ന്യൂഡൽഹി : കേന്ദ്ര ബജറ്റ് അവതരണത്തിന് മുന്നോടിയായി ധനമന്ത്രി നിർമല സീതാരാമൻ ധനമന്ത്രാലയത്തിലെത്തി. ഇന്ന് പാർലമെന്‍റിൽ മൂന്നാം മോദി സര്‍ക്കാരിന്‍റെ ആദ്യ കേന്ദ്ര ബജറ്റ് അവതരിപ്പിക്കും. തുടർച്ചയായി ഏഴ് ബജറ്റുകൾ അവതരിപ്പിച്ച ധനമന്ത്രിയെന്ന റെക്കോഡാണ് നിർമല സീതാരാമനെ കാത്തിരിക്കുന്നത്.
തുടർച്ചയായി ആറ് ബജറ്റുകൾ അവതരിപ്പിച്ച മൊറാർജി ദേശായിയുടെ റെക്കോഡാണ് നിർമല ഇന്ന് തിരുത്തിയെഴുതുക. മുൻ പ്രധാനമന്ത്രി മൊറാർജി ദേശായി 1959 നും 1964 നും ഇടയിൽ ധനമന്ത്രിയായിരിക്കെ അഞ്ച് വാർഷിക ബജറ്റുകളും ഒരു ഇടക്കാല ബജറ്റും അവതരിപ്പിച്ചിരുന്നു.
2023-24 സാമ്പത്തിക സർവേ സ്ഥിതിവിവരക്കണക്ക് ഇന്നലെ നിർമല സീതാരാമന്‍ അവതരിപ്പിച്ചിരുന്നു. ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരിയും മുഖ്യ സാമ്പത്തിക ഉപദേഷ്‌ടാവ് വി അനന്ത നാഗേശ്വരനും നേരത്തെ മന്ത്രാലയത്തിലെത്തി.
മൂന്നാം മോദി സർക്കാരിന്‍റെ ആദ്യ കേന്ദ്ര ബജറ്റ് "സബ്‌കാ സാത്ത് സബ്‌കാ വികാസ്" എന്ന മന്ത്രത്തെ അടിസ്ഥാനമാക്കിയുള്ളതായിരിക്കുമെന്ന് ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി മാധ്യമങ്ങളോട് പറഞ്ഞു. പാർലമെന്‍റിന്‍റെ ബജറ്റ് സമ്മേളനം ഇന്നലെ (ജൂലൈ 22) ആരംഭിച്ചു. ഓഗസ്റ്റ് 12 ന് അവസാനിക്കും.