ നൽകുന്നത്. സംവിധായകന്‍ ബോയപതി ശ്രീനു തന്നെയാണ് 'അഖണ്ഡ 2'ന്‍റെ രചനയും നിര്‍വ്വഹിച്ചിരിക്കുന്നത്.
ബാലകൃഷ്‌ണയുടെയും ബോയപതി ശ്രീനുവിന്‍റെയും ആദ്യ പാൻ ഇന്ത്യന്‍ ചിത്രം കൂടിയാണിത്. 14 റീൽസ് പ്ലസ് ബാനറിൽ രാം അചന്തയും ഗോപിചന്ദ് അചന്തയും ചേർന്നാണ് സിനിമയുടെ നിര്‍മ്മാണം. എം തേജസ്വിനി നന്ദമൂരിയാണ് ചിത്രം അവതരിപ്പിക്കുന്നത്.
സി രാംപ്രസാദ്, സന്തോഷ് ഡി ദേതാകെ എന്നിവര്‍ ചേര്‍ന്നാണ് ഛായാഗ്രഹണം. തമ്മിരാജു ചിത്രസംയോജനവും നിര്‍വ്വഹിക്കുന്നു. തമൻ എസ് സംഗീതവും ഒരുക്കും. കല - എഎസ്. പ്രകാശ്, മാർക്കറ്റിംഗ് - ഫസ്‌റ്റ് ഷോ, പിആർഒ - ശബരി എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറപ്രവര്‍ത്തകര്‍.