2024-ലെ ഏറ്റവും സ്വാധീനമുള്ള 100 വ്യക്തികളുടെ പട്ടിക പുറത്തുവിട്ട് ടൈം. ബോളിവുഡ് താരം ആലിയ ഭട്ടും ഗുസ്‌തി താരം സാക്ഷി മാലിക്കും ടൈമിന്‍റെ പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. അഭിമാനകരമെന്നാണ് ആലിയയുടെ പ്രതികരണം.
ബ്രിട്ടീഷ് എഴുത്തുകാരനും സംവിധായകനും നിർമ്മാതാവുമായ ടോം ഹാർപറാണ് ആലിയയെ കുറിച്ച് ടൈം മാഗസിനിൽ കുറിച്ചത്. താരത്തിന്‍റെ പ്രതിബദ്ധതയെയും ഉത്സാഹത്തെയും അദ്ദേഹം പ്രശംസിച്ചു. ടോം ഹാർപ്പർ സംവിധാനം ചെയ്‌ത 'ഹാർട്ട് ഓഫ് സ്റ്റോൺ' എന്ന ചിത്രത്തിലൂടെയാണ് ആലിയ ഹോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്.
"ആധികാരികത, സെൻസിറ്റിവിറ്റി, കാന്തികത എന്നിവ സമന്വയിപ്പിക്കാനുള്ള കഴിവാണ് ആലിയയുടെ സൂപ്പർ പവർ. അഭിനേത്രിയെന്ന നിലയിൽ അവൾ തിളങ്ങുന്നു, കൂടാതെ ഒരു വ്യക്തിയെന്ന നിലയിൽ, യഥാർഥ അന്തർദേശീയ താരമാകുമെന്ന അടിസ്ഥാനപരമായ ഉറപ്പും സർഗാത്മകതയും അവൾ കൊണ്ടുവരുന്നു''- ടോം ഹാർപ്പറിന്‍റെ വാക്കുകൾ ഇങ്ങനെ.
തന്‍റെ ഇൻസ്റ്റഗ്രാം പേജിൽ ആലിയയും ഇതുമായി ബന്ധപ്പെട്ട് പോസ്റ്റ് ചെയ്‌തിട്ടുണ്ട്. ടൈമിന്‍റെ മോസ്റ്റ് ഇൻഫ്ലുവൻഷ്യൽ വ്യക്തികളുടെ പട്ടികയിൽ ഭാഗമാകാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന് മാഗസിനിൽ നിന്നുള്ള ഒരു ക്ലിപ്പ് പങ്കിട്ടുകൊണ്ട് നടി എഴുതി. സംവിധായകൻ ടോം ഹാർപ്പറിനും താരം നന്ദി അറിയിച്ചു. 'നിങ്ങളുടെ നല്ല വാക്കുകൾക്ക് നന്ദി' എന്നാണ് ആലിയ കുറിച്ചത്.
സഞ്ജയ് ലീല ബൻസാലി സംവിധാനം ചെയ്‌ത 'ഗംഗുഭായ് കത്യാവാഡി'യിലെ അഭിനയത്തിന് ദേശീയ ചലച്ചിത്ര അവാർഡ് ഉൾപ്പടെ നിരവധി സുപ്രധാന അംഗീകാരങ്ങള്‍ ആലിയയ്ക്ക് കഴിഞ്ഞ വർഷം ലഭിച്ചിരുന്നു. ഇപ്പോഴിതാ നേട്ടങ്ങളുടെ പുസ്‌തകത്തിൽ പുതിയൊരു അധ്യായം കൂടി തുന്നിച്ചേർത്തിരിക്കുകയാണ് ആലിയ. കരൺ ജോഹർ സംവിധാനം ചെയ്‌ത 'റോക്കി ഔർ റാണി കി പ്രേം കഹാനി'യിലാണ് ആലിയ ഏറ്റവും ഒടുവിലായി അഭിനയിച്ചത്. അടുത്തതായി, വാസൻ ബാലയുടെ 'ജിഗ്ര'യിൽ താരം വേഷമിടും. ഈ സിനിമയുടെ സഹനിർമ്മാതാവ് കൂടിയാണ് ആലിയ.
അതേസമയം നിഷ പഹൂജയാണ് സാക്ഷി മാലിക്കിനെ കുറിച്ച് മാഗസിനിൽ എഴുതിയത്. 2023ന്‍റെ തുടക്കത്തിൽ, ഇന്ത്യയിലെ ഏറ്റവും പ്രശസ്‌തരായ ഒരുപിടി ഗുസ്‌തി താരങ്ങൾ ഡൽഹിയിലെ ജന്തർമന്തറിൽ ഒത്തുകൂടിയെന്നും ഒളിമ്പിക്‌സ് മെഡൽ നേടുന്ന ഇന്ത്യയുടെ ആദ്യത്തെയും ഏക വനിത ഗുസ്‌തി താരവുമായ 31 കാരി സാക്ഷി മാലിക് അവരിൽ പ്രധാനിയായിരുന്നു എന്നും അവർ കുറിച്ചു. വനിത അത്‌ലറ്റുകളെ ലൈംഗികമായി ഉപദ്രവിച്ചുവെന്ന് ആരോപണം നേരിട്ട ഭരണകക്ഷിയുടെ പാർലമെന്‍റ് അംഗവും റെസ്‌ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ തലവനുമായ ബ്രിജ് ഭൂഷൺ സിങ്ങിനെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും രാജിവയ്‌ക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഇവരുടെ പ്രതിഷേധം.
ഇന്ത്യൻ വംശജനായ നടൻ ദേവ് പട്ടേലും ടൈംസിന്‍റെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളുടെ പട്ടികയിൽ ഇടം നേടിയിട്ടുണ്ട്.
ALSO READ: സൂപ്പർ നാച്വറല്‍ ത്രില്ലർ 'വടക്കൻ' ബ്രസൽസ് ഇന്‍റർനാഷണൽ ഫെന്‍റാസ്റ്റിക് ഫിലിം ഫെസ്റ്റിവലിലേക്ക്