സഹനടനായി കരിയർ തുടങ്ങി ഇന്ന് വിഭിന്ന ഭാഷകളിൽ ഒട്ടേറെ സിനിമകളുടെ ഭാഗമായ താരമാണ് വിജയ് സേതുപതി. തന്നിലേക്കെത്തുന്ന ഓരോ കഥാപാത്രത്തെയും അനായാസമായി തിരശീലയിലേക്ക് പറിച്ചുനടാൻ അദ്ദേഹത്തിനാകുന്നു. അഭിനയിക്കുകയല്ല മറിച്ച് കഥാപാത്രമായി ജീവിക്കുകയാണ് വിജയ് സേതുപതി എന്നാണ് ആരാധകർ പറയുന്നത്.
ഒരു വശത്ത് നായകനായി അഭിനയിക്കുമ്പോൾ തന്നെ മറുവശത്ത് മുൻനിര താരങ്ങളുടെ സിനിമകളിലും 'മക്കൾ സെൽവൻ' എന്ന് ആരാധകർ സ്‌നേഹത്തോടെ വിളിക്കുന്ന വിജയ് പ്രത്യക്ഷപ്പെടാറുണ്ട്. വിജയ് സേതുപതി നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 'മഹാരാജ'. നിതിലൻ സ്വാമിനാഥൻ സംവിധാനം ചെയ്‌ത ചിത്രം ഈ മാസം 14ന് തിയേറ്ററുകളിലേക്കെത്തും. ഇപ്പോഴിതാ 'മഹാരാജ' സിനിമയുടെ വിശേഷങ്ങൾ ഇടിവി ഭാരതുമായി പങ്കുവയ്‌ക്കുകയാണ് വിജയ് സേതുപതി.
50-ാം സിനിമയ്‌ക്കായി പ്രത്യേകം തെരഞ്ഞെടുത്തതാണോ 'മഹാരാജ'?
അതെ, എൻ്റെ 50-ാമത്തെ സിനിമയായി ഞാൻ പ്രത്യേകം തെരഞ്ഞെടുത്ത കഥയാണിത്. കഥ കേട്ടപ്പോൾ തന്നെ വളരെ രസകരമായി തോന്നിയിരുന്നു. കഥയെക്കാൾ സിനിമയുടെ ആഖ്യാനം എന്നെ സ്വാധീനിച്ചു.
'പിസ്സ' എന്ന സിനിമയാണ് എനിക്കാദ്യം ഓർമ്മ വന്നത്. രസകരമായ ഒരുപാട് ട്വിസ്‌റ്റുകൾ ആ സിനിമയിലുണ്ട്. സംവിധായകൻ കഥ പറഞ്ഞപ്പോൾ തന്നെ ഇത് എൻ്റെ 50-ാമത്തെ ചിത്രമാണെന്ന് ഞങ്ങൾ പ്രഖ്യാപിച്ചു.
സിനിമായാത്രക്കിടെ തിരിഞ്ഞു നോക്കുമ്പോൾ എന്തു തോന്നുന്നു?
എൻ്റെ റിലീസ് ചെയ്‌ത സിനിമകൾ 50 മാത്രമായിരിക്കാം. എന്നാൽ 500-ലധികം കഥകൾ ഞാൻ കേട്ടിട്ടുണ്ട്. പലരെയും ഞാൻ കണ്ടു. ജയപരാജയങ്ങൾ കണ്ടിട്ടുണ്ട്. ഓരോ ഫലത്തിനും ശേഷം എന്താണ് സംഭവിച്ചതെന്ന് ഞങ്ങൾ ചിന്തിക്കുന്നു. ഒരുപാട് അനുഭവങ്ങൾ നേടാനായി. അതൊരു വലിയ യാത്ര തന്നെയായിരുന്നു.
അമ്പത് സിനിമയെന്ന നാഴികക്കല്ല് പിന്നിട്ടല്ലോ, കരിയറിൽ ഇനി എന്തെങ്കിലും പ്രത്യേക തന്ത്രങ്ങളോ പദ്ധതികളോ ഉണ്ടോ?
ഭൂതകാലവുമായി യാത്ര ചെയ്യുന്നത് എനിക്ക് ഇഷ്‌ടല്ല. എൻ്റെ കരിയർ പഴയതുപോലെ തന്നെ തുടരും. സ്വപ്‌നങ്ങളും പ്രതീക്ഷകളും എപ്പോഴും ഒരു ഭാരമാണ്. അതുകൊണ്ടാണ് ഞാൻ ദിവസവും ക്യാമറയ്‌ക്ക് മുന്നിൽ പോകുന്നത്. സിനിമയുടെ കാര്യത്തിലും അതേ ത്രില്ല് തന്നെയാണ് ഇപ്പോഴും. ഉത്തരവാദിത്തത്തോടെ ജോലി തുടരുക എന്നതാണ് എൻ്റെ തന്ത്രം.
മുൻ സിനിമകളിൽ നിന്ന് 'മഹാരാജാ' വേറിട്ട് നിൽക്കുന്നതെങ്ങനെയാണ്?
സാധാരണ കൊമേഴ്‌സ്യൽ സിനിമകൾ പോലെയുള്ള ഒന്നല്ല ഇത്. എന്നാൽ ഒരു ആർട്ട് സിനിമയുമല്ല. തൻ്റെ കുടുംബത്തെ സംരക്ഷിക്കാൻ ഒരു മനുഷ്യൻ എന്തൊക്കെ ചെയ്യും? അതിനായി ആ കഥാപാത്രം എത്രത്തോളം സഞ്ചരിച്ചു എന്നതും ഈ സിനിമയുടെ രസകരമായ വശമാണ്. സംവിധായകൻ നിതിലൻ ഓരോ കഥാപാത്രത്തെയും വളരെ ശക്തമായി തന്നെ അവതരിപ്പിച്ചിട്ടുണ്ട്. നിർമാതാവ് സുധനോടൊപ്പമുള്ള എൻ്റെ മൂന്നാമത്തെ ചിത്രം കൂടിയാണിത്. അജനീഷിൻ്റെ സംഗീതമാണ് ഈ സിനിമയുടെ പ്രധാന ശക്തി.
സംവിധായകനാകാൻ പ്ലാനുണ്ടോ?
നല്ല കഥ കിട്ടിയാൽ ഞാൻ തീർച്ചായായും സംവിധാനത്തിലേക്ക് തിരിയും. മൂന്ന് സിനിമകൾക്ക് ഞാൻ കഥയും തിരക്കഥയും എഴുതിയിട്ടുണ്ട്. കൂടാതെ വേറെയും കുറച്ച് കഥകൾ കൂടി എഴുതിയിട്ടുണ്ട്. നിലവിൽ തമിഴിൽ മൂന്ന് സിനിമകളിൽ നായകനായി ഞാൻ അഭിനയിക്കുന്നുണ്ട്. കൂടാതെ ഒരു ഹിന്ദി സിനിമയും ചെയ്യുന്നുണ്ട്.
ALSO READ: ശിവൻകുട്ടിയുടെ ഭ്രാന്തുകൾക്ക് വയസ് 15; 'ഭ്രമരം' ഓർമകളുമായി സംവിധായകൻ ബ്ലെസി