ബെംഗളൂരു: കൊലക്കേസ് പ്രതി ദർശന് ജയിലിൽ വിഐപി പരിഗണന നൽകിയ സംഭവം അന്വേഷിക്കുന്നതിനായി പ്രത്യേക സംഘം രൂപീകരിച്ച് പൊലീസ്. ജയിൽ ചട്ടങ്ങൾ ലംഘിച്ചതിന് പരപ്പ അഗ്രഹാര പൊലീസ് സ്റ്റേഷനിൽ മൂന്ന് കേസുകൾ പൊലീസ് രജിസ്റ്റർ ചെയ്‌തിരുന്നു. അതിൽ രണ്ട് കേസുകളിലും ദർശനാണ് പ്രധാന പ്രതി. മൂന്ന് കേസുകളും അന്വേഷിക്കുന്നതിനായി സൗത്ത് ഈസ്റ്റ് ഡിവിഷൻ ഡിസിപി സാറാ ഫാത്തിമയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു.
ജയിലിനുള്ളിൽ റൗഡികൾക്കൊപ്പം ഇരുന്നു ദർശൻ കാപ്പി കുടിക്കുകയും സിഗരറ്റ് വലിക്കുകയും ചെയ്‌ത സംഭവത്തിലാണ് പൊലീസ് അന്വേഷണം നടത്തുക. ജയിലിനുള്ളിൽ എല്ലാവർക്കും ഒരുമിച്ച് ഇരിക്കുന്നതിനായി കസേരകൾ ഒരുക്കിയത് ആരാണ് ?, ആരാണ് കാപ്പി കുടിക്കുന്നതിനായി ഗ്ളാസ് നൽകിയത് ?, ജയിലിൽ നിരോധിത വസ്‌തുവായ സിഗരറ്റും മദ്യവും മയക്കുമരുന്നും എങ്ങനെ എത്തിയെന്നും അന്വേഷിക്കും.
രണ്ടാമത്തെ കേസ് അന്വേഷിക്കുന്നത് ഹുലിമാവ് പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്‌ടർ കുമാരസ്വാമിയാണ്. ആരാണ് ഫോട്ടോ എടുത്തതെന്നും പ്രതികൾ ആർക്കാണ് വീഡിയോ കോൾ ചെയ്‌തതെന്നും കണ്ടെത്തും. ജാമർ സംവിധാനം ഉണ്ടായിട്ടും എങ്ങനെ കണക്ഷൻ സാധ്യമായി എന്നത് സംബന്ധിച്ചും അന്വേഷണം നടത്തും. മൊബൈൽ ഫോണിൽ വീഡിയോ ചിത്രീകരിച്ചതിനെക്കുറിച്ച് അന്വേഷണമുണ്ടാവും.
ഇലക്‌ട്രോണിക് സിറ്റി പൊലീസ് സ്‌റ്റേഷനിലെ എസിപി മഞ്ജുനാഥ് നെട്രിച്ചയുടെ നേതൃത്വത്തിലുള്ള സംഘമാണ് മൂന്നാമത്തെ കേസിൻ്റെ അന്വേഷണം നടത്തുന്നത്. കൃത്യവിലോപത്തിന് ജയിൽ ഉദ്യോഗസ്ഥർക്കെതിരെ രജിസ്റ്റർ ചെയ്‌ത കേസാണ് അന്വേഷിക്കുക.