ന്യൂഡൽഹി : കഴിഞ്ഞ മാസം ഡൽഹിയിലെ ബര്‍ഗര്‍ കിങ് ഔട്ട്‌ലെറ്റില്‍ നടന്ന കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചെന്ന് ആരോപിക്കപ്പെട്ട മൂന്നുപേര്‍ പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ആശിഷ് ആലിയാസ് ലാലു, സണ്ണി ഖരാർ, വിക്കി റിധാന എന്നിവരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഹരിയാന പൊലീസും ഡൽഹി ക്രൈംബ്രാഞ്ചും സംയുക്തമായാണ് എന്‍കൗണ്ടര്‍ നടത്തിയത്. ഖാർഖോഡയിലെ ചിനോലി റോഡില്‍ വച്ചാണ് ഏറ്റുമുട്ടലുണ്ടായത്.
മൂവര്‍ സംഘം ഖാർഖോഡ ഗ്രാമത്തിൽ ഒളിച്ചിരിക്കുന്നതായി ക്രൈംബ്രാഞ്ചിനും ഹരിയാന പൊലീസ് എസ്‌ടിഎഫിനും വിവരം ലഭിച്ചു. തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് സംഘത്തിന് നേരെ ഗുണ്ടാസംഘം വെടിയുതിർക്കുകയും സബ് ഇൻസ്‌പെക്‌ടർക്ക് പരിക്കേൽക്കുകയും ചെയ്‌തു. പിന്നീട് പൊലീസും ഗുണ്ടാസംഘവും തമ്മിലുണ്ടായ വെടിവയ്‌പ്പില്‍ മൂന്ന് പേര്‍ മരണപ്പെടുകയായിരുന്നു. ഏറ്റുമുട്ടൽ നടന്ന സ്ഥലത്ത് നിന്ന് അഞ്ച് പിസ്റ്റളുകൾ പിടിച്ചെടുത്തു.
ഉമേഷ് ഭരത്‌വാളിന്‍റെ നേതൃത്വത്തിലാണ് ഡൽഹി ക്രൈംബ്രാഞ്ച് സംഘം എന്‍കൗണ്ടര്‍ നടത്തിയത്. ക്രൈംബ്രാഞ്ച് സബ് ഇൻസ്പെക്‌ടർ അമിതിന് ഓപ്പറേഷനിൽ തുടയിൽ വെടിയേറ്റു. ഹരിയാന പൊലീസ് സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് (എസ്‌ടിഎഫ്) അംഗത്തിനും പരിക്കേറ്റതായി അധികൃതര്‍ അറിയിച്ചു.
ആശിഷും റിധാനയും ചേര്‍ന്നാണ് ജൂൺ 18 ന് ഹോട്ടലില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയായിരുന്ന അമൻ ജൂണിനെ വെടിവച്ച് കൊന്നത്. ഗുണ്ടകളായ നീരജ് ബവാനയും അശോക് പ്രധാനും തമ്മിലുള്ള സംഘട്ടനത്തിന്‍റെ ഭാഗമായിരുന്നു കൊലപാതകം. മരണപ്പെട്ട മൂവരും ഹിമാൻഷു ഭാവു സംഘത്തിലെ അംഗങ്ങളാണ്.