ഇന്ത്യയെ സംബന്ധിച്ച് നിർണായകമായിരുന്ന വർഷമാണ് കടന്നുപോകുന്നത്. ഏപ്രിലിൽ നടന്ന പൊതു തെരഞ്ഞെടുപ്പായിരുന്നു ഈ വർഷം ഇന്ത്യയിൽ നടന്ന ഏറ്റവും സുപ്രധാനമായ സംഭവം. ഈ തെരഞ്ഞെടുപ്പിലാണ് നരേന്ദ്ര മോദിയെ മൂന്നാം വട്ടവും ഇന്ത്യയുടെ പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തടുത്തത്. രാഹുൽ ഗാന്ധി ഇന്ത്യയുടെ പ്രതിപക്ഷ നേതാവുമായി.
അയോധ്യയിൽ രാമക്ഷേത്രം യാഥാർത്ഥ്യമായതും 2024 ൽ ആണ്. ജനുവരിയിൽ നടന്ന പ്രാണപ്രതിഷ്‌ഠാ ചടങ്ങ് ഇന്ത്യയുടെ സാമൂഹിക-രാഷ്‌ട്രീയ ചരിത്രത്തിൽ വലിയ ചലനങ്ങളുണ്ടാക്കിയ സംഭവ വികാസങ്ങൾക്ക് പൂർണവിരാമമിടുന്ന വേളയായി.
സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ഔദ്യോഗികമായി രേഖപ്പെടുത്തിയ സുപ്രധാനമായ ചരിത്രം പിറന്നതും ഈ വർഷം തന്നെയാണ്. ഇന്ത്യയിൽ നിലനിന്ന ക്രിമിനൽ നിയമങ്ങളെയെല്ലാം ഉടച്ചുവാർത്ത് മൂന്ന് പുതിയ ക്രിമിനൽ നിയമങ്ങൾ കൊണ്ടുവന്നത് രാജ്യത്തെ സംബന്ധിച്ച് നിർണായകമായ നാഴികക്കല്ലാണ്. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ അപൂർവ സംഭവമായ, അധികാരത്തിലുള്ള മുഖ്യമന്ത്രിമാരുടെ അറസ്‌റ്റുകളിലൊന്ന് നടന്നതും ഈ വർഷമാണ്. ഇങ്ങനെ സംഭവബഹുലമായ വർഷമാണ് ഈ കടന്നുപോകുന്ന 2024. അവയിൽ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലേക്ക് നമുക്കൊന്ന് തിരിഞ്ഞുനോക്കാം.
എക്സ്‍പോസാറ്റ് വിക്ഷേപണം
ഐഎസ്ആര്‍ഒ കൈവരിച്ച ചരിത്രനേട്ടത്തോടെയാണ് ഇന്ത്യ പുതുവർഷത്തെ വരവേറ്റത്. ജനുവരി 1 രാവിലെ 9:10ന് ഇന്ത്യയുടെ ആദ്യ എക്‌സ്–റേ പോളാരിമീറ്റർ ഉപഗ്രഹമായ എക്സ്‍പോസാറ്റുമായി പിഎസ്എൽവി സി-58 (PSLV C-58) സതീഷ് ധവാൻ സ്പേസ് സെന്‍ററില്‍ നിന്ന് പറന്നുയര്‍ന്നു.
പിഎസ്‌എല്‍വിയുടെ അറുപതാമത്തെ വിക്ഷേപണമായിരുന്നു അത്. തമോഗര്‍ത്തങ്ങളെയും ന്യൂട്രോണ്‍ നക്ഷത്രങ്ങളെയും കുറിച്ചുള്ള പഠനമാണ് എക്സ്‍പോസാറ്റിലൂടെ ഐഎസ്ആര്‍ഒ ലക്ഷ്യമിട്ടത്. ഐഎസ്‌ആര്‍ഒയും ബെംഗളൂരുവിലെ രാമന്‍ റിസര്‍ച്ച് ഇന്‍സ്‌റ്റിറ്റ്യുട്ടും സംയുക്തമായിട്ടാണ് എക്‌സ്‌പോസാറ്റ് രൂപകല്‍പ്പന ചെയ്‌തത്. ലോകത്തിലെ തന്നെ രണ്ടാമത്തെ എക്‌സ്‌റേ പോളാരിമീറ്റര്‍ സാറ്റലൈറ്റാണ് ഇന്ത്യയുടെ എക്‌സ്‌പോസാറ്റ്.
ആദിത്യ-എല്‍1 ലക്ഷ്യസ്ഥാനത്ത്
ഐഎസ്ആര്‍ഒ വിക്ഷേപിച്ച ഇന്ത്യയുടെ ആദ്യ സൂര്യ പര്യവേക്ഷണ ദൗത്യമായ ആദിത്യ-എല്‍1 ലക്ഷ്യസ്ഥാനമായ ലാഗ്രാഞ്ച് പോയിന്‍റിൽ (എല്‍1) എത്തിയച് ജനുവരി 6 ന് ആണ്. ഭൂമിയില്‍ നിന്നും 15 ലക്ഷത്തിലേറെ കിലോ മീറ്ററുകള്‍ താണ്ടിയാണ് പേടകം ലക്ഷ്യ സ്ഥാനത്ത് എത്തിയത്. ലാഗ്രാഞ്ച് പോയിന്‍റില്‍ നിന്നുകൊണ്ട് അടുത്ത അഞ്ചുവര്‍ഷ കാലത്തേക്ക് ആദിത്യ എല്‍1 എന്ന ഇന്ത്യന്‍ ബഹിരാകാശ പേടകം സൂര്യനെ നേര്‍ക്കുനേര്‍ വീക്ഷിക്കും.
സൂര്യ ഭൗമ വ്യവസ്ഥയിലെ അഞ്ച് ലാഗ്രാഞ്ച് പോയിന്‍റുകളില്‍ ആദ്യത്തേതിന് ചുറ്റുമുള്ള ഭ്രമണപഥമായ 'ഹലോ ഓര്‍ബിറ്റി'ലാണ് പേടകം പ്രവേശിച്ചത് എന്ന് ഐഎസ്ആർഒ സ്ഥിരീകരിച്ചു. ഇതോടെ ഈ നേട്ടം കൈവരിക്കുന്ന അഞ്ചാമത്തെ ബഹിരാകാശ ഏജൻസിയായി ഐഎസ്ആർഒ മാറി.
രാമക്ഷേത്രം പ്രാണപ്രതിഷ്‌ഠ
ഉത്തർപ്രദേശിലെ അയോധ്യയിൽ നിർമാണം പൂർത്തിയാക്കിയ രാമക്ഷേത്രം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചത് ജനുവരി 22 നാണ്. അന്നേദിവസം ഉച്ചയ്‌ക്ക് 12.20 നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ പ്രാണ പ്രതിഷ്‌ഠാ ചടങ്ങുകൾ ആരംഭിച്ചത്. 12 മണി 29 മിനിട്ട് എട്ട് സെക്കന്‍ഡ് മുതല്‍ 12 മണി 30 മിനിട്ട് 32 സെക്കന്‍ഡ് വരെയുള്ള അഭിജിത് മുഹൂര്‍ത്തത്തിലാണ് (84 സെക്കന്‍ഡ്) പ്രാണ പ്രതിഷ്‌ഠ നടന്നത്.
ചടങ്ങിന് സാക്ഷ്യം വഹിച്ച ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ആരതി നടത്തി. ചടങ്ങിന് നേരിട്ട് സാക്ഷ്യം വഹിക്കാന്‍ വിശിഷ്‌ടാതിഥികൾ ഉൾപ്പടെ ഏഴായിരത്തിലധികം ആളുകളാണ് ക്ഷേത്ര പരിസരത്തുണ്ടായിരുന്നത്. ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേലും മുഖ്യമന്ത്രി യോഗി ആദിത്യനാഥും ആർഎസ്എസ് മേധാവി മോഹൻ ഭാഗവതും ചടങ്ങുകൾക്കായി ശ്രീകോവിലിനുള്ളിൽ സന്നിഹിതരായിരുന്നു. ഗണേശ്വര്‍ ശാസ്‌ത്രി ദ്രാവിഡിന്‍റെ മേല്‍നോട്ടത്തില്‍ വാരാണസിയില്‍ നിന്നുള്ള ആചാര്യന്‍ ലക്ഷ്‌മീകാന്ത് ദീക്ഷിത്താണ് ചടങ്ങിന് നേതൃത്വം നല്‍കിയത്.
ഹേമന്ത് സോറന്‍റെ രാജിയും അറസ്‌റ്റും
ഭൂമി കുംഭകോണക്കേസിലെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇഡി അന്വേഷണം നേരിട്ടിരുന്ന ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍ രാജിവെക്കുന്നതും അറസ്‌റ്റിലാകുന്നതും ജനുവരി 31 നാണ്.
രാജ്‌ഭവനിലെത്തി ഗവര്‍ണറെ കണ്ട് രാജി കത്ത് കൈമാറി മണിക്കൂറുകള്‍ക്കുള്ളില്‍ സോറനെ ഇഡി സംഘം കസ്റ്റഡിയിലെടുത്തു. തുടർന്ന് ഫെബ്രുവരി 2 ന് ചമ്പയ് സോറൻ ജാർഖണ്ഡിൻ്റെ പുതിയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തു.
ഏകീകൃത സിവിൽ കോഡ് പാസാക്കി ഉത്തരാഖണ്ഡ്
ഏകീകൃത സിവിൽ കോഡ് സംബന്ധിച്ച് ബിൽ പാസാക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമായി ഉത്തരാഖണ്ഡ് മാറി. ഫെബ്രുവരി 7 ന് ആണ് നിയമസഭയുടെ പ്രത്യേക സമ്മേളനത്തിൽ ഏക സിവില്‍ കോഡ് ബിൽ അവതരിപ്പിച്ചത്. ജയ്ശ്രീറാം വിളികള്‍ക്കിടയില്‍ മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമിയാണ് ബില്‍ അവതരണം നടത്തിയത്.
റിട്ടയേർഡ് ജസ്റ്റിസ് രഞ്ജന പ്രകാശ് ദേശായിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സമിതിയാണ് ഏക സിവില്‍ കോഡ് ബില്ലിന്‍റെ കരട് മുഖ്യമന്ത്രിക്ക് കൈമാറിയത്. തുടർന്ന് മാർച്ച് പതിമൂന്നിനാണ് നിയമസഭ പാസാക്കിയ ഏകീകൃത സിവിൽ കോഡ് ബില്ലിന് രാഷ്ട്രപതി ദ്രൗപതി മുർമുവിൻ്റെ അംഗീകാരം നൽകുന്നത്. രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചതോടെ സംസ്‌ഥാനത്ത് ഇത് നിയമമായി. ഇനി ചട്ടങ്ങൾ ഉണ്ടാക്കിയ ശേഷം വിജ്ഞാപനമിറങ്ങുന്നതോടെ സംസ്ഥാനത്ത് ഏകീകൃത സിവിൽ കോഡ് നടപ്പാകും
ഇലക്‌ടറല്‍ ബോണ്ട് റദ്ദാക്കൽ
ഒന്നാം മോദി സര്‍ക്കാര്‍ അവതരിപ്പിച്ച ഇലക്‌ടറല്‍ ബോണ്ട് സ്‌കീം സുപ്രീം കോടതി അസാധുവാക്കിയത് ഫെബ്രുവരി 15 നാണ്. സ്‌കീം ഭരണഘടനാ വിരുദ്ധവും, ഏകപക്ഷീയവും, ഭരണഘടനയുടെ ആർട്ടിക്കിൾ 19 പ്രകാരമുള്ള വിവരാവകാശ ലംഘനവുമാണെന്ന് പ്രസ്‌താവിച്ചുകൊണ്ടാണ് കോടതി പദ്ധതി റദ്ദാക്കണമെന്ന് നിര്‍ദേശിച്ചത്. ചീഫ് ജസ്റ്റിസ് ജി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ജെ ബി പര്‍ദിവാല, ബി ആര്‍ ഗവായ്, മനോശ് മിശ്ര എന്നിവരുടെ ബെഞ്ചാണ് കേന്ദ്രത്തിന് തിരിച്ചടിയായ വിധി പ്രഖ്യാപിച്ചത്.
രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിക്കുന്ന സംഭാവനകളെക്കുറിച്ച് അറിയാനുള്ള അവകാശം പൊതുജനങ്ങള്‍ക്കുണ്ടെന്നും ഇലക്‌ടറല്‍ ബോണ്ട്, ആര്‍ട്ടിക്കിള്‍ 19 (1) (എ)യ്‌ക്ക് എതിരാണെന്നും കോടതി നിരീക്ഷിച്ചു.സംഭാവനകള്‍ നല്‍കുന്നവര്‍ക്ക് രാഷ്‌ട്രീയ പാര്‍ട്ടികളില്‍ സ്വാധീനം കൂടുമെന്നും, ഇത് തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്നും കോടതി വ്യക്തമാക്കി. ഇലക്‌ടറല്‍ ബോണ്ടുകളുടെ വിതരണം നിര്‍ത്താന്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയോട് കോടതി ആവശ്യപ്പെട്ടു. ഇതുവരെ നല്‍കിയ ബോണ്ടുകളുടെ വിവരങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മിഷന് നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.
ഇന്‍സാറ്റ് 3 ഡിഎസ് വിക്ഷേപണം
ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് കാലാവസ്ഥ നിരീക്ഷണ ഉപഗ്രഹമായ ഇന്‍സാറ്റ് 3 ഡിഎസ് വിക്ഷേപിച്ചു. ഫെബ്രുവരി 17 ന് വൈകിട്ട് 5.35 നാണ് വിക്ഷേപണം നടന്നത്. 51.7 മീറ്റർ ഉയരമുള്ള ജിഎസ്‌എല്‍വി-F14 ഉപയോഗിച്ചാണ് ഉപഗ്രഹം വിക്ഷേപിച്ചത്. 2,274 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹം കാലാവസ്ഥയെ കുറിച്ച് കൂടുതല്‍ പഠനങ്ങള്‍ക്ക് വഴിയൊരുക്കും. ജിഎസ്‌എല്‍വിയുടെ സഹായത്തോടെ ഐഎസ്‌ആര്‍ഒ നടത്തുന്ന പതിനാറാമത്തെ വിക്ഷേപണമാണിത്. കാലാവസ്ഥ പ്രവചനത്തില്‍ കൂടുതല്‍ കൃത്യത വരുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഐഎസ്‌ആര്‍ഒ ഇന്‍സാറ്റ് 3ഡിഎസ് വിക്ഷേപിച്ചത്.
രാജ്യസഭാ തിരഞ്ഞെടുപ്പ്
രാജ്യസഭയിലേക്ക് 65 അംഗങ്ങളെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് നടന്നു. ബിജെപി 32 സീറ്റുകൾ നേടി. ഹിമാചൽ പ്രദേശിലും ഉത്തർപ്രദേശിലും കോൺഗ്രസ്, സമാജ്‌വാദി പാർട്ടി എംഎൽഎമാർ കൂറുമാറി വോട്ട് ചെയ്‌തതോടെ ബിജെപിക്ക് മുന്‍പുണ്ടായിരുന്നതിനെക്കാൾ രണ്ട് സീറ്റ് കൂടുതൽ ലഭിച്ചു.
പൗരത്വ നിയമഭേദഗതി പ്രാബല്യത്തിൽ
പൗരത്വ നിയമഭേദഗതി പ്രാബല്യത്തിലാക്കിക്കൊണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇതുമായി ചട്ടങ്ങൾ വിജ്ഞാപനം ചെയ്‌തത് മാർച്ച് 11 നാണ്. വിജ്ഞാപനപ്പ്രകാരം നിശ്ചിത രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിൽ അഭയാർത്ഥികളായെത്തിയ ആറ് വിഭാഗക്കാർക്ക് പൗരത്വം ലഭിക്കും.
പാകിസ്‌ഥാന്‍, ബംഗ്ലാദേശ്, അഫ്‌ഗാനിസ്‌ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് 2014 ഡിസംബര്‍ 31 ന് മുന്‍പ് ഇന്ത്യയിലെത്തിയ ഹിന്ദു, സിഖ്, ജൈന, ക്രിസ്ത്യന്‍, ബുദ്ധ, പാര്‍സി മതവിശ്വാസികള്‍ക്കാകും പൗരത്വം നല്‍കുക.
അരവിന്ദ് കെജ്‌രിവാളിൻ്റെ അറസ്‌റ്റ്
മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്‌ടറേറ്റ് അറസ്‌റ്റ് ചെയ്‌തു. കെജ്‌രിവാളിന്‍റെ വീട്ടില്‍ നടന്ന പരിശോധനയ്‌ക്ക് പിന്നാലെ നാടകീയമായിട്ടായിരുന്നു അറസ്‌റ്റ് നടന്നത്. എൻഫോഴ്സ്മെൻ്റ് ഡയറക്‌ടറേറ്റ് കെജ്‌രിവാളിനെ പിന്നീട് ഏജൻസി ആസ്ഥാനത്തേക്ക് കൊണ്ടുപോയി.
പൊതു തെരഞ്ഞെടുപ്പ്- മോദിയുടെ മൂന്നാമൂഴം
ഇന്ത്യ 18-ാമത് പൊതുതെരഞ്ഞെടുപ്പിന് സാക്ഷ്യം വഹിച്ചത് ഈ വർഷമാണ്. ഏപ്രിൽ 19 മുതൽ ജൂൺ 1 വരെ ഏഴ് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ് നടന്നത്. ജൂൺ 4 നാണ് ഫലം പ്രഖ്യാപിച്ചത്. 96.8 കോടി (968 ദശലക്ഷം) വോട്ടർമാരിൽ 312 ദശലക്ഷം സ്ത്രീകൾ ഉൾപ്പെടെ 64.2 കോടി പേർ തങ്ങളുട സമ്മതിദാനാവകാശം വിനിയോഗിച്ചു. ഒടുവിൽ ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സഖ്യം തെരഞ്ഞെടുപ്പിൽ വിജയിക്കുകയും നരേന്ദ്ര മോദി തുടർച്ചയായി മൂന്നാം വട്ടവും ഇന്ത്യയുടെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌ത് അധികാരത്തിലേറുകയും ചെയ്‌തു.
400 സീറ്റുകൾ ലക്ഷ്യമിട്ട് തെരഞ്ഞെടുപ്പിനെ നേരിട്ട ബിജെപിക്ക് അത് നേടാനായില്ലെന്നുമാത്രമല്ല ഒറ്റക്ക് കേവല ഭൂരിപക്ഷം മറികടക്കാനും കഴിഞ്ഞില്ല. പ്രധാന സഖ്യകക്ഷികളായ ആന്ധ്രാപ്രദേശിലെ തെലുങ്കുദേശം പാർട്ടി, ബിഹാറിലെ ജനതാദൾ (യുണൈറ്റഡ്) എന്നിവരുടെ പിന്തുണയുണ്ടായിരുന്നതിനാൽ സീറ്റ് കുറഞ്ഞത് ബിജെപിയെ കാര്യമായി ബാധിച്ചില്ലെന്നു പറയാം.
543 സീറ്റുകളുള്ള ലോക്‌സഭയിൽ ബിജെപിക്ക് 240 സീറ്റുകൾ മാത്രമാണ് നേടാനായത്. 2019 ൽ ബിജെപി 303 സീറ്റുകൾ നേടിയാണ് അധികാരത്തിലെത്തിയത്. അതിനെയപേക്ഷിച്ച് തിളക്കം നന്നേ കുറഞ്ഞ വിജയമാരുന്നു ഈ വർഷത്തേത്.
എന്‍ഡിഎയിലെ മറ്റ് പ്രധാന പാർട്ടികളായ ടിഡിപിയും ജെഡിയുവും യഥാക്രമം 16, 12 സീറ്റുകൾ നേടി. അങ്ങനെ ആകെ 293 സീറ്റുകളാണ് എൻഡിഎ നേടിയത്. കഴിഞ്ഞ തവണ എൻഡിഎയുടെ അന്തിമ നേട്ടം 353 ആയിരുന്നു.
രാഹുൽ ഗാന്ധിയുടെ തിരിച്ചുവരവ്
തെരഞ്ഞെടുപ്പിൽ കോൺഗ്രസ് തിരിച്ചുവരവിന്‍റെ ലക്ഷണങ്ങളാണ് പ്രകടമാക്കിയത്. 2019 ൽ കേവലം 52 സീറ്റുകൾ നേടിയ കോൺഗ്രസ് ഇക്കുറി അത് ഇരട്ടിയായി വർധിപ്പിച്ച് 99 ൽ എത്തിച്ചു. കഴിഞ്ഞ തവണ പ്രതിപക്ഷ നേതൃ സ്ഥാനം പോലുമില്ലാതിരുന്നിടത്ത് ഇക്കുറി രാഹുൽ ഗാന്ധിക്ക് പ്രതിപക്ഷ നേതാവാകാനായി എന്നതും കോൺഗ്രസിനെ സംബന്ധിച്ച് വലിയ നേട്ടമാണ്.
കേരളത്തിലെ വയനാട്ടിൽ നിന്നും ഉത്തർപ്രദേശിലെ റായ്ബറേലിയിൽ നിന്നും മത്സരിച്ച രാഹുലിന് രണ്ടിടത്തും വിജയിക്കാനായി. വയനാട്ടിൽ സിപിഐയിലെ ആനി രാജയ്‌ക്കെതിരെ 3.64 ലക്ഷം വോട്ടുകൾക്കായിരുന്നു രാഹുലിന്‍റെ വിജയം. അതേസമയം റായ്ബറേലിയിൽ ബിജെപിയുടെ ദിനേശ് പ്രതാപ് സിങ്ങിനെതിരെ 3.9 ലക്ഷം വോട്ടുകൾക്കും വിജയിച്ചു. തുടർന്ന് വയനാട്ടിൽ നിന്ന് രാജിവെച്ച രാഹുൽ റായ്ബറേലിയിൽ പ്രവർത്തന മണ്ഡലം ഉറപ്പിക്കുന്നതും, വയനാട്ടിൽ രാഹുലിന്‍റെ സഹോദരി പ്രയങ്ക ഗാന്ധി മത്സരിച്ചു വിജയിക്കുന്നതും നമ്മൾ കണ്ടു. നവംബർ 28 നാണ് പ്രയങ്ക വയനാടിന്‍റെ എംപിയായി സത്യപ്രതിജ്ഞ ചെയ്‌തത്.
ആന്ധ്രയുടെ അമരത്തേക്ക് നായിഡു
ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം തന്നെ നടന്ന ആന്ധ്രാപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ തെലുങ്കുദേശം പാർട്ടിയുടെ നേതൃത്വത്തിലുള്ള എൻഡിഎ മുന്നണി അധികാരത്തിൽ വന്നു. മേയ് 13ന് ഒറ്റഘട്ടമായാണ് സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് നടന്നത്. ജൂൺ 4ന് വോട്ടെണ്ണൽ നടന്നപ്പോൾ അതുവരെ ഭരിച്ച ജഗൻ മോഹൻ റെഡ്ഡിയുടെ YSRCP പാർട്ടി കനത്ത തിരിച്ചടി നേരിട്ടു.
2019-ൽ 151 സീറ്റ് നേടിയ YSRCP ഇത്തവണ വെറും 11 സീറ്റിലേക്ക് ചുരുങ്ങി. അതേസമയം നായിഡുവിന്‍റെ ടിഡിപി 135 സീറ്റുകൾ നേടി. 2019-ൽ വെറും 23 സീറ്റ് കിട്ടിയിടത്താണ് ഇക്കുറി അതിന്‍റെ ആറിരട്ടിയോളം സീറ്റുകൾ സമാഹരിച്ചത്. ജൂൺ 12-ന് ചന്ദ്രബാബു നായിഡു ആന്ധ്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തു.
ഒഡിഷയിൽ ബിജെപി
ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം നടന്ന ഒഡിഷ നിയമസഭാ തെരഞ്ഞെടുപ്പിൽ നവീൻ പട്‌നായിക്കിൻ്റെ 24 വർഷത്തെ ഭരണം അവസാനിപ്പിച്ച് ബിജെപി കളം പിടിക്കുന്നതിന് ഈ വർഷം സാക്ഷിയായി. 147 സീറ്റുകളുള്ള നിയമസഭയിൽ 78 സീറ്റുകൾ നേടി ബിജെപി കേവലഭൂരിപക്ഷം നേടി. നവീൻ പട്‌നായിക്കിൻ്റെ ബിജു ജനതാദൾ പാർട്ടിക്ക് 54 സീറ്റുകൾ മാത്രമേ നേടാനായുള്ളൂ. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഒഡീഷയിലെ 21 സീറ്റുകളിൽ 20 എണ്ണത്തിലും വിജയിക്കാനായതും ബിജെപിക്ക് നേട്ടമായി.
പുതിയ നിയമങ്ങള്‍
രാജ്യത്ത് പുതിയ ക്രിമിനല്‍ നിയമങ്ങള്‍ പ്രാബല്യത്തില്‍ വന്നത് ജൂലെ ഒന്നിനാണ്. 'ഐപിസി', 'സിആർപിസി', ഇന്ത്യൻ തെളിവ് നിയമം എന്നിവയ്‌ക്ക് പകരമായി ഭാരതീയ ന്യായ് സംഹിത, ഭാരതീയ നാഗരിക് സുരക്ഷ സംഹിത, ഭാരതീയ സാക്ഷ്യ അധീനിയം എന്നിവയാണ് യഥാക്രമം നിലവില്‍ വന്നത്. രണ്ടാം മോദി സര്‍ക്കാരിന്‍റെ കാലത്ത് പാസാക്കിയ നിയമങ്ങളാണിവ.
ഇതോടെ 164 വര്‍ഷം പഴക്കമുളള ഇന്ത്യൻ ശിക്ഷാനിയമം ഉള്‍പ്പെടെയുളള മൂന്ന് നിയമങ്ങൾ ചരിത്രത്തിന്‍റെ ഭാഗമായി മാറി. കുറ്റവും ശിക്ഷയും നിര്‍വചിക്കുന്ന ഇന്ത്യൻ പീനല്‍ കോഡിന് (ഐപിസി) പകരമാണ് ഭരതീയ ന്യായ് സംഹിത. പുതിയ ക്രിമിനല്‍ നടപടിക്രമങ്ങളെ കുറിച്ചാണ് ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയില്‍ പറയുന്നത്. ഇന്ത്യൻ തെളിവ് നിയമത്തിന് പകരമായാണ് ഭാരതീയ സാക്ഷ്യ അധിനിയം നിലവില്‍ വന്നത്.
കെജ്‌രിവാളിന്‍റെ രാജി
സെപ്‌റ്റംബർ 15 നാണ് അരവിന്ദ് കെജ്‌രിവാൾ അപ്രതീക്ഷിതമായി ഡൽഹി മുഖ്യമന്ത്രിപദത്തിൽ നിന്ന് രാജി പ്രഖ്യാപിച്ചത്. 177 ദിവസത്തെ തിഹാർ ജയിൽ ജീവിതത്തിന് ശേഷം ജാമ്യത്തിലിറങ്ങി പാർട്ടി പ്രവർത്തകരെ ആദ്യമായി അഭിസംബോധന ചെയ്യവെയായിരുന്നു നാടകീയ രാജി പ്രഖ്യാപനം. തുടർന്ന് സെപ്‌റ്റംബർ 17 ന് ലഫ്. ഗവര്‍ണറുടെ ഔദ്യോഗിക വസതിയിലെത്തി കെജ്‌രിവാൾ രാജിക്കത്ത് കൈമാറി. കെജ്‌രിവാളിന്‍റെ രാജിയ്‌ക്ക് പിന്നാലെ സെപ്‌റ്റംബർ 23 ന് അതിഷി മര്‍ലേന ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തു.
ഹരിയാനയിലും മഹാരാഷ്ട്രയിലും ബിജെപി
സെപ്റ്റംബർ, ഒക്ടോബർ , നവംബർ മാസങ്ങളിൽ നാലിടത്താണ് നിയമസഭാ തെരഞ്ഞെടുപ്പ് നടന്നത്. ഹരിയാന , ജമ്മു കാശ്‌മീർ എന്നിവിടങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പ് ഫലം വന്നത് ഒക്ടോബർ എട്ടിനാണ്. ഹരിയാനയിൽ ബിജെപി മൂന്നാം വട്ടവും അധികാരമുറപ്പിച്ചപ്പോൾ ജമ്മു കാശ്‌മീരിൽ നാഷണൽ കോൺഫറൻസും (എൻസി) കോൺഗ്രസും ചേര്‍ന്ന ഇന്ത്യ സഖ്യമാണ് വിജയിച്ചത്. ഹരിയാനയിലെ 90 സീറ്റുകളിൽ 48 സീറ്റുകളിലും ബിജെപി ജയിച്ചുകയറി. കോൺഗ്രസ് 37 സീറ്റുകൾ നേടി രണ്ടാമതെത്തി. തുടർന്ന് നയാബ് സിങ് സെയ്‌നി തന്നെ വീണ്ടും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തു.
ജമ്മു കാശ്‌മീരിൽ 90 സീറ്റുകളില്‍ 48 എണ്ണം ഇന്ത്യ സഖ്യം വിജയിച്ചപ്പോള്‍ 29 സീറ്റുകൾ മാത്രമാണ് ബിജെപിക്ക് നേടാൻ കഴിഞ്ഞത്. നാഷണൽ കോൺഫറൻസ് 42 സീറ്റുകളിലും ബിജെപി 29 സീറ്റുകളിലും കോൺഗ്രസ് ആറ് സീറ്റുകളിലും വിജയിച്ചു. പിഡിപിക്ക് മൂന്ന് മണ്ഡലങ്ങളില്‍ മാത്രമാണ് വിജയിക്കാനായത്. തുടർന്ന് നാഷണല്‍ കോണ്‍ഫറന്‍സ് ഉപാധ്യക്ഷന്‍ ഒമര്‍ അബ്ദുള്ള സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേറ്റു.
നവംബറിലാണ് ജാർഖണ്ഡ് മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടന്നത്. ജാർഖണ്ഡ് നിയമസഭയിൽ ജാർഖണ്ഡ് മുക്തി മോർച്ചയുടെ നേതൃത്വത്തിലുള്ള സഖ്യം ഭൂരിപക്ഷം നേടി അധികാരം നിലനിർത്തി. മഹാരാഷ്ട്ര നിയമസഭയിൽ BJP നേതൃത്വത്തിലുള്ള സഖ്യം വൻ വിജയം നേടി.
പ്രിയങ്കയും ലോക്‌സഭയിലേക്ക്
വയനാട്ടിൽ നിന്ന് രാഹുൽ ഗാന്ധി റായ്ബറേലിയിലേക്ക് ചേക്കേറിയപ്പോൾ ഒഴിവുവന്ന സീറ്റിൽ സഹോദരി പ്രിയങ്ക ഗാന്ധി വൻ ഭൂരിപക്ഷത്തോടെ ജയിച്ചുകയറുന്നതിന് 2024 നവംബർ സാക്ഷിയായി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് പ്രിയങ്ക ഗാന്ധി വയനാട് ലോക്‌സഭാ സീറ്റ് നേടിയത്. കഴിഞ്ഞതവണ രാഹുൽഗാന്ധി 3,64,422 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. ആ ഭൂരിപക്ഷം ഇത്തവണ പ്രിയങ്ക ഗാന്ധിക്ക് മറികടയ്‌ക്കാനായി. നവംബർ 23 നാണ് തെരഞ്ഞെടുപ്പ് ഫലം വന്നത്. തുടർന്ന് നവംബർ 28 ന് അവർ എംപിയായി സത്യപ്രതിജ്ഞ ചെയ്‌തു.