കാസർകോട് : അധ്യാപകർ, അഭിഭാഷകർ, ഡോക്‌ടർമാർ, വിവിധ മേഖലകളിൽ നിന്നും വിരമിച്ച ഉദ്യോഗസ്ഥർ, വീട്ടമ്മമാർ, പ്രായം മറന്ന് ഇവർ ഒത്തുകൂടിയിയിരിക്കുന്നത് ഒരു ക്ലാസ് മുറിയിലാണ് (A Group Of Students Forgetting Their Age, And Gathered in a classroom). സ്ഥലം കാസർകോട് പെരിയയിലെ കേന്ദ്ര സർവ്വകലാശാല ക്യാമ്പസ്. കോഴ്‌സ്, പിജി ഡിപ്ലോമ ഇൻ ലൈഫ് സ്‌കിൽസ് എജ്യുക്കേഷൻ.
പുതിയ ബാച്ചില്‍ നൂറോളം പേരാണ് അഡ്‌മിഷൻ എടുത്തത്. ഭൂരിഭാഗവും സ്‌ത്രീകൾ. കേരളത്തില്‍ നിന്ന് മാത്രമല്ല ബിഹാറില്‍ നിന്നും ഡല്‍ഹിയില്‍ നിന്നുമെല്ലാം വിദ്യാര്‍ഥികളുണ്ട്. ഒരു വർഷത്തെ കോഴ്‌സിന് ബിരുദം ആണ് യോഗ്യത. 25 മുതല്‍ 65 വയസുവരെയുള്ളവർ എങ്ങനെ വിദ്യാര്‍ഥികളായെന്ന് ചോദിച്ചാല്‍ ഈ കോഴ്‌സിന് പ്രായപരിധി ഇല്ല എന്നാണ് ഉത്തരം.
മരണം വരെ പഠിക്കണം എന്ന ആഗ്രഹത്തോടെ എത്തിയവരും, 60 വയസിന് ശേഷം പിജി എടുത്തവരും ജീവിത പിരിമുറുക്കവും ജോലി ഭാരവുമെല്ലാം ഇല്ലാതാക്കാൻ വിദ്യാർഥിയായവരും ഇക്കൂട്ടത്തിലുണ്ട്. ഇങ്ങനെയൊരു കോഴ്‌സ് കൊണ്ട് എന്താണ് ഉദ്ദേശ്യം എന്ന് ചോദിച്ചാല്‍, പുതിയ കാലത്തെ വെല്ലുവിളികളെ നേരിടാൻ പ്രാപ്‌തരാക്കുകയാണ് സെന്‍ററിന്‍റെ ലക്ഷ്യം. സ്വയം തിരിച്ചറിയൽ, ആശയവിനിമയ ശേഷി വർധിപ്പിക്കൽ, മറ്റുള്ളവരുമായുള്ള ഇടപെടൽ കാര്യക്ഷമമാക്കൽ, സമ്മർദ്ദം നിയന്ത്രിക്കൽ തുടങ്ങിയവ കോഴ്‌സിന്‍റെ ഭാഗമായി പരിശീലിപ്പിക്കുന്നുണ്ട്.
ഓൺലൈനായും ഇവിടെ നിന്ന് ക്ലാസുകൾ ലഭിക്കാറുണ്ടെന്നതും ഈ വിദ്യാലയത്തിന്‍റെ മറ്റൊരു പ്രത്യേകതയാണ്. സർവകലാശാല വൈസ് ചാൻസലർ ഇൻ ചാർജ് പ്രൊഫ. കെസി ബൈജു ആണ് സ്‌കിൽ എജ്യുക്കേഷന്‍റെ ചെയർമാൻ. വിദ്യാഭ്യാസ വിഭാഗം പ്രൊഫസറായ ഡോ.എം.എൻ. മുസ്‌തഫയാണ് ഡയറക്‌ടർ. ഇതിന് പുറമേ ഏഴ് അംഗങ്ങളുമുണ്ട്.