സുപോൾ : ബിഹാറിലെ സുപോളിൽ നിർമിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ ബക്കൂർ പാലം തകർന്നു (Under-Construction Bridge Collapses In Bihar). പാലത്തിന്‍റെ മൂന്ന് തൂണുകൾ അടർന്നുവീണതായാണ് വിവരം. ഇന്ന് (22-03-2024) രാവിലെ ഏഴ് മണിയോടെയാണ് സംഭവം നടന്നതെന്നാണ് സൂചന.
നിരവധി തൊഴിലാളികൾ മണ്ണിനടിയിലായി. അപകടത്തില്‍ തൊഴിലാളികളിലൊരാൾ മരിച്ചു, നിരവധി പേർക്ക് പരിക്കേറ്റു. രക്ഷാപ്രവർത്തനം തുടരുകയാണെന്ന് അധികൃതർ അറിയിച്ചു. 1200 കോടി രൂപയാണ് ബക്കൂർ പാലത്തിന്‍റെ നിർമാണച്ചിലവ്. ഏകദേശം 10.2 കിലോമീറ്റർ നീളമുള്ള പാലം ആകെ 171 തൂണുകളിലായാണ് നിലയുറപ്പിക്കുക. അതിൽ 150 എണ്ണം മാത്രമാണ് ഇതുവരെ നിർമിച്ചിട്ടുള്ളത്. ഈ മെഗാ പാലം നിർമിക്കുന്നതോടെ സുപോളിനും മധുബനിക്കുമിടയിലുള്ള ദൂരം 30 കിലോമീറ്ററായി കുറയും.
സംഭവത്തെ കുറിച്ച് സമഗ്രമായ അന്വേഷണത്തിന് ഉത്തരവിടാൻ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ നിർദേശിച്ചു. പാലത്തിന്‍റെ തകർച്ചയ്ക്ക് ഉത്തരവാദികളായവരെ കണ്ടെത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഭഗൽപൂരിനെയും ഖഗാരിയയെയും ബന്ധിപ്പിക്കുന്നതിനാണ് ഈ പാലം നിർമിക്കുന്നത്.
ബിഹാറിലെ ഭഗൽപൂരിൽ നിർമാണത്തിലിരിക്കുന്ന പാലം ഗംഗ നദിയിലേക്ക് തകർന്നുവീണതിന് സമാനമായ അപകടമാണ് ഇവിടെയും സംഭവിച്ചിരിക്കുന്നത്. ബിഹാറിലെ ഖഗാരിയയിലാണ് 1,717 കോടി രൂപ ചെലവിൽ അഗുവാനി സുൽത്താൻഗഞ്ച് ഗംഗ പാലം നിർമിച്ചത്.
ബിഹാറിൽ പാലം തകരുന്നത് പുതിയ സംഭവമല്ല. ഇതിനുമുൻപും പാലം തകർന്ന് അപകടങ്ങൾ ഉണ്ടായിട്ടുണ്ട്. പാലത്തിന്‍റെ തകർച്ചയെ തുടർന്ന് ഇതിന്‍റെ നിർമാണ പ്രവർത്തനങ്ങളിൽ അഴിമതി ആരോപണം ഉയര്‍ന്നിട്ടുണ്ട്.