ന്യൂഡൽഹി : ജമ്മുകശ്‌മീരിലെ ജമാഅത്തെ ഇസ്‌ലാമിയെ നിയമവിരുദ്ധ സംഘടനയായി പ്രഖ്യാപിക്കുന്നതിന് മതിയായ കാരണമുണ്ടോ ഇല്ലയോ എന്ന് തീർപ്പുകൽപ്പിക്കാൻ ഡൽഹി ഹൈക്കോടതി ജഡ്‌ജി ഉൾപ്പെടുന്ന നിയമവിരുദ്ധ പ്രവർത്തന ട്രൈബ്യൂണൽ രൂപീകരിച്ച് കേന്ദ്രം. ജസ്റ്റിസ് നവീൻ ചൗള അടങ്ങുന്ന ട്രൈബ്യൂണൽ ആണ് രൂപീകരിച്ചത്.
ഇന്നലെ (13.03.2024) ആണ് ഇത് സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചത്. 2024 ഫെബ്രുവരി 27 ന് ഇന്ത്യൻ ഗസറ്റിൽ പ്രസിദ്ധീകരിച്ച വിജ്ഞാപന പ്രകാരം ജമാഅത്തെ ഇസ്‌ലാമിയുടെ ജമ്മുകാശ്‌മീർ (ജെഐ) വിഭാഗത്തെ നിയമവിരുദ്ധമായ സംഘടനയായി പ്രഖ്യാപിച്ചിരുന്നു.
ഫെബ്രുവരി 27 നാണ്, 1967 ലെ നിയമവിരുദ്ധ പ്രവർത്തന (തടയല്‍) നിയമ പ്രകാരം ജമ്മുകശ്‍മീർ ജമാഅത്തെ ഇസ്‌ലാമിയുടെ നിരോധനം എംഎച്ച്എ അഞ്ച് വർഷത്തേക്ക് കൂടി നീട്ടിയത്. തീവ്രവാദത്തിനും വിഘടനവാദത്തിനും എതിരെ സഹിഷ്‌ണുതയില്ലാത്ത നയം പിന്തുടരുന്ന വ്യക്തിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. അതിനാൽ കേന്ദ്ര സർക്കാർ ജമ്മുകശ്‌മീർ ജമാഅത്തെ ഇസ്‌ലാമിയുടെ നിരോധനം അഞ്ച് വർഷത്തേക്ക് കൂടി നീട്ടി എന്നാണ് ആഭ്യന്തരമന്ത്രി അമിത് ഷാ പ്രതികരിച്ചത്.
രാജ്യത്തിൻ്റെ സുരക്ഷയ്ക്കും അഖണ്ഡതയ്ക്കും പരമാധികാതരത്തിനും എതിരെ ജമ്മുകശ്‍മീർ ജമാഅത്തെ ഇസ്‌ലാമി പ്രവർത്തിക്കുന്നതായി നേരത്തെ കണ്ടെത്തിയിരുന്നു. തുടർന്ന് 2019 ഫെബ്രുവരി 28 ന് സംഘടനയെ നിയമവിരുദ്ധമായ സംഘടനയായി പ്രഖ്യാപിച്ചിരുന്നു. രാജ്യത്തിൻ്റെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന ഏതൊരാളും ക്രൂരമായ നടപടികൾ നേരിടേണ്ടിവരുമെന്നും അമിത് ഷാ നേരത്തെ പറഞ്ഞിരുന്നു.