തിരുവനന്തപുരം : റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സിലെയും റെയിൽവേ പ്രൊട്ടക്ഷൻ സ്പെഷ്യൽ ഫോഴ്‌സിലെയും 4660 ഒഴിവുകളിലേക്ക് റെയിൽവേ റിക്രൂട്ട്മെന്‍റ് ബോർഡ് (ആർആർബി) അപേക്ഷകൾ ക്ഷണിച്ചു. സബ് ഇൻസ്‌പെക്‌ടർ, കോൺസ്റ്റബിൾ തസ്‌തികകളിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചത്. മെയ് 14 ആണ് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി.
അപേക്ഷയിൽ തിരുത്തൽ വേണ്ടവർക്ക് മെയ് 15 മുതൽ 24 വരെ സമയം അനുവദിക്കും. വിശദവിവരങ്ങളറിയാം.
രണ്ട് തസ്‌തികകൾ, 4660 ഒഴിവുകൾ : സബ് ഇൻസ്‌പെക്‌ടർ, കോൺസ്റ്റബിൾ എന്നീ തസ്‌തികകളിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്. സബ് ഇൻസ്‌പെക്‌ടർ തസ്‌തികയിൽ ആകെ 452 ഒഴിവുകൾ ഉണ്ട്. (പുരുഷന്മാർ - 384, വനിത - 68). കോൺസ്റ്റബിൾ തസ്‌തികയിൽ ആകെ ഒഴിവുകൾ 4208 ആണ്. (പുരുഷൻ - 3577, വനിത - 631)
വിദ്യാഭ്യാസ യോഗ്യത അറിയാം : സബ് ഇൻസ്‌പെക്‌ടർ തസ്‌തികയിൽ അപേക്ഷിക്കാൻ ബിരുദമാണ് യോഗ്യത. പത്താം ക്ലാസ് പാസായവർക്ക് കോൺസ്റ്റബിൾ തസ്‌തികയിലേക്ക് അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതിക്കകം യോഗ്യത നേടണം. കോഴ്‌സിന്‍റെ അവസാനവർഷ ഫലം കാത്തിരിക്കുന്നവർ അപേക്ഷിക്കാൻ അർഹരല്ല.
ശാരീരിക യോഗ്യത : പുരുഷന്മാർക്ക് 165 സെ.മീ (എസ്‌സി, എസ്‌ടി - 160 സെ.മീ). വനിതകൾക്ക് 157 സെ.മീ ഉയരം വേണം (എസ്‌സി, എസ്‌ടി - 152 സെ.മീ). പുരുഷന്മാർക്ക് നെഞ്ചളവ് വികസിപ്പിക്കാതെ 80 സെ.മീ (എസ്‌സി, എസ്‌ടി- 76.2 സെ.മീ) വികസിപ്പിച്ച നെഞ്ചളവ് 85 സെ.മീ (എസ്‌സി, എസ്‌ടി 81.2 സെ.മീ).
തെരഞ്ഞെടുപ്പ് ഇങ്ങനെ : കമ്പ്യൂട്ടർ അധിഷ്‌ഠിത പരീക്ഷയും ശാരീരികക്ഷമത പരീക്ഷയും ഡോക്യുമെന്‍റ് വെരിഫിക്കേഷനും നടത്തിയാണ് തെരഞ്ഞെടുക്കുന്നത്.
ആകർഷകമായ ശമ്പളം : സബ് ഇൻസ്പെക്‌ടർക്ക് 35,400 രൂപയും കോൺസ്റ്റബിളിന് 21,700 രൂപയുമാണ് തുടക്കത്തിൽ നൽകുന്ന ശമ്പളം.
പ്രായപരിധി ഇങ്ങനെ : സബ് ഇൻസ്‌പെക്‌ടർ തസ്‌തികയിൽ 20-28 വയസാണ് പ്രായപരിധി. കോൺസ്റ്റബിൾ തസ്‌തികയിൽ 18-28 വയസാണ് പ്രായപരിധി. പ്രായം കണക്കാക്കുക 1-7-2024 അടിസ്ഥാനമാക്കിയാണ്. ഉയർന്ന പ്രായപരിധിയിൽ എസ്‌സി, എസ്‌ടി വിഭാഗക്കാർക്ക് അഞ്ച് വർഷത്തെയും ഒബിസി (എൻസിഎൽ) വിഭാഗക്കാർക്ക് മൂന്ന് വർഷത്തെയും ഇളവുണ്ട്.
വിധവകൾക്കും പുനർവിവാഹിതരാകാത്ത വിവാഹമോചിതകൾക്കും രണ്ട് വർഷത്തെ ഇളവുണ്ട് (എസ്‌സി, എസ്‌ടി - 7 വർഷം, ഒബിസി എൻസിഎൽ - 5 വർഷം). നിയമാനുസൃത വയസ് ഇളവ് വിമുക്തഭടന്മാർക്ക് ഉണ്ടായിരിക്കും.
പരീക്ഷ നടത്തിപ്പ് ഇങ്ങനെ : കോൺസ്റ്റബിൾ തസ്‌തികയിൽ പത്താം തലത്തിലെയും സബ് ഇൻസ്‌പെക്‌ടർ തസ്‌തികയിൽ ബിരുദ തലത്തിലെയും ചോദ്യങ്ങളാണ് പരീക്ഷയിൽ ഉണ്ടാകുക. 120 ചോദ്യങ്ങളാണ് ആകെ ഉള്ളത്. അരിതമറ്റിക് - 35 ചോദ്യങ്ങൾ, ജനറൽ ഇന്‍റലിജൻസ് ആൻഡ് റീസണിങ് - 35 ചോദ്യങ്ങൾ, ജനറൽ അവേർനെസ് - 50 എന്നിങ്ങനെയാണ് ഓരോ വിഷയത്തിനുമുള്ള മാർക്ക്.
ആകെ 90 മിനിറ്റാണ് സമയം. മൂന്നിലൊന്ന് നെഗറ്റീവ് മാർക്ക് തെറ്റുത്തരങ്ങൾക്ക് ഉണ്ടാകും. ഇംഗ്ലീഷ്, ഹിന്ദി, മലയാളം ഉൾപ്പെടെയുള്ള പ്രാദേശിക ഭാഷകളിൽ ചോദ്യം ലഭിക്കും. ചോദ്യപേപ്പർ ഒബ്‌ജക്‌ടീവ്, മൾട്ടിപ്പിൾ ചോയ്‌സ് മാതൃകയിലാണ്. എസ്‌സി, എസ്‌ടി വിഭാഗക്കാർക്ക് 30 ശതമാനവും മറ്റുള്ളവർക്ക് 35 ശതമാനവുമാണ് പാസ് മാർക്ക്. വെബ്‌സൈറ്റിലെ വിജ്ഞാപനത്തിൽ സിലബസ് സംബന്ധിച്ച വിശദ വിവരം ലഭ്യമാകും.
ഫീസ് നിരക്ക് : വനിതകൾക്കും എസ്‌സി, എസ്‌ടി വിഭാഗക്കാർക്കും മതന്യൂനപക്ഷങ്ങൾക്കും വിമുക്ത ഭടന്മാർക്കും 250 രൂപയാണ് ഫീസ്. കമ്പ്യൂട്ടർ അധിഷ്‌ഠിത പരീക്ഷയ്ക്ക് ഹാജരായാൽ ബാങ്ക് ചാർജ് ഒഴികെയുള്ള തുക ഇവർക്ക് തിരികെ നൽകും. ഈ വിഭാഗങ്ങളിൽ പെടാത്തവർക്ക് 500 രൂപയാണ് ഫീസ്. ഇതിൽ 400 രൂപ മടക്കി നൽകും. ഫീസ് അടക്കേണ്ടത് ഓൺലൈനായാണ്.
അപേക്ഷ അയക്കേണ്ടതിങ്ങനെ : തിരുവനന്തപുരം ഉൾപ്പെടെ 21 റെയിൽവേ റിക്രൂട്ട്മെന്‍റ് ബോർഡുകളാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. അതാത് ആർആർബിയുടെ വെബ്‌സൈറ്റ് വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. വെബ്‌സൈറ്റിൽ വിശദ വിവരങ്ങൾ അടങ്ങിയ വിജ്ഞാപനവും ലഭ്യമാകും.
തിരുവനന്തപുരം ആർആർബിയുടെ വെബ്‍സൈറ്റ്: www.rrbthiruvananthapuram.gov.in
മെയ് 14 ആണ് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി. വിജ്ഞാപനത്തിൽ നിർദേശിച്ച മാതൃകയിൽ അപേക്ഷയോടൊപ്പം ഒപ്പും ഫോട്ടോയും അപ്‌ലോഡ് ചെയ്യണം. മെയ് 15 മുതൽ 24 വരെ അപേക്ഷയിൽ തിരുത്തൽ വരുത്തേണ്ടവർക്ക് സമയം അനുവദിക്കും. ഇതിന് ഫീസ് ഈടാക്കുന്നതാണ്.
തസ്‌തികയും ഒഴിവുകളുടെ എണ്ണവും
സബ് ഇൻസ്പെക്‌ടർ (പുരുഷൻ)
- യു ആർ -157
- എസ് സി - 57
- എസ് ടി - 28
- ഒബിസി - 104
- ഇഡബ്ള്യുഎസ് - 38
ആകെ 384
സബ് ഇൻസ്പെക്‌ടർ (വനിത)
- യു ആർ - 28
- എസ് സി - 10
- എസ് ടി - 5
- ഒബിസി - 18
- ഇഡബ്ള്യുഎസ് - 7
ആകെ 68
കോൺസ്റ്റബിൾ (പുരുഷൻ)
- യു ആർ - 1450
- എസ് സി - 536
- എസ് ടി - 268
- ഒബിസി - 966
- ഇഡബ്ള്യുഎസ് - 357
ആകെ 3577
കോൺസ്റ്റബിൾ (വനിത)
- യു ആർ - 256
- എസ് സി - 95
- എസ് ടി - 47
- ഒബിസി - 170
- ഇഡബ്ള്യുഎസ് - 63
ആകെ 631