മുംബൈ: ലോക്‌സഭ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള നാഷണൽ ഡെമോക്രാറ്റിക് അലയൻസ് (എൻഡിഎ) മൂന്നാം തവണയും വിജയിക്കുമെന്ന എക്‌സിറ്റ് പോൾ പ്രവചിച്ചനങ്ങൾ വന്നതോടെ ഇന്ത്യൻ ഓഹരി വിപണികൾ റെക്കോർഡ് ഉയരത്തിൽ. ബെഞ്ച്മാർക്ക് ഇക്വിറ്റി സൂചികകളായ സെൻസെക്‌സും നിഫ്റ്റിയും തിങ്കളാഴ്‌ച ആദ്യ വ്യാപാരത്തിൽ ഏകദേശം 4 ശതമാനം ഉയർന്നു. ബിഎസ്ഇ സെൻസെക്‌സ് ആദ്യ വ്യാപാരത്തിൽ 2,777.58 പോയന്‍റ് (3.75%) ഉയർന്ന് 76,738.89 എന്ന റെക്കോർഡ് ഉയരത്തിലെത്തി.
എൻഎസ്ഇ നിഫ്റ്റി 808 പോയിന്‍റ് (3.58%) ശതമാനം ഉയർന്ന് 23,338.70 എന്ന എക്കാലത്തെയും ഉയർന്ന നിലവാരത്തിലെത്തി. ലോക്‌സഭ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ വൻ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി തുടർച്ചയായി മൂന്നാം തവണയും അധികാരം നിലനിർത്തുമെന്നും എക്‌സിറ്റ് പോൾ ഫലങ്ങൾ പ്രവചിച്ചതാണ് വിപണിയിലെ ഉണർവ്വിന് കാരണമെന്നാണ് വിദഗ്‌ധരുടെ വിലയിരുത്തൽ.
സെൻസെക്‌സിന്‍റെ 30 ഘടകങ്ങളും പച്ച നിറത്തിലാണ് വ്യാപാരം നടത്തിയത്. പവർ ഗ്രിഡ്, എൻടിപിസി, ലാർസൻ ആൻഡ് ടൂബ്രോ, സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ആക്‌സിസ് ബാങ്ക്, ഇൻഡസ്ഇൻഡ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര എന്നിവയാണ് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്.
മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ 8.2 ശതമാനം വളർച്ച നേടി, ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന പ്രധാന സമ്പദ്‌വ്യവസ്ഥയെന്ന നിലയിൽ രാജ്യം സ്ഥാനം ഉറപ്പിച്ചു. ഏഷ്യൻ വിപണികളിൽ, സിയോൾ, ടോക്കിയോ, ഹോങ്കോങ് എന്നിവ നേട്ടത്തോടെയാണ് വ്യാപാരം നടത്തിയത്, ഷാങ്ഹായിൽ വ്യാപാരം താഴ്ന്നു.
വെള്ളിയാഴ്‌ച അമേരിക്കൻ വിപണികൾ ഏറെക്കുറെ നേട്ടത്തിലാണ് അവസാനിച്ചത്. എക്സ്ചേഞ്ച് ഡാറ്റ പ്രകാരം വിദേശ സ്ഥാപന നിക്ഷേപകർ (എഫ്ഐഐ) വെള്ളിയാഴ്‌ച 1,613.24 കോടി രൂപയുടെ ഇക്വിറ്റികൾ വാങ്ങി. ആഗോള ഓയിൽ ബെഞ്ച്മാർക്ക് ബ്രെന്‍റ് ക്രൂഡിന്‍റെ വ്യാപാരം 0.04 ശതമാനം ഇടിഞ്ഞ് ബാരലിന് 81.08 ഡോളറിലെത്തി. ബിഎസ്ഇ ബെഞ്ച്മാർക്ക് 75.71 പോയിൻ്റ് അഥവാ 0.10 ശതമാനം ഉയർന്ന് 73,961.31 ൽ എത്തി. നിഫ്റ്റി 42.05 അല്ലെങ്കിൽ 0.19 ശതമാനം ഉയർന്ന് 22,530.70 ൽ അവസാനിച്ചു.
ALSO READ : ഓണ്‍ലൈന്‍ ഓഹരി വ്യാപാരത്തിന്‍റെ മറവിൽ 17 ലക്ഷം തട്ടി ; യുവതി പിടിയിൽ