പശ്ചിമ മേദിനിപൂർ : ഡൽഹിയിൽ ഇന്ത്യാസഖ്യം അധികാരത്തിൽ വന്നാൽ എൻആർസി, സിഎഎ, യൂണിഫോം സിവിൽ കോഡ് എന്നിവ റദ്ദാക്കുമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ബിജെപിയെ വിശ്വസിക്കാനാവില്ല. അവർ വാഗ്‌ദാനങ്ങൾ പാലിക്കുന്നില്ല. ഡൽഹിയിൽ ഇന്ത്യാസഖ്യം അധികാരത്തിൽ വന്നാൽ ഞങ്ങൾ എൻആർസി, സിഎഎ, യൂണിഫോം സിവിൽ കോഡ് എന്നിവ റദ്ദാക്കും.
മെയ് 20 ന് നടക്കുന്ന അഞ്ചാം ഘട്ട വോട്ടെടുപ്പിന് മുന്നോടിയായി വെള്ളിയാഴ്‌ച (മെയ് 17) പശ്ചിമ മേദിനിപൂർ ജില്ലയിൽ ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അവര്‍. നരേന്ദ്രമോദിയെ വിശ്വസിക്കരുത്. അവരുടെ വാക്കുകൾക്ക് ഒരു ഉറപ്പുമില്ല. പ്രധാനമന്ത്രി നരേന്ദ്രമോദി മൂന്നാം തവണയും തെരഞ്ഞെടുക്കപ്പെട്ടാൽ എൻആർസി, സിഎഎ, യൂണിഫോം സിവിൽ കോഡ് എന്നിവ നടപ്പാക്കുമെന്നും അവർ വ്യക്തമാക്കി.
നരേന്ദ്രമോദിയെ വീണ്ടും അധികാരത്തിൽ വരാൻ അനുവദിക്കരുത്. ന്യൂനപക്ഷങ്ങൾക്കും ഹിന്ദുക്കൾക്കും ഒബിസികൾക്കും പിന്നീട് ഇവിടെ നിലനിൽപ്പുണ്ടാകില്ല. ഇവിടെ ആദിവാസികൾ ഉണ്ടാകില്ല, മനുഷ്യാവകാശമുണ്ടാകില്ല, സ്വേച്‌ഛാധിപത്യ ഭരണമാകും ഇന്ത്യയിൽ കാണാനാവുക. മാത്രമല്ല രാജ്യത്ത് പിന്നീട് തെരഞ്ഞെടുപ്പുകളൊന്നും ഉണ്ടാകില്ല. ഇത് അവസാന തെരഞ്ഞെടുപ്പായിരിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
ഇപ്പോഴും പ്രതിപക്ഷ ബ്ലോക്കിൻ്റെ ഭാഗമാണെന്നും മമത പറഞ്ഞു. കേന്ദ്രത്തിൽ സർക്കാർ രൂപീകരിക്കുകയാണെങ്കിൽ ഇന്ത്യ ബ്ലോക്കിന് പുറത്തുനിന്നുള്ള പിന്തുണ നൽകുമെന്ന് മമത ബാനർജി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ടിഎംസി ഇന്ത്യാബ്ലോക്കിൻ്റെ ഭാഗമാണെന്നും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി പറഞ്ഞു.
ബംഗാളിൽ ആദ്യ നാല് ഘട്ടങ്ങളിലായി 18 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടന്നത്, ബാക്കിയുള്ള 24 സീറ്റുകളിലേക്ക് അടുത്ത മൂന്ന് ഘട്ടങ്ങളിലായി മെയ് 20, മെയ് 25, ജൂൺ 1 തീയതികളിൽ വോട്ടെടുപ്പ് നടക്കും. ബംഗോൺ, ബരാക്‌പൂർ, ഹൗറ, ഉലുബേരിയ, ശ്രീരാംപൂർ, ഹൂഗ്ലി, ആറാംബാഗ് എന്നീ മണ്ഡലങ്ങളിലാണ് അഞ്ചാം ഘട്ടത്തിൽ വോട്ടെടുപ്പ്.