ബെംഗളൂരു: എല്ലാ വർഷവും ഓഗസ്റ്റ് 12 മുതൽ 19 വരെ ലോക ഫോട്ടോഗ്രാഫി വാരമായി ആചരിക്കുന്നു. കല, സംസ്‌കാരം, ഫോട്ടോഗ്രാഫി എന്നിവയെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള വഴിയാണിത്. ഓഗസ്റ്റ് 12 മുതൽ 19 വരെ ഫോട്ടോഗ്രാഫി വാരമായി ആചരിക്കുന്നതിനാൽ തന്നെ യൂത്ത് ഫോട്ടോഗ്രാഫിക് സൊസൈറ്റി ഒരു എക്‌സിബിഷൻ സംഘടിപ്പിക്കുകയുണ്ടായി.
നിരവധി കലാകാരന്മാർ ഈ എക്‌സിബിഷനിൽ പങ്കെടുത്തു. ഓരോ ചിത്രത്തിലും തിളങ്ങി നിന്നത് ഓരോരുത്തരുടെയും കഥകളും വികാരങ്ങളും കാഴ്‌ചപ്പാടുകളുമായിരുന്നു. പ്രമുഖ ഫോട്ടോഗ്രാഫറായ നരേന്ദ്ര, ഇടിവി ഭാരതിന് നൽകിയ അഭിമുഖത്തിൽ ലോക ഫോട്ടോഗ്രാഫി വാരത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞു.
'ഈ ആഴ്‌ച എന്നത് ഞങ്ങളുടെ സൃഷ്‌ടിയുടെ ആഘോഷമാണ്. എല്ലാ കോണുകളിൽ നിന്നുമുള്ള ഫോട്ടോഗ്രാഫർമാർ അവരുടെ സൃഷ്‌ടികൾ പ്രദർശിപ്പിക്കാൻ ഒത്തുചേരുന്ന സമയമാണിത്. ഞങ്ങളുടെ ചിത്രങ്ങളുടെ ഭംഗിയും ആഴവും ആളുകൾക്ക് കാണുവാനും അഭിനന്ദിക്കാനും ലോകത്തിന് നൽകുന്ന അവസരമാണിതെന്നും' അദ്ദേഹം പറഞ്ഞു.
യൂത്ത് ഫോട്ടോഗ്രാഫിക് സൊസൈറ്റി (YPS) അംഗമായ ഫിർദൗസ് മിസ്ത്രി ഫോട്ടോഗ്രാഫിയിലൂടെ ആളുകളിലേക്ക് എത്തിക്കുവാൻ കഴിയുന്ന വൈകാരികതയുടെ ആഴത്തെക്കുറിച്ച് ഊന്നിപ്പറഞ്ഞു. 'വേൾഡ് ഫോട്ടോഗ്രാഫി വാരം എന്നത് ചിത്രങ്ങൾ പ്രദർശിപ്പിക്കുക മാത്രമല്ല, ക്യാമറ കണ്ണുകളിലൂടെ ഓരോ ഫോട്ടോഗ്രാഫറിൻ്റെയും ആഴത്തിലുള്ള വികാരങ്ങൾ പ്രകടിപ്പിക്കലും കൂടിയാണ്. ഓരോ ഫോട്ടോയും നമ്മൾ ലോകവുമായി പങ്കിടുന്ന നമ്മുടെ ആത്മാവിൻ്റെ ഒരു ആഖ്യാനമാണ്". മിസ്ത്രി പറഞ്ഞു.
യൂത്ത് ഫോട്ടോഗ്രഫി സൊസൈറ്റി അംഗം കൂടിയായ നരേന്ദ്രയുടെ ചിത്രത്തിന് സന്ദർശകർ നല്ല അഭിപ്രായം പങ്കുവച്ചതിനാൽ അദ്ദേഹം സന്തോഷം പ്രകടിപ്പിക്കുകയുണ്ടായി. ഒരു കലാകാരൻ്റെ സൃഷ്‌ടിയെ അഭിനന്ദിക്കുന്നതിനെക്കാൾ സന്തോഷകരമായ മറ്റൊന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. പ്രതികരണങ്ങൾ എപ്പോഴും നിർണായകമായിട്ടുളള കാര്യം തന്നെയാണ്. ഇത് നൽകുന്നത് സംതൃപ്‌തി മാത്രമല്ലെന്നും തങ്ങളുടെ സൃഷ്‌ടിയെ പരിഷ്‌കരിക്കാനും ഉയർത്താനും തങ്ങളെ പ്രേരിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
നരേന്ദ്ര തൻ്റെ ഏറ്റവും ശ്രദ്ധേയമായ ചിത്രങ്ങളിലൊന്നിൻ്റെ കഥ അഭിമുഖത്തിനിടെ പങ്കുവച്ചു. അതൊരു കടുവയുടെ ചിത്രം പകർത്തിയതിൻ്റെ കഥയായിരുന്നു. കടുവ ഇരുട്ടിൽ നിന്നും വെളിച്ചത്തിലേക്ക് വരുമ്പോൾ പെട്ടെന്ന് പകർത്തിയ ചിത്രമായിരുന്നു അത്.
കടുവ ഇരയുടെ നേർക്ക് നീങ്ങുമ്പോൾ പെട്ടെന്ന് നരേന്ദ്ര, ആ നിമിഷം പകർത്തി. ആ നിമിഷം എന്നത് തീവ്രമായിട്ടുളള ഒന്നായിരുന്നുവെന്നും ഇരയുടെ നോട്ടം എന്നത് അതിജീവനത്തിൻ്റെയും പ്രകൃതിയുടെ സൗന്ദര്യത്തിൻ്റെയും ശക്തമായ കഥയാണ് പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
ഫിർദൗസ് മിസ്ത്രി പകർത്തിയത് ഹൈദരാബാദിൽ നിന്നുള്ള ലംബാഡ ഗോത്രത്തെയായിരുന്നു. അതിന് പിന്നിലെ കഥ മിസ്ത്രി പങ്കുവച്ചു.'ഈ ഫോട്ടോയിലൂടെ ഗ്രാമീണ ജീവിതത്തിൻ്റെ സമൃദ്ധി ഉയർത്തിക്കാട്ടിക്കൊണ്ട് ഗോത്രത്തിൻ്റെ സംസ്‌കാരത്തെയും പൈതൃകത്തെയും പകർത്താനാണ് ഞാൻ ലക്ഷ്യമിട്ടതെന്ന്' മിസ്ത്രി പറഞ്ഞു. ലോക ഫോട്ടോഗ്രഫി വാരത്തോടനുബന്ധിച്ച് ഇങ്ങനെയൊരു എക്‌സിബിഷൻ നടത്തിയത് അഭിനന്ദാർഹമാണെന്ന് നരേന്ദ്രയും ഫിർദൗസും പറഞ്ഞു.
Also Read: പൂച്ചയെ വളര്‍ത്തിയാല്‍ ഇങ്ങനെയും ഗുണങ്ങള്‍? അന്താരാഷ്‌ട്ര പൂച്ച ദിനത്തില്‍ അറിയേണ്ടതെല്ലാം...