ആക്ഷൻ ഹീറോ ബിജു എന്ന നിവിൻ പോളി ചിത്രത്തിൽ ജോജു ജോർജ് അവതരിപ്പിച്ച പൊലീസ് കഥാപാത്രത്തിന്‍റെ വയർലെസ് മോഷ്‌ടിച്ചു കൊണ്ടുപോകുന്ന മദ്യപാനിയെ ആരും മറക്കാൻ ഇടയില്ല. "കോബ്രയോ കിംഗ് കോബ്ര" ,"തന്നെയൊക്കെ ആരാടോ പൊലീസിൽ എടുത്തത്" എന്നീ ഡയലോഗുകളിലൂടെ രാജേഷ് പ്രേക്ഷകരുടെ മനസ്സിൽ കോബ്ര രാജേഷ് ആയി. അവതരിപ്പിച്ച കഥാപാത്രത്തിന്‍റെ പേരിൽ അറിയപ്പെടാൻ അവസരം ലഭിക്കുന്നത് ഒരു കലാകാരന്‍റെ ഭാഗ്യമാണെന്ന് കോബ്ര രാജേഷ് ഇടിവി ഭാരതിനോട് പ്രതികരിച്ചു.
38ാം വയസ്സു വരെയുള്ള കാലം ഞാനൊരിക്കലും ഓർക്കാൻ ആഗ്രഹിക്കുന്നില്ല. സിനിമയിലെ പ്രൊഡക്ഷൻ ബോയ് ആയിരുന്നു ഞാന്‍. മൃഗയ ,അമരം തുടങ്ങിയ വലിയ ചിത്രങ്ങളിലെയൊക്കെ സെറ്റ് പ്രൊഡക്ഷനിൽ പാത്രം കഴുകുന്ന ജോലിയായിരുന്നു ഞാന്‍ ചെയ്‌തുകൊണ്ടിരുന്നത്. ഏതൊക്കെ സിനിമയിലാണ് ജോലി ചെയ്‌തതെന്ന് ഓർമ്മ പോലും ഇല്ല. ദൈവഹിതം പോലെയാണ് ആക്ഷൻ ഹീറോ ബിജുവിലെ വേഷം ലഭിച്ചത്. സത്യത്തിൽ സംവിധായകൻ എബ്രിഡ് ഷൈൻ വിളിച്ച് ഒരു വേഷമുണ്ടെന്ന് പറയുമ്പോൾ ആദ്യമായി ഉള്ളു തുറന്നു ചിരിച്ചു. സിനിമയിലെ കഥാപാത്രത്തിനായി താടിയും മുടിയും നീട്ടി വളർത്തി. പക്ഷേ സിനിമയുടെ ചിത്രീകരണത്തിനിടയിൽ സംവിധായകൻ തന്‍റെ കാര്യം മറന്നു പോയി.
ചിത്രീകരണം പൂർത്തിയാകാൻ ഏതാണ്ട് ദിവസങ്ങൾ മാത്രമുള്ളപ്പോഴാണ് സിനിമയുടെ ഷൂട്ടിങ് തുടങ്ങിയ കാര്യം തന്നെ ഞാന്‍ അറിയുന്നത്. നേരെ ചെന്ന് സംവിധായകനെ കണ്ടു. എന്നെ കാണുമ്പോഴാണ് സംവിധായകന്‍ തരാമെന്ന് ഏറ്റ വേഷത്തിന്‍റെ കാര്യം പോലും ഓർത്തത്. ഒടുവിൽ ഒരു ഭാഗ്യ പരീക്ഷണം പോലെ, മേക്കപ്പ് ചെയ്‌ത് നരയൊക്കെ വരുത്തി സെറ്റിലെ രണ്ടുപേരെ പ്രാങ്ക് ചെയ്യാനായി എന്നോട് നിർദ്ദേശിച്ചു. സംഭവം ഏറ്റാൽ സിനിമയിൽ വേഷം ലഭിക്കും. ഇല്ലെങ്കിൽ വണ്ടിക്കൂലി തന്നു പറഞ്ഞു വിടും. സെറ്റിൽ ഉണ്ടായിരുന്ന രണ്ട് ജൂനിയർ ആർട്ടിസ്‌റ്റുകളും ആയി ഒരു മുഴുക്കുടിയന്‍റെ ഭാവത്തിൽ ഞാന്‍ പ്രശ്‌നമുണ്ടാക്കി. ആളുകൾ ഇടപെട്ടു. എന്നെ തല്ലാനായി കയ്യോങ്ങിയവർ വരെയുണ്ട് , കോബ്ര രാജേഷ് പറഞ്ഞു.
നിവിൻ പോളി അടക്കം എന്നെ പിടിച്ചു പുറത്താക്കാൻ ആവശ്യപ്പെട്ടു. അടി കിട്ടുന്ന ഘട്ടത്തിലാണ് സംവിധായകൻ എബ്രിഡ് ഷൈൻ ഓടിവന്ന് ഇത് നമ്മുടെ സിനിമയിലെ ഒരു കലാകാരനാണെന്ന് പറഞ്ഞു കെട്ടിപ്പിടിച്ചത്. അതോടെ കോബ്ര രാജേഷ് ജന്മം എടുത്തു. സിനിമയിൽ എന്നെ മേജർ രവി തല്ലുന്ന ഒരു രംഗമുണ്ട്. ആ രംഗം കണ്ടപ്പോൾ എന്‍റെ കുട്ടികൾ തിയേറ്ററിൽ ഇരുന്ന് കരഞ്ഞു.
എന്നാൽ താൻ ഇപ്പോൾ ഇരുട്ട് ചന്ദ്രൻ എന്ന കഥാപാത്രമായി കുടുംബ സ്‌ത്രീയും കുഞ്ഞാടും എന്ന ചിത്രത്തിൽ അഭിനയിച്ചു. അതിലും കള്ളനായ എന്‍റെ കഥാപാത്രത്തെ പൊലീസ് തല്ലുന്ന രംഗമുണ്ട്. പക്ഷേ ആ രംഗം കണ്ട് എന്‍റെ കുട്ടികൾ ചിരിച്ചു. കോബ്ര രാജേഷ് ഫേമസ് ആയതോടെ പലപ്പോഴും വഴിയിൽ വച്ച് തന്നെ കാണുന്ന പൊലീസുകാർ തങ്ങളുടെ വയർലെസ് ഒളിപ്പിച്ചു വയ്ക്കും. കുട്ടികൾ കോബ്ര രാജേഷ് എന്ന് വിളിക്കുന്നത് കേൾക്കാൻ രസമാണ്. രാജേഷ് എന്ന വിളി എനിക്കിഷ്‌ടമല്ല. കോബ്ര രാജേഷ് എന്ന് ചേർത്ത് വിളിക്കണം.
കോവിഡ് കാലത്ത് സിനിമകൾ ലഭ്യമാകാത്തതോടെ അമ്മയും ഭാര്യയും രണ്ടു കുട്ടികളും അടങ്ങുന്ന കുടുംബത്തെ പോറ്റാൻ ഉണക്കമീൻ വ്യാപാരം ആരംഭിച്ചു. ജീവിക്കണമല്ലോ. ബിസിനസ് വലിയ വിജയമായിരുന്നു. അക്കാലത്ത് ഞാനീ തൊഴിൽ ചെയ്യുന്ന വാർത്ത കണ്ട് സിനിമയിലെ വലിയ ആൾക്കാരൊക്കെ വിളിച്ചിരുന്നു. അതുകൊണ്ട് എന്താ കുറച്ചധികം അവസരങ്ങളും സിനിമയിൽ ലഭിച്ചു.
മൈക്കിന്‍റെ സഹായമില്ലാതെ എക്കോ ഇട്ട് പാട്ടുപാടുന്ന വിദ്യ ഇടിവി ഭാരതത്തിന്‍റെ ക്യാമറക്കു മുന്നിൽ അവതരിപ്പിച്ചാണ് കോബ്ര രാജേഷ് സംസാരിച്ച് അവസാനിപ്പിച്ചത്.
ALSO READ: 'കൽക്കി 2898 എഡി' യുഎസ്എ അഡ്വാൻസ് ബുക്കിംഗ് തുടങ്ങി; ട്രെയിലർ ഇന്നെത്തും