ചെന്നൈ: അര്‍ബുദ രോഗത്തിന് കാരണമാകുന്ന രാസവസ്‌തു ഉണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ പഞ്ഞി മിഠായി അഥവാ 'കോട്ടണ്‍ കാന്‍ഡി'യുടെ വില്‍പ്പന നിരോധിച്ചു(Cotton Candy banned in Tamil Nadu). പഞ്ഞി മിഠായികളില്‍ നിറം നല്‍കാന്‍ ചേര്‍ക്കുന്ന 'റോഡമിന്‍-ബി' (Rhodamin-B) എന്ന പദാര്‍ത്ഥം അര്‍ബുദ രോഗത്തിന് കാരണമാകുമെന്നാണ് സര്‍ക്കാര്‍ ഫുഡ് അനാലിസിസ് ലബോറട്ടറിയുടെ കണ്ടെത്തല്‍.
ഫുഡ് സേഫ്റ്റി ആന്‍റ് സ്റ്റാന്‍ഡേര്‍ട് ആക്‌ട് 2006 വകുപ്പുകള്‍ പ്രകാരം ഇവ സുരക്ഷിതമല്ലാത്ത ഭക്ഷണപദാര്‍ത്ഥമാണ്. അതുകൊണ്ടുതന്നെ റോഡമിന്‍-ബി ഉപയോഗിച്ചുള്ള നിർമ്മാണം, പാക്കേജിംഗ്, ഇറക്കുമതി, വിൽപന, വിവാഹങ്ങളിലോ പൊതു പരിപാടികളിലോ വിളമ്പുക തുടങ്ങിയ പ്രവര്‍ത്തികള്‍ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് ആക്‌ട് 2006 പ്രകാരം ശിക്ഷാർഹമായ കുറ്റമാണ്.
സംഭവത്തില്‍ അന്വേഷണം നടത്തി, നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശനമായ നടപടിയെടുക്കാന്‍ എല്ലാ ഫുഡ് സേഫ്‌ടി ഉദ്യോഗസ്ഥര്‍ക്കും ഫുഡ് സേഫ്‌ടി കമ്മീഷണര്‍ നിര്‍ദേശം നല്‍കിയതായി ആരോഗ്യ പൊതുജന ക്ഷേമ കാര്യ മന്ത്രി മാ. സുബ്രഹ്മണ്യൻ അറിയിച്ചു.
കഴിഞ്ഞ ആഴ്‌ചയാണ് വടക്കൻ ഗോവയിലെ ഒരു സിവിൽ ബോഡി വഴിയോര സ്‌റ്റാളുകളിൽ 'ഗോബി മഞ്ചൂരിയൻ' വിൽക്കുന്നത് നിരോധിച്ച് ഉത്തരവിറക്കിയത്(Goa Civic Body Bans Sale Of 'Gobi Manchurian' at Street Stalls). വൃത്തിഹീനമായ സാഹചര്യത്തില്‍ ഗോബി മഞ്ചൂരിയൻ തയ്യാറാക്കുന്നതിനാലാണ് നിരോധനം എന്നാണ് അധികൃതര്‍ അറിയിച്ചത്.
2022 ലും വാസ്‌കോയിലെ ശ്രീ ദാമോദർ ക്ഷേത്രത്തിലെ മേളയിൽ ഗോബി മഞ്ചൂരിയൻ വിൽക്കുന്ന സ്‌റ്റാളുകളുടെ എണ്ണം നിയന്ത്രിക്കാൻ സംസ്ഥാന ഫുഡ് ആൻഡ് ഡ്രഗ്‌സ് അഡ്‌മിനിസ്ട്രേഷൻ (എഫ്‌ഡിഎ) സൗത്ത് ഗോവയിലെ മോർമുഗാവോ മുനിസിപ്പൽ കൗൺസിലിന് സർക്കുലർ പുറപ്പെടുവിച്ചിരുന്നു.
ഗോബി മഞ്ചൂരിയൻ വിൽപ്പനക്കാർ 'റീത്ത' (സോപ്പ് നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന ഒരുതരം കായ) അടങ്ങിയ പൊടിയിൽ നിർമ്മിച്ച നിലവാരമില്ലാത്ത സോസാണ് ഉപയോഗിക്കുന്നതെന്നാണ് മുതിർന്ന എഫ്‌ഡിഎ ഡയറക്‌ടർ ജ്യോതി സർദേശായി പറഞ്ഞത്. വസ്‌ത്രങ്ങൾ അലക്കാനാണ് സാധാരണ റീത്ത ഉപയോഗിക്കുന്നത്.
Also Read: കഴിക്കുന്ന ഭക്ഷണം പോഷക സമൃദ്ധമാണോ? അറിയാൻ ന്യൂട്രിഎയ്‌ഡ് ആപ്പ് ലോഞ്ച് ചെയ്‌തോളൂ