ന്യൂഡൽഹി : ഉള്ളിയുടെ കയറ്റുമതി നിരോധനം നേരത്തെ പ്രഖ്യാപിച്ച സമയപരിധിയായ മാർച്ച് 31 വരെ തുടരും. 2023 ഡിസംബർ 8ന് സർക്കാർ ഉള്ളിയുടെ കയറ്റുമതി നിരോധിച്ചിരുന്നു. ആഭ്യന്തര വില കുത്തനെ ഉയർന്നതാണ് ഉള്ളിയുടെ കയറ്റുമതി കേന്ദ്രം നിരോധിക്കാനുള്ള കാരണം.
ഉള്ളി കയറ്റുമതി നിരോധനം പിൻവലിച്ചിട്ടില്ലെന്നും ഇത് പ്രാബല്യത്തിലാണെന്നും മാർച്ച് 31 വരെ നിലനിൽക്കുമെന്നും ഉപഭോക്തൃ കാര്യ സെക്രട്ടറി രോഹിത് കുമാർ സിങ് പറഞ്ഞു. രാജ്യത്തെ ഉപഭോക്താക്കൾക്ക് മിതമായ നിരക്കിൽ ഉള്ളിയുടെ ആഭ്യന്തര ലഭ്യത ഉറപ്പാക്കുക എന്നതാണ് സർക്കാരിന്‍റെ പരമമായ മുൻഗണന എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കയറ്റുമതി നിരോധനം പിൻവലിച്ചെന്ന അടിസ്ഥാനരഹിതമായ റിപ്പോർട്ടുകൾക്കൊടുവിൽ രാജ്യത്തെ ഏറ്റവും വലിയ മൊത്ത ഉള്ളി വിപണിയായ ലാസൽഗോണിൽ ക്വിന്‍റലിന് 1,280 രൂപയായിരുന്ന ഉള്ളിവില, ഫെബ്രുവരി 19ന് ക്വിന്‍റലിന് 40.62 ശതമാനം ഉയർന്ന് 1,800 രൂപയായി (Onion Export Ban to Continue till Mar 31: Govt).
തണുപ്പ്കാലത്ത് പ്രത്യേകിച്ച് മഹാരാഷ്ട്രയിലടക്കം ഉള്ളി ഉത്‌പാദനം കുറയുന്നതിനാല്‍ മാർച്ച് 31ന് ശേഷവും നിരോധനം നീക്കില്ലെന്നാണ് സൂചന. ഇതിനാൽ കയറ്റുമതി നിയന്ത്രണം നീട്ടാനാണ് സാധ്യത. 2023 ശീതകാലത്ത് ഉള്ളി ഉത്‌പാദനം 22.7 ദശലക്ഷം ടൺ ആയിരുന്നു. മഹാരാഷ്ട്ര, മധ്യപ്രദേശ്, ഗുജറാത്ത് എന്നീ പ്രധാന സംസ്ഥാനങ്ങളിലെ ഉള്ളി ഉത്പാദനം വരും ദിവസങ്ങളിൽ കൃഷി മന്ത്രാലയ ഉദ്യോഗസ്ഥർ വിലയിരുത്തും.