ന്യൂഡൽഹി: ജൂണ്‍ 18ന് നാഷണല്‍ ടെസ്റ്റിങ് ഏജൻസി നടത്തിയ യുജിസി നെറ്റ് പരീക്ഷ റദ്ദാക്കി. രാജ്യത്ത് വിവിധ കേന്ദ്രങ്ങളില്‍ രണ്ട് ഷിഫ്റ്റുകളിലായി നടന്ന പരീക്ഷയില്‍ ക്രമക്കേട് നടന്നുവെന്ന വിവരം നാഷണല്‍ സൈബര്‍ ക്രൈം ത്രെട്ട് അനലിറ്റിക്‌സ് യൂണിറ്റ് യുജിസിക്ക് നല്‍കിയതിന് പിന്നാലെയാണ് തീരുമാനം. വിഷയത്തില്‍ സിബിഐ അന്വേഷണം നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
11,21,225 പേരായിരുന്നു ഇത്തവണ നെറ്റ് പരീക്ഷയ്‌ക്ക് രജിസ്റ്റര്‍ ചെയ്‌തത്. അതില്‍ 9,08,580 പേരാണ് ഇത്തവണ പരീക്ഷയെഴുതിയത്. രാജ്യത്തെ 317 നഗരങ്ങളിലെ 1205 കേന്ദ്രങ്ങളിലായിട്ടായിരുന്നു പരീക്ഷ.
പിഎച്ച്‌ഡി പ്രവേശനത്തിനും നെറ്റ് ഫലം പരിഗണിക്കുമെന്നത് കൊണ്ട് തന്നെ പരീക്ഷയ്‌ക്ക് പ്രാധാന്യം അര്‍ഹിച്ചിരുന്നു. 2018ന് ശേഷം ആദ്യമായി ഓഫ്‌ലൈനില്‍ നടത്തിയ പരീക്ഷ കൂടിയായിരുന്നു ഇത്.
ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെൻ്ററിൻ്റെ (I4C) നാഷണൽ സൈബർ ക്രൈം ത്രെറ്റ് അനലിറ്റിക്‌സ് യൂണിറ്റാണ് പരീക്ഷയില്‍ ക്രമക്കേട് നടന്നുവെന്ന സൂചന കേന്ദ്രത്തിന് നല്‍കിയത്. ഇവ വിലയിരുത്തിയ ശേഷമാണ് പരിക്ഷ റദ്ധാക്കാൻ കേന്ദ്രം തീരുമാനിച്ചത്. പരീക്ഷ വീണ്ടും നടത്തുന്നതിനെ കുറിച്ചുള്ള വിവരങ്ങള്‍ പിന്നീട് അറിയിക്കും.
സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രിയങ്ക ഗാന്ധി : ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാരിനെ അഴിമതിയുടെ പേരിൽ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. നെറ്റ് പരീക്ഷയിൽ നടന്ന ക്രമക്കേടിന്‍റെ ഉത്തരവാദിത്വം വിദ്യാഭ്യാസ മന്ത്രി ഏറ്റെടുക്കുമോ എന്നും പ്രിയങ്ക ഗാന്ധി ചോദിച്ചു.
"ബിജെപി സർക്കാരിൻ്റെ അലംഭാവത്തിലും അഴിമതിയിലും ബലിയാടായത് ഒരു കൂട്ടം ഉദ്യോഗാര്‍ഥികളാണ്. നീറ്റ് പരീക്ഷയിലെ അഴിമതി വാർത്തകൾക്ക് പിന്നാലെ ക്രമക്കേട് ഭയന്ന് ജൂൺ 18 ന് നടത്തിയ നെറ്റ് പരീക്ഷയും റദ്ദാക്കി. ഈ സംഭവങ്ങളുടെ ഉത്തരവാദിത്തം വിദ്യാഭ്യാസ മന്ത്രി ഏറ്റെടുക്കുമോ? - പ്രിയങ്ക ഗാന്ധി എക്‌സിൽ കുറിച്ചു.
ALSO READ : നീറ്റ് പരീക്ഷ ക്രമക്കേട്: രാജ്യവ്യാപക പ്രതിഷേധത്തിനൊരുങ്ങി കോണ്‍ഗ്രസ്