ഝാര്‍ഗ്രാം (പശ്ചിമബംഗാള്‍) : ആറാംഘട്ട പോളിങ്ങിനിടെ പശ്ചിമബംഗാളില്‍ വ്യാപക ആക്രമണം. ഝഗ്രാമിലെ ബിജെപി സ്ഥാനാര്‍ഥിക്കും സംഘത്തിനും നേരെ ഇരുനൂറോളം പേര്‍ ആക്രമണം അഴിച്ച് വിട്ടതായി സ്ഥാനാര്‍ഥി പ്രണത് ടുഡു ആരോപിച്ചു. മൊന്‍ഗ്ലാപോട്ടയിലെ ബൂത്ത് സന്ദര്‍ശനത്തിനിടെ ആണ് ആക്രമണമുണ്ടായതെന്നും ഇദ്ദേഹം പറഞ്ഞു.
ഈ ബൂത്തിലെ ബിജെപി അനുഭാവികളെ വോട്ട് ചെയ്യാന്‍ അനുവദിക്കില്ലെന്ന വിവരം തങ്ങള്‍ക്ക് കഴിഞ്ഞ ദിവസം തന്നെ കിട്ടിയിരുന്നതായും അദ്ദേഹം പറയുന്നു. അക്കാര്യം പരിശോധിക്കാനാണ് തങ്ങള്‍ അവിടേക്ക് പോയത്. അതിനിടെ ആയിരുന്നു 200 പേര്‍ അടങ്ങുന്ന സംഘം ലാത്തിയും കല്ലും മറ്റ് ചില ആയുധങ്ങളുമായി തങ്ങള്‍ക്ക് നേരെ ആക്രമണം അഴിച്ച് വിട്ടതെന്നും ടുഡു പറഞ്ഞു.
കേന്ദ്രസംഘം ഇല്ലായിരുന്നെങ്കില്‍ അവര്‍ എല്ലാവരും ചേര്‍ന്ന് തങ്ങളെ കൊല്ലുമായിരുന്നു. പൊലീസില്‍ നിന്ന് തങ്ങള്‍ക്ക് യാതൊരു സംരക്ഷണവും ലഭിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു. സിഎഎ നടപ്പാക്കാന്‍ ദീദിക്ക് താത്പര്യമില്ല. രാജ്യത്തെ പാകിസ്ഥാനാക്കാനാണ് അവരുടെ ശ്രമമെന്നും ടുഡു ആരോപിച്ചു.
നിരവധി പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. ടിഎംസിക്ക് തോല്‍ക്കുമെന്ന ഭയമുള്ളതിനാല്‍ ബിജെപിക്കാര്‍ ബൂത്തിലെത്താതിരിക്കാന്‍ ഓരോ പ്രവൃത്തികള്‍ ചെയ്യുകയാണെന്നും അദ്ദേഹം ആരോപിച്ചു. യാതൊരു സുരക്ഷയും തങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്നില്ല.
സിഐഎസ്എഫ് ജവാന്‍മാര്‍ക്കും മാരകമായി പരിക്കേറ്റിട്ടുണ്ട്. തങ്ങളുടെ വാഹനത്തിന്‍റെ ചില്ലുകള്‍ തകര്‍ക്കപ്പെട്ടു. തെരഞ്ഞെടുപ്പ് കമ്മിഷന് തങ്ങള്‍ പരാതി നല്‍കിയിട്ടുണ്ട്. തങ്ങളെ ഭയപ്പെടുത്താനായി എന്ന് ടിഎംസി കരുതുന്നുണ്ടെങ്കില്‍ അവര്‍ക്ക് തെറ്റി. അവര്‍ തോല്‍ക്കുമെന്ന് അവര്‍ക്ക് ഉറപ്പാണ്.
ബംഗാളില്‍ മുഴുവന്‍ സന്ദേശ്ഖാലിക്ക് സമാനമായ സാഹചര്യം സൃഷ്‌ടിക്കാനാണ് മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ശ്രമം. ബിജെപി അധികാരത്തിലെത്തിയില്ലെങ്കില്‍ ബംഗാള്‍ റോഹിങ്ക്യയും പാകിസ്ഥാനുമായി മാറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഝാര്‍ഗ്രാം ലോക്‌സഭ മണ്ഡലത്തില്‍ തൃണമൂലിന്‍റെ സ്ഥാനാര്‍ഥി കാളിപാഡ ശരേന്‍ ഖേര്‍വാളും സിപിഎമ്മിന്‍റെ സോനാമണി ടുഡുവുമാണ് ഇദ്ദേഹത്തിന്‍റെ പ്രധാന എതിരാളികള്‍.
അതേസമയം ആറാം ഘട്ടത്തില്‍ പശ്ചിമ ബംഗാളിലാണ് ഏറ്റവും കൂടുതല്‍ പോളിങ് നടന്നത്. 77.99 ശതമാനമാണ് ഇവിടുത്തെ പോളിങ് നില.
Also Read: ആറാം ഘട്ടത്തില്‍ 58.98 ശതമാനം പോളിങ്; പശ്ചിമ ബംഗാളില്‍ സംഘര്‍ഷം