'കെക്യു' എന്ന മലയാള സിനിമയിലൂടെ വെള്ളിത്തിരയില്‍ എത്തിയ നടനാണ് ആൻസണ്‍ പോൾ. 'കലാ വിപ്ലവം പ്രണയം', 'ആട് 2', 'റെമോ', 'എബ്രഹാമിന്‍റെ സന്തതികൾ' തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ ആൻസണ്‍ പോൾ മലയാളികളുടെ മനസ്സിൽ ഇടം പിടിച്ചു. റിലീസിനൊരുങ്ങുന്ന ഉണ്ണി മുകുന്ദൻ ചിത്രം 'മാർക്കോ'യില്‍ ശക്തമായൊരു കഥാപാത്രത്തെ ആൻസണ്‍ പോൾ അവതരിപ്പിക്കുന്നുണ്ട്.
ഇപ്പോഴിതാ തന്‍റെ സിനിമാ ജീവിതാനുഭവങ്ങൾ ഇടിവി ഭാരതിനോട് പങ്കുവെച്ചിരിക്കുകയാണ് ആൻസണ്‍ പോൾ. 'മാർക്കോ'യില്‍ നായകനാകേണ്ടിയിരുന്നത് താനായിരുന്നു എന്നാണ് ആൻസണ്‍ പോൾ വെളിപ്പെടുത്തിയിരിക്കുന്നത്.
"നമുക്കറിയാം, നിവിൻ പോളി നായകനായ മിഖായേൽ എന്ന ചിത്രത്തിലെ ഉണ്ണിമുകുന്ദന്‍റെ മാർക്കോ എന്ന കഥാപാത്രത്തിന്‍റെ സ്‌പിന്‍ ഓഫ് ചിത്രമാണ് മാർക്കോ. ഹനീഫ് അദേനി തിരക്കഥ രചിച്ച എബ്രഹാമിന്‍റെ സന്തതികൾ എന്ന സിനിമയില്‍ മമ്മൂക്കയോടൊപ്പം തുല്യ പ്രാധാന്യമുള്ള കഥാപാത്രമായിരുന്നു ഞാൻ കൈകാര്യം ചെയ്‌തിരുന്നത്. അതിന് ശേഷമാണ് മിഖായേൽ സംഭവിക്കുന്നത്. ഹനീഫ് അദേനി ആയിരുന്നു ആ സിനിമയുടെ സംവിധായകൻ.
മിഖായേലിലെ മാർക്കോ എന്ന കഥാപാത്രത്തിന് വേണ്ടി സിനിമയുടെ അണിയറ പ്രവർത്തകർ ഉണ്ണിമുകുന്ദനെ തീരുമാനിക്കുന്നു. എന്തെങ്കിലും കാരണത്താല്‍ ഉണ്ണി മുകുന്ദൻ ആ കഥാപാത്രം ചെയ്യില്ലെന്ന് പറഞ്ഞാൽ ആ വേഷം ചെയ്യേണ്ടിയിരുന്നത് ഞാനായിരുന്നു. അങ്ങനെയെങ്കിൽ ഇപ്പോൾ മാർക്കോ എന്ന സിനിമയിലെ നായകൻ ഞാന്‍ ആയേനെ. പക്ഷേ സിനിമയാണ്, ഇവിടെ എന്തും സംഭവിക്കാം." -ആൻസണ്‍ പോൾ പറഞ്ഞു.
ഹനീഫ് അദേനിക്കൊപ്പമുള്ള ആന്‍സണിന്‍റെ രണ്ടാമത്തെ ചിത്രമാണ് 'മാര്‍ക്കോ'. മലയാളത്തിലെ ഏറ്റവും വയലൻസ് നിറഞ്ഞ ചിത്രം എന്ന ടാഗ് ലൈനോട് കൂടിയാണ് മാർക്കോ റിലീസിനെത്തുക. ആക്ഷന് പ്രാധാന്യമുള്ള ചിത്രമാണ് ഇതെന്നും ആന്‍സണ്‍ പറഞ്ഞു.
"മർമ്മപ്രധാനമായ ഒരു കഥാപാത്രം തന്നെ ഞാൻ ഈ സിനിമയിൽ കൈകാര്യം ചെയ്യുന്നുണ്ട്. ഹനീഫ് അദേനിക്കൊപ്പം പ്രവർത്തിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. എനിക്കും ചിത്രത്തിൽ നിരവധി ആക്ഷൻ രംഗങ്ങളുണ്ട്. ആക്ഷന്‍റെ അതിപ്രസരമാണ് സിനിമ മുഴുവൻ. ആക്ഷന് രംഗങ്ങൾ ചെയ്യുന്നതിനിടയിൽ ഉണ്ണിമുകുന്ദന് ധാരാളം അപകടങ്ങൾ സംഭവിച്ചിരുന്നു. അദ്ദേഹത്തിന്‍റെ ദേഹം മുഴുവൻ മുറിപ്പാടുകളാണ്. ഭാഗ്യം കൊണ്ട് എനിക്ക് വലിയ അപകടങ്ങൾ ഒന്നും സെറ്റിൽ സംഭവിച്ചില്ല.
മാർക്കോ മലയാള സിനിമയുടെ ഒരു ബെഞ്ച് മാർക്ക് ആയി മാറുക തന്നെ ചെയ്യും. നമുക്കും കെജിഎഫ് പോലൊരു ചിത്രം ഇല്ലല്ലോ എന്ന് നിരാശപ്പെടുന്നവർക്കുള്ള മറുപടിയാകും മാർക്കോ. സിനിമയുടെ ചിത്രീകരണത്തിന്‍റെ മുക്കാൽ ഭാഗം ദിവസങ്ങളിലും ആക്ഷൻ രംഗങ്ങളാണ് ചിത്രീകരിച്ചത്. ആക്ഷൻ സിനിമകൾ ചെയ്യാൻ ഇഷ്‌ടപ്പെടുന്ന ആക്ഷൻ ചെയ്യാൻ ഇഷ്‌ടപ്പെടുന്ന ഒരുപാട് അഭിനേതാക്കൾക്കുള്ള പ്രചോദനമാണ് നടൻ ഉണ്ണി മുകുന്ദൻ." -ആൻസണ്‍ പോൾ കൂട്ടിച്ചേര്‍ത്തു.
മഴയിൽ നനയ്‌കിരേൻ വിശേഷങ്ങളും ആന്‍സണ്‍ പോള്‍ പങ്കുവച്ചു. ഈ സിനിമയിലൂടെ ആന്‍സണ്‍ ആദ്യമായാണ് ഒരു പ്രണയ നായകനായി മുഴുനീള ചിത്രത്തിൽ തമിഴിൽ വേഷമിടുന്നത്.
"ഒരു പ്രണയ നായകനാകുന്നു എന്നൊരു പ്രത്യേകത മഴയിൽ നനയ്‌കിരേൻ എന്ന തമിഴ് ചിത്രത്തിനുണ്ട്. ആദ്യമായാണ് ഒരു പ്രണയ നായകനായി മുഴുനീള ചിത്രത്തിൽ തമിഴിൽ വേഷമിടുന്നത്. ഒരു കാലഘട്ടത്തില്‍ ഇളയരാജയുടെ സംഗീതവും പിസി ശ്രീറാമിന്‍റെ ഛായാഗ്രഹണ മികവും കൊണ്ട് സമ്പന്നമായ ലൗ സ്‌റ്റോറി സിനിമകളെ ഓർമിപ്പിക്കുന്ന തരത്തിലാണ് മഴയിൽ നനയ്‌കിരേൻ പ്രേക്ഷകരിലേക്ക് എത്തുക.
ഈ സിനിമയില്‍ സംഗീതത്തിന് വളരെയധികം പ്രാധാന്യമുണ്ട്. എആർ റഹ്‌മാന്‍ സാറിന്‍റെ ശിഷ്യനായിരുന്ന വിഷ്‌ണുവാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. നടി കനിഹയുടെ അടുത്ത സുഹൃത്താണ് സിനിമയുടെ നിർമ്മാതാവ് രാജേഷ്. കനിഹയാണ് എന്നെ രാജേഷിന് പരിചയപ്പെടുത്തുന്നത്. ഞാൻ പഠിച്ചതും വളർന്നതുമൊക്കെ ചെന്നൈയില്‍ ആയിരുന്നത് കൊണ്ട് ഒരു തമിഴ് സിനിമയിൽ നായകനാകാൻ വലിയ ബുദ്ധിമുട്ടുണ്ടായില്ല.
ഈ ചിത്രം, ചെന്നൈ ഇന്‍റര്‍നാഷണൽ ഫിലിം ഫെസ്‌റ്റിവലില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ലോക്ക് ഡൗൺ സമയത്തായിരുന്നു സിനിമയുടെ ചിത്രീകരണം. നിരവധി ഒടിടി അവസരങ്ങൾ ഉണ്ടായിട്ടും ഈ സിനിമ തിയേറ്ററിൽ തന്നെ റിലീസ് ചെയ്യണം എന്നുള്ളത് ഞങ്ങളുടെ ഒരു വാശിയായിരുന്നു. അതിന്‍റെ അടിസ്ഥാനത്തിലാണ് ഡിസംബർ 12ന് മഴയിൽ നനയ്‌കിരേൻ തിയേറ്ററിൽ എത്തുന്നത്."-ആൻസണ്‍ പോൾ വ്യക്‌തമാക്കി.
താന്‍ ഇതുവരെ ചെയ്‌തിട്ടുള്ള കഥാപാത്രങ്ങളെല്ലാം പ്രിയപ്പെട്ടതാണെങ്കിലും 'ആട് 2'വിലെ അണലി സാബുവിനോട് പ്രേക്ഷകർക്ക് ഒരല്‍പ്പം ഇഷ്‌ടക്കൂടുതല്‍ ഉണ്ടെന്നാണ് തനിക്ക് തോന്നുന്നതെന്ന് ആന്‍സണ്‍. താന്‍ അണലി സാബു എന്ന കഥാപാത്രമായി മാറിയതിനെ കുറിച്ചും ആൻസണ്‍ പോൾ വിശദമാക്കി.
"ഞാന്‍ അതുവരെയും ചെയ്‌തിരുന്ന കഥാപാത്രങ്ങളിൽ നിന്നും തികച്ചും വിഭിന്നമായിരുന്നു 'ആട് 2'വിലെ അണലി സാബു. പ്രത്യേകിച്ച് ലുക്ക്. നിരവധി വേഷ പകർച്ചകളിലൂടെ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിക്കുക എന്നുള്ളത് തന്നെയാണ് ഒരു അഭിനേതാവ് എന്നുള്ള നിലയിൽ എന്‍റെ വിജയം. അങ്ങനെ നോക്കുകയാണെങ്കിൽ അണലി സാബു കരിയറിലെ മികച്ച വേഷങ്ങളിൽ ഒന്നാണ്.
ഞാൻ നായകനായ കലാ വിപ്ലവം പ്രണയം എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോള്‍ ആയിരുന്നു ആട് 2 ചിത്രീകരണം ആരംഭിക്കുന്നത്. 'കലാ വിപ്ലവം പ്രണയം' എന്ന സിനിമയിൽ എന്നോടൊപ്പം അഭിനയിക്കുന്ന സൈജു കുറിപ്പ്, ബിജുക്കുട്ടൻ, ധർമ്മജൻ ബോൾഗാട്ടി, ഇന്ദ്രൻസ് തുടങ്ങിയവരെല്ലാം 'ആട് 2'വിന്‍റെയും ഭാഗമാണ്. ഇവരെല്ലാം ആട് 2വിന്‍റെ ഷൂട്ടിംഗിക്ക് പോയി കഴിഞ്ഞാൽ പിന്നെ എനിക്ക് സെറ്റിൽ വേറെ പണിയൊന്നുമില്ല.
ആ സമയത്ത് സൈജു കുറുപ്പ് ചേട്ടനാണ് എന്നോട് പറയുന്നത് ആട് 2 വിൽ എന്തെങ്കിലും വേഷം ലഭിക്കുമോ എന്ന് നിർമ്മാതാവ് വിജയ് ബാബുവിനെ വിളിച്ച് അന്വേഷിക്കുവാൻ. ആ സമയത്ത് അണലി സാബുവിന്‍റെ കഥാപാത്രം മറ്റൊരു നടനെക്കൊണ്ട് ചെയ്യിക്കാൻ അണിയറ പ്രവർത്തകർ തീരുമാനിച്ചിരുന്നു. എന്നാൽ ചില സാങ്കേതിക കാരണങ്ങൾ കൊണ്ട് ആ നടൻ പിന്‍മാറിയതോടെ എനിക്ക് നറുക്കുവീണു. വിജയ് ബാബുവി നിർദ്ദേശപ്രകാരം ഞാൻ സംവിധായകൻ മിഥുൻ മാനുവൽ തോമസിനെ വിളിച്ചു സംസാരിച്ചു.
അണലി സാബുവോ, നീ അങ്ങ് വെളുത്തു ത്തുടുത്ത് ഗ്ലാമർ ആയി ഇരിക്കുകയാണല്ലോടാ? നിന്നെ വച്ച് ഞാൻ എന്നാ ചെയ്യാനാ? മിഥുൻ മാനുവൽ തോമസിന്‍റെ മറുപടി ഇപ്രകാരമായിരുന്നു. കഥാപാത്രത്തിന് വേണ്ടി ഏത് രൂപത്തിലും മാറാൻ ഞാൻ തയ്യാറാണ് എന്ന് മറുപടി പറഞ്ഞ് ഫോൺ കട്ട് ചെയ്‌തു. ശേഷം, റഫറൻസ് എടുത്തത്, മമ്മൂട്ടി ചിത്രം 'മൃഗയ'യും കാർത്തി നായകനായ 'പരുത്തിവീരനു'മായിരുന്നു. കാരണം അണലി വളരെ റോ ആയ ഒരു കഥാപാത്രമാണ്.
ബോഡി ലാംഗ്വേജ് ഒക്കെ കാർത്തിയുടെ 'പരുത്തിവീരൻ' നോക്കി മനസ്സിലാക്കി. കാർത്തിയുടെ അതേ ഗെറ്റപ്പ് തന്നെയാണ് അണലി സാബുവിനും യോഗ്യമെന്ന് തോന്നി ആ രീതിയിലേക്ക് മാറുന്നതിന് പരിശ്രമിച്ചു. ബീച്ചിൽ പോയി വെയിൽ കൊണ്ടു. കുറേ ദിവസങ്ങൾ എടുത്ത് മുഖമൊക്കെ കറുപ്പിച്ചാണ് 'ആട് 2' സെറ്റിൽ അണലി സാബുവിനെ അവതരിപ്പിക്കുവാനായി ചെന്നെത്തുന്നത്.
പറയുമ്പോൾ ചിലപ്പോൾ അവിശ്വസനീയമായി തോന്നാം. ഞാനവിടെ ചെന്നപ്പോൾ ഉള്ള എന്‍റെ രൂപം കണ്ട് നടൻ ജയസൂര്യയ്ക്ക് പോലും എന്നെ തിരിച്ചറിയാനായില്ല. എന്നാ മാറ്റം ആടാ ഉവ്വേ? എന്നായിരുന്നു മിഥുൻ മാനുവൽ ചോദിച്ചത്. അണലി സാബു എന്നാണല്ലോ കഥാപാത്രത്തിന്‍റഎ പേര്. അണലി ചീറ്റും. അതുകൊണ്ട് ചീറ്റിച്ച് തുപ്പാൻ കഥാപാത്രത്തിന് വേണ്ടി മുറുക്കാൻ ചവച്ചു. രൂപവും ഭാവവും സെറ്റ്. അതാണ് അണലി സാബുവിനെ കഥ." -ആൻസണ്‍ പോൾ പറഞ്ഞു.
Also Read: മമ്മൂട്ടിയിൽ നിന്നും മോഷ്‌ടിച്ച ഒരു സംഭവം.. മനസ്സ് തുറന്ന് ആന്‍സണ്‍ പോള്‍