വില്ലുപുരം (ചെന്നൈ) : യുവതി പുതുച്ചേരിക്ക് സമീപം കടലില്‍ മുങ്ങി മരിച്ചു. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് സഹോദരി പൊലീസില്‍ പരാതി നല്‍കി. ഉത്തര്‍പ്രദേശിലെ വാരണാസിയില്‍ നിന്നുള്ള പ്രമോദ് ശര്‍മ്മയുടെ മകള്‍ സൗമ്യ (24)യാണ് പുതുച്ചേരിയിലെ കോതകുപ്പത്തിന് സമീപം കടലില്‍ മുങ്ങി മരിച്ചത്.
സൗമ്യയുടെ സഹോദരി അനുഗ്ര ശര്‍മ്മയാണ് പരാതി നല്‍കിയിരിക്കുന്നത്. തൃച്ചി ജില്ലയിലെ ലാല്‍ഗുഡി സ്വദേശിയായ സിദ്ധാര്‍ഥ് എന്ന യുവാവുമായി സൗമ്യ പ്രണയത്തിലായിരുന്നതായി പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ഈ യുവാവ് അഞ്ച് മാസം മുമ്പ് ആത്മഹത്യ ചെയ്‌തു.
ഇക്കഴിഞ്ഞ 22ന് സിദ്ധാര്‍ഥിന്‍റെ അമ്മ ജയന്തിയെ കാണാനാണ് സൗമ്യ ചെന്നൈയിലെത്തിയത്. ഇരുവരും ഒന്നിച്ച് അന്ന് തന്നെ പുതുച്ചേരിയിലേക്ക് പോയി. അവിടെ ഒരു സ്വകാര്യ ഹോട്ടലില്‍ ഇരുവരും ഒന്നിച്ച് താമസിച്ചു. ഇവിടെ നിരവധിയിടങ്ങളിലും ഇവര്‍ സന്ദര്‍ശനം നടത്തി. പിന്നീട് സൗമ്യ കടലില്‍ പോയി കുളിച്ചു. 24ന് മടങ്ങാനിരിക്കുകയായിരുന്നു.
ഒഡിഷയില്‍ നിന്നുള്ള ഹോസ്റ്റല്‍ ജീവനക്കാരായ സുരേഷ്, മനീഷ്, ഗണേഷ് എന്നിവര്‍ക്കൊപ്പമാണ് സൗമ്യ ബീച്ചിലേക്ക് പോയത്. പെട്ടെന്ന് അവള്‍ വലിയൊരു തിരയില്‍ പെടുകയായിരുന്നു. 28ന് മാരക്കാനത്തിന് സമീപമാണ് സൗമ്യയുടെ മൃതദേഹം കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കാട്ടിയാണ് സഹോദരി അനുഗ്ര ശര്‍മ്മ പരാതി നല്‍കിയിരിക്കുന്നത്.
പൊലീസ് സിദ്ധാര്‍ഥിന്‍റെ അമ്മ ജയന്തിയേയും ഗണേശിനെയും മനീഷിനെയും സുരേഷിനെയും ചോദ്യം ചെയ്‌തു. സൗമ്യയുടെ മാതാപിതാക്കള്‍ പുതുച്ചേരിയിലേക്ക് തിരിച്ചിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂ എന്നാണ് പൊലീസ് പറയുന്നത്.