എറണാകുളം : സിനിമ ചിത്രീകരണത്തിനിടെ നടൻ ജോജു ജോർജിന് പരിക്കേറ്റു. പോണ്ടിച്ചേരിയിൽ വച്ചാണ് അപകടം സംഭവിച്ചത്. മണിരത്നം സംവിധാനം ചെയ്യുന്ന 'തഗ് ലൈഫ്' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ജോജുവിന് പരിക്കേറ്റത്.
ഹെലികോപ്റ്ററിൽ നിന്ന് ചാടുന്ന രംഗം ഷൂട്ട് ചെയ്യുന്നതിനിടെ വീഴുകയായിരുന്നു. കാൽപാദത്തിലെ എല്ലിന് പൊട്ടൽ സംഭവിച്ചിട്ടുണ്ട്. പരിക്കേറ്റ ജോജു പ്രാഥമിക ചികിത്സ തേടിയ ശേഷം ബുധനാഴ്‌ച (ജൂൺ 12) രാത്രി കൊച്ചിയില്‍ തിരിച്ചെത്തി.
കമൽ ഹാസനൊപ്പമുള്ള രംഗമായിരുന്നു ചിത്രീകരിച്ചത്. കാലിന് പരിക്കേറ്റ നടന് എത്ര ദിവസം വിശ്രമം വേണം എന്നതിൽ വ്യക്തതയില്ല. കമൽഹാസനും മണിരത്‌നവും മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം ഒന്നിക്കുന്ന ചിത്രമാണ് തഗ് ലൈഫ്. പ്രഖ്യാപനം തൊട്ട് തന്നെ ഈ സിനിമ വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുകയാണ്.
കമലിന്‍റെ കരിയറിലെ വന്‍ പ്രൊജക്‌ടുകളില്‍ ഒന്നായിരിക്കും ഇതെന്നാണ് സിനിമ വൃത്തങ്ങള്‍ പറയുന്നത്. സിനിമയിൽ തൃഷ കൃഷ്‌ണനാണ് നായികയായി എത്തുന്നത്. കഴിഞ്ഞ വര്‍ഷം കമല്‍ ഹാസന്‍റെ പിറന്നാള്‍ ദിനത്തോടനുബന്ധിച്ചാണ് ചിത്രത്തിന്‍റെ പേര് പ്രഖ്യാപിച്ചത്. മലയാളി താരം ഐശ്വര്യ ലക്ഷ്‌മിയും ഒരു കേന്ദ്ര കഥാപാത്രമായി ചിത്രത്തില്‍ എത്തുന്നുണ്ട്.
Also Read: ന്യൂ തഗ് ഇൻ ടൗൺ; 'തഗ് ലൈഫി'ൽ കമൽഹാസനോടൊപ്പം ചിമ്പുവും, വീഡിയോ വൈറൽ