കാസർകോട് : പരീക്ഷക്കായി ഒരുങ്ങുകയാണ് വിദ്യാർഥികൾ. ആശങ്ക ഇല്ലാതെ വിദ്യാർഥികൾക്ക് പരീക്ഷ എഴുതാൻ സ്‌കൂളുകളും പ്രത്യേക പദ്ധതികൾ നടപ്പാക്കുകയാണ്. ഇതിൽ വേറിട്ട മാതൃകയാകുകയാണ് ഗവ. ഗേൾസ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്‌കൂൾ ഹൈസ്‌കൂൾ വിഭാഗം അധ്യാപകൻ സി കെ മദനൻ (Kasargod high school teacher). ചരിത്രം, സാമ്പത്തിക ശാസ്ത്രം, രാഷ്ട്രതന്ത്രം ആന്ത്രപ്പോളജി തുടങ്ങി വിവിധ വിഷയങ്ങളിൽ നിന്നായി ആകെ 21 പാഠഭാഗങ്ങളാണ് എസ്എസ്എൽസി സാമൂഹ്യ ശാസ്ത്രം പരീക്ഷയ്ക്കുള്ളത്.
ഓരോ പാഠഭാഗങ്ങളിൽ നിന്നും തെരഞ്ഞെടുത്ത ആശയങ്ങൾ ഉൾക്കൊള്ളിച്ചുള്ള പരമാവധി രണ്ട് മിനിറ്റ് വരെ ദൈർഘ്യമുള്ള വീഡിയോകളാണ് മദനൻ വിദ്യാർഥികൾക്കായി തയാറാക്കിയത്. ഇത് ക്ലാസുകളിൽ പ്രദർശിപ്പിക്കും. മദനൻ തന്നെയാണ് അഭിനേതാവും.
നെൽക്കൃഷിക്ക് അനുയോജ്യമായ ഭൂമിശാസ്ത്ര സവിശേഷതകൾ അറിയാൻ അടുക്കത്ത് ബയൽ കൃഷിപാടമാണ് ചിത്രീകരിച്ചത്. ഉപഭോക്തൃ തർക്ക പരിഹാരം സംബന്ധിച്ച് കുട്ടികൾ ഉന്നയിക്കുന്ന ചോദ്യങ്ങൾക്ക് സംഭാഷണമായി ഉത്തരം നൽകുന്ന രൂപത്തിലാണ് വീഡിയോ. ജല ഗതാഗതത്തിന്‍റെ മേന്മകൾ, ഇ-ഗവേർണൻസിന്‍റെ നേട്ടങ്ങൾ തുടങ്ങി 50ലേറെ വിഷയങ്ങളാണ് വീഡിയോ രൂപത്തിലാക്കിയത്.
കുട്ടികൾക്ക് എളുപ്പത്തിൽ ഗ്രഹിക്കാൻ സാധിക്കും വിധമാണ് ഇവയുടെ ശൈലി. വിദ്യാർഥികൾക്കും ഇത് കൂടുതൽ സൗകര്യപ്രദമായി മാറി. കുട്ടികൾക്ക് പഠനം ഭാരമാകാതെ കാഴ്‌ചകളിലൂടെ പഠിപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന് മദനൻ പറയുന്നു.
അടുത്ത വർഷവും ഇതേ മാതൃക പരീക്ഷിക്കുമെന്ന് അധ്യാപകൻ പറഞ്ഞു. സോഷ്യൽ സയൻസ് കാസർകോട് ജില്ല റിസോഴ്‌സ് അംഗമായ മദനൻ വിവിധ ആനുകാലികങ്ങളിൽ കവിതകൾ എഴുതാറുണ്ട്. പ്രഭാഷകൻ കൂടിയാണ് അദ്ദേഹം.