ന്യൂഡൽഹി: ബിരുദ, ബിരുദാനന്തര കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനുള്ള കോമൺ യൂണിവേഴ്‌സിറ്റി എൻട്രൻസ് ടെസ്റ്റ് (സിയുഇടി) പരീക്ഷകളില്‍ മാറ്റത്തിനൊരുങ്ങി യുജിസി. 2025 പരീക്ഷയില്‍ മാറ്റങ്ങള്‍ ഉണ്ടാകുമെന്ന് യുജിസി ചെയർമാൻ ജഗദീഷ് കുമാർ അറിയിച്ചു.
സിയുഇടി- യുജി, പിജി പരീക്ഷകളുടെ നടത്തിപ്പ് അവലോകനം ചെയ്യാൻ യൂണിവേഴ്‌സിറ്റി ഗ്രാന്‍റ്സ് കമ്മീഷൻ വിദഗ്‌ധ സമിതി രൂപീകരിച്ചിരുന്നു. ടെസ്റ്റിന്‍റെ ഘടന, പേപ്പറുകളുടെ എണ്ണം, ടെസ്റ്റ് പേപ്പറുകളുടെ ദൈർഘ്യം, സിലബസ്, പ്രവർത്തന ലോജിസ്റ്റിക്‌സ് തുടങ്ങി വിവിധ വശങ്ങൾ കമ്മിറ്റി പരിശോധിച്ചതായി ജഗദീഷ് കുമാര്‍ പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ഇത് സംബന്ധിച്ച ശുപാർശകൾ കമ്മീഷന്‍ പരിഗണിച്ചതായും ജഗദീഷ് കുമാര്‍ പറഞ്ഞു. പുതിയ നടപടികള്‍ വിശദീകരിക്കുന്ന കരട് നിർദേശം കമ്മീഷൻ ഉടൻ പുറത്തിറക്കുമെന്നും യുജിസി ചെയര്‍മാന്‍ അറിയിച്ചു.
സിയുഇടി - യുജി 2022ല്‍ ആദ്യമായി നടത്തിയ പരീക്ഷയില്‍ സാങ്കേതിക തകരാറുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. പരീക്ഷാ നടത്തിപ്പിലും നിരവധി വീഴ്‌ചകള്‍ റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. 2024-ൽ ആണ് ആദ്യമായി ഹൈബ്രിഡ് മോഡില്‍ പരീക്ഷ നടത്തിയത്. എന്നാല്‍ സാങ്കേതിക കാരണങ്ങളാൽ പരീക്ഷയ്ക്ക് ഒരു രാത്രി മുമ്പ് ഡൽഹിയില്‍ പരീക്ഷ റദ്ദാക്കിയിരുന്നു.