ഗാന്ധിനഗർ (ഗുജറാത്ത്): പ്രതിസന്ധികളിൽ പതറിപ്പോവാതെ മുന്നോട്ട് നീങ്ങിയ ഗണേഷ് ബരയ്യ ഇന്ന് ഗുജറാത്തിലെ ഭാവ്നഗർ സർക്കാർ ആശുപത്രിയിലെ ഡോക്‌ടറാണ്. ആശുപത്രിയിൽ അദ്ദേഹം ശ്രദ്ധേയമായത് തന്‍റെ പൊക്കക്കുറവ് കൊണ്ടല്ല. മറിച്ച് പ്രതിസന്ധികളേതായാലും അതിനെ മറികടന്ന് തന്‍റെ സ്വപ്‌നങ്ങൾ നിറവേറ്റുമെന്ന ആത്മവിശ്വാസത്തിലാണ്.
ഈ ആത്മവിശ്വാസം തന്നെയാണ് ഗണേഷിനെ ജീവിതത്തിൽ ഇതുവരെ എത്തിച്ചതും. മൂന്ന് അടിയാണ് ഗണേഷിന്‍റെ ഉയരം. നീറ്റ് (നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് ) പരീക്ഷയിൽ മികച്ച മാർക്ക് നേടിയെങ്കിലും ശാരീരിക പരിമിതികൾ കാണിച്ച് മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ അദ്ദേഹത്തെയും മറ്റ് രണ്ട് വിദ്യാർഥികളെയും ഡോക്‌ടറാക്കാൻ അയോഗ്യനാക്കിയിരുന്നു.
2018ലാണ് ഗണേഷ് മെഡിക്കൽ കോഴ്‌സ് പഠിക്കാൻ അപേക്ഷിച്ചത്. മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ (Medical Council of India) നിഷേധിച്ചു. എന്നാൽ എംബിഎസ് പഠനം പൂർത്തിയാക്കാനും ഇന്‍റേൺഷിപ്പ് ചെയ്യാനും തടസങ്ങൾ ഉണ്ടായിരുന്നില്ല. തന്‍റെ നീളം മൂന്നടി ആയതിനാൽ അത്യാഹിത കേസുകൾ കൈകാര്യം ചെയ്യാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ പറ്റില്ലെന്ന് തടപ്പിച്ച് പറഞ്ഞതെന്ന് അദ്ദേഹം പറഞ്ഞു.
തുടർന്ന് ഭാവ്നഗർ കളക്‌ടറിന്‍റെ നിർദേശ പ്രകാരം അദ്ദേഹം ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചു. രണ്ട് മാസങ്ങൾക്ക് ശേഷം കേസ് തോറ്റു. ഇതിലൊന്നും തളരാൻ ഗണേഷ് തയ്യാറായിരുന്നില്ല. അദ്ദേഹം സുപ്രീം കോടതിയെ സമീപിച്ചു. 2019 ൽ അദ്ദേഹത്തിന് എംബിബിഎസ് അഡ്‌മിഷൻ (MBBS admission) എടുക്കാമെന്ന വിധി വന്നു.
ജീവിതം പ്രതിസന്ധി നിറഞ്ഞതായിരിക്കും, അതിനെ ധൈര്യപൂർവം നേരിടുന്നവർക്കേ വിജയം കൈവരിക്കാനാവൂ എന്നാണ് ഗണേഷ് ബരയ്യ പറയുന്നത്.