ബീജാപൂർ : ഛത്തീസ്‌ഗഡിലെ ബിജാപൂർ ജില്ലയിൽ നക്‌സലൈറ്റുകൾ സ്ഥാപിച്ച സ്ഫോടക വസ്‌തു (ഐഇഡി) പൊട്ടിത്തെറിച്ച് 25 കാരി കൊല്ലപ്പെട്ടു. ഗംഗളൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ മല്ലൂർ ഗ്രാമത്തിലാണ് സംഭവം. ടെന്‍ഡു ഇലകൾ ശേഖരിക്കുന്നതിനിടെയാണ് ശാന്തി പുനെം എന്ന യുവതി കൊല്ലപ്പെട്ടത്. ഐഇഡിയുടെ മേലെ യുവതി അറിയാതെ ചവിട്ടുകയായിയിരുന്നു എന്ന് പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
വെള്ളിയാഴ്‌ച, സുരക്ഷ ഉദ്യോഗസ്ഥരുമായുള്ള ഏറ്റുമുട്ടലിൽ 12 നക്‌സലൈറ്റുകൾ കൊല്ലപ്പെട്ട പിഡിയ ഗ്രാമത്തിൽ നിന്ന് 20 കിലോമീറ്റർ അകലെയായാണ് സ്ഫോടനം നടന്നു. ബീജാപൂർ ഉൾപ്പെടെ ഏഴ് ജില്ലകൾ ഉൾപ്പെടുന്ന ബസ്‌തര്‍ മേഖലയില്‍ പട്രോളിങ് നടത്തുന്ന സുരക്ഷ ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ട് നക്‌സലൈറ്റുകൾ ഇത്തരത്തില്‍ ഐഇഡി സ്ഥാപിക്കാറുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
ഇതിന് മുമ്പും ബസ്‌തറിൽ നക്‌സലേറ്റുകള്‍ സ്ഥാപിച്ച ഇത്തരം സ്‌ഫോടക വസ്‌തുക്കൾ പൊട്ടിത്തെറിച്ച് നിരവധി സാധാരണക്കാർ കൊല്ലപ്പെടുന്ന സാഹചര്യമുണ്ടായതായും അദ്ദേഹം പറഞ്ഞു. ഏപ്രിൽ 12 ന് ഇതേ ജില്ലയിലെ മിർതൂർ പ്രദേശത്ത് റോഡ് നിർമാണത്തിനിടെ ഒരു തൊഴിലാളിക്ക് ജീവൻ നഷ്‌ടമായിരുന്നു. ഏപ്രിൽ 20 നും ഗംഗളൂർ പ്രദേശത്ത് നക്‌സലുകൾ സ്ഥാപിച്ച ഐഇഡി പൊട്ടിത്തെറിച്ച് ഒരാൾ കൊല്ലപ്പെട്ടിരുന്നു.