തനിക്ക് നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി നടന്‍മാര്‍ ഉൾപ്പടെ എഴ് പേർക്കെതിരെ ലൈംഗിക പീഡന പരാതി ഉന്നയിച്ച നടി. ലൈംഗികാതിക്ര പരാതിയിൽ നടനും എംഎൽഎയുമായ മുകേഷ് ഉൾപ്പടെ ഏഴ് പേർകെതിരെ പൊലീസ് കേസെടുത്തതിനോട് പ്രതികരിക്കുകയായിരുന്നു അവർ.
പ്രതികൾക്കെതിരായ തെളിവുകളെല്ലാം താന്‍ സൂക്ഷിച്ചിരുന്നതായും എന്നെങ്കിലും നീതി ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നതായും അവർ പറഞ്ഞു. തൻ്റെ പരാതിയിൽ പെട്ടന്ന് തന്നെ കേസെടുത്തതിൽ സന്തോഷമുണ്ട്. പ്രത്യേക അന്വേഷണ സംഘം നല്ല നിലയിലാണ് കേസ് അന്വേഷിക്കുന്നത്. തെളിവുകളെല്ലാം അവർക്ക് നൽകിയിട്ടുണ്ട്. രഹസ്യമൊഴി രേഖപ്പെടുത്താൻ സഹകരിക്കുമെന്നും അവർ വ്യക്തമാക്കി.
പ്രത്യേക അന്വേഷണ സംഘാംഗങ്ങളായ ജി.പൂങ്കുഴലി, അജിത ബീഗം എന്നിവര്‍ കഴിഞ്ഞ ദിവസം നടിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ്, നടപടികളിലേക്ക് കടന്നത്. ഗുരുതരമായ വകുപ്പുകൾ ചേർത്ത് എഴു പേർക്കെതിരെ വിവിധ സ്‌റ്റേഷനുകളിലാണ് കേസ് രജിസ്‌റ്റര്‍ ചെയ്‌തത്. ആറു പേർക്കെതിരെ കൊച്ചിയിലും ഒരു കേസ് തിരുവനന്തപുരത്തുമാണ് രജിസ്‌റ്റർ ചെയ്‌തത്. മുകേഷ്, ജയസൂര്യ, മണിയന്‍പിള്ള രാജു, ഇടവേള ബാബു, അഭിഭാഷകന്‍ വി.എസ് ചന്ദ്രശേഖരൻ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരായ നോബിള്‍, വിച്ചു എന്നിവര്‍ക്കെതിരെയാണ് കേസ് രജിസ്‌റ്റർ ചെയ്‌തത്.
സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു പ്രമുഖ നടന്‍മാര്‍ക്കും അണിയറ പ്രവർത്തകർക്കും എതിരെ നടി ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചത്. ശേഷം പ്രത്യേക അന്വേഷണ സംഘത്തിന് ഇ-മെയിൽ വഴി നടി പരാതി നൽകിയിരുന്നു. 2013ലാണ് തനിക്ക് ദുരനുഭവം ഉണ്ടായതെന്നും അഡ്‌ജെസ്‌റ്റ്‌മെന്‍റിന് തയ്യാറല്ലാത്തതിനാൽ മലയാള സിനിമ മേഖല ഉപേക്ഷിക്കേണ്ടി വന്നതായിയും അവർ വ്യക്തമാക്കിയിരുന്നു.
2013ൽ, ഒരു പ്രോജക്‌ടിൽ ജോലി ചെയ്യുന്നതിനിടെ ഈ വ്യക്തികൾ തന്നെ ശാരീരികമായും വാക്കാലും അധിക്ഷേപത്തിന് വിധേയയാക്കിയെന്ന് നടി പറഞ്ഞിരുന്നു. ശല്യം അസഹനീയമായതോടെ മലയാള സിനിമാ വ്യവസായം ഉപേക്ഷിച്ച് ചെന്നൈയിലേക്ക് താമസം മാറാൻ ഞാൻ നിർബന്ധിതനായെന്നും നടി വെളിപ്പെടുത്തിയിരുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെയാണ് മലയാള സിനിമ മേഖലയിൽ, നടന്‍മാര്‍ക്കെതിരെ ഗുരുതര ആരോപണവുമായി നിരവധി നടിമാര്‍ രംഗത്തെത്തിയത്.