ഹൈദരാബാദ്: ബിസിനസുകാരനായ ഭർത്താവിനെ കൊലപ്പെടുത്തി മൃതദേഹം കർണാടക അതിർത്തിയിൽ ഉപേക്ഷിച്ച ഭാര്യയും കൂട്ടാളികളും അറസ്റ്റിൽ. ഹൈദരാബാദ് സ്വദേശി രമേഷാണ് കൊല്ലപ്പെട്ടത്. കേസിൽ ഭാര്യ നിഹാരിക, കൂട്ടാളികളായ നിഖിൽ, അങ്കുർ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്‌തു.
എട്ട് കോടി രൂപ ആവശ്യപ്പെട്ടത് നൽകാൻ വിസമ്മതിച്ചതിനെ തുടർന്നാണ് കൊലപാതകം. കൊലപാതകത്തിന് ശേഷം ഭർത്താവിനെ കാണാനില്ലെന്ന് യുവതി പൊലീസിൽ പരാതി നൽകിയിരുന്നു. ഒക്‌ടോബർ എട്ടിന് കർണാടകയിലെ കുടക് ജില്ലയിലെ സുണ്ടിക്കൊപ്പയിലെ കാപ്പിത്തോട്ടത്തിൽ നിന്ന് കത്തിക്കരിഞ്ഞ അജ്ജാത മൃതദേഹം കണ്ടെടുത്തതോടെയാണ് കൊലപാതകം പുറത്തറിയുന്നത്.
തുടർന്ന് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് നടത്തിയ അന്വേഷണത്തിൽ, തെലങ്കാനയിൽ നിന്നുള്ള റിയൽ എസ്റ്റേറ്റ് ബിസിനസുകാരനായ രമേഷിന്‍റെ മൃതദേഹമാണ് അതെന്ന് തിരിച്ചറിഞ്ഞു. രമേഷിന്‍റെ പേരിൽ രജിസ്റ്റർ ചെയ്‌ത ഒരു ചുവന്ന മെഴ്‌സിഡസ് കാറും പൊലീസ് കണ്ടെത്തി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കർണാടകയിലും തെലങ്കാനയിലും പൊലീസ് സംയുക്തമായി നടത്തിയ അന്വേഷണത്തിൽ രമേഷിന്‍റെ ഭാര്യ ഭുവൻഗിരി സ്വദേശി നിഹാരികയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഒരു പൊലീസ് ഉദ്യോഗസ്ഥൻ പറയുന്നതനുസരിച്ച്, ചോദ്യം ചെയ്യലിൽ നിഹാരിക കൊലപാതക കുറ്റം സമ്മതിച്ചു. അവളുടെ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിലാണ് കൂട്ടാളികളായ നിഖിൽ, അങ്കുർ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്‌തത്.
കൊലപാതക പദ്ധതി
ബെംഗളൂരു, ഹരിയാന സ്വദേശികളായ മുൻ ഭർത്താക്കൻമാരിൽ നിന്ന് വേർപിരിഞ്ഞ ശേഷമാണ് യുവതി രമേഷിനെ വിവാഹം കഴിച്ചത്. രമേഷിനേട് യുവതി 8 കോടി രൂപ ആവശ്യപ്പെട്ടു. പണം നൽകാൻ രമേഷ് വിസമ്മതിച്ചതിനെ തുടർന്ന് യുവതി കൂട്ടാളികളുമായി ചേർന്ന് കൊലപാതകം ആസൂത്രണം ചെയ്‌തു. ഒക്‌ടോബർ ഒന്നിന് ഹൈദരാബാദിലെ ഉപ്പൽ മേഖലയിൽ വച്ച് രമേഷിനെ മർദിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കഷണങ്ങളാക്കി പ്രതികൾ കുടകിൽ എത്തിച്ച് കത്തിക്കുകയായിരുന്നു.
പ്രതികളുടെ പ്രശ്‌നകരമായ ബാല്യം
നിഹാരികയ്ക്ക് ബാല്യകാലം പ്രശ്‌നങ്ങൾ നിറഞ്ഞതായിരുന്നു. കൗമാരപ്രായത്തിൽ തന്നെ പിതാവിനെ നഷ്‌ടപ്പെട്ടതിനെ തുടർന്ന് അമ്മ വീണ്ടും വിവാഹം കഴിച്ചതായി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. പഠനത്തിൽ മികവ് പുലർത്തിയിരുന്ന നിഹാരിക എഞ്ചിനീയറിംഗ് കഴിഞ്ഞ് ജോലി ഉറപ്പിച്ചു. വിവാഹം കഴിച്ച് ഒരു കുട്ടി ഉണ്ടായതിന് ശേഷം ഭർത്താവുമായി വേർപിരിഞ്ഞു. പിന്നീട് ആദ്യ ഭാര്യയിൽ നിന്ന് വേർപിരിഞ്ഞ രമേഷിനെ വിവാഹം കഴിച്ചു.
ഹരിയാനയിൽ ജോലി ചെയ്യുന്നതിനിടെയാണ് നിഹാരികയുടെ ജീവിതം കുറ്റകൃത്യങ്ങളിലേക്ക് വഴിമാറിയതെന്നാണ് വിവരം. ജയിലിൽ ആയിരിക്കുമ്പോളാണ് കൊലപാതകത്തിൽ കൂട്ടാളികളിലൊരാളുമായി അവൾ പരിചയപ്പട്ടതെന്നും പൊലീസ് അറിയിച്ചു.
Also Read : തേങ്കുറിശ്ശി ദുരഭിമാനക്കൊലക്കേസിൽ പ്രതികൾക്ക് ജീവപര്യന്തം തടവ്