ഹൈദരാബാദ്: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ആന്ധ്രപ്രദേശില്‍ വിജയം കൊയ്‌ത് ടിഡിപി (തെലുങ്കുദേശം പാര്‍ട്ടി). 135 ഇടങ്ങളില്‍ ടിഡിപി വിജയം ഉറപ്പിച്ചപ്പോള്‍ എട്ട് സീറ്റുകള്‍ ബിജെപിക്കും 21 സീറ്റുകള്‍ ജനസേനയ്‌ക്കും 11 സീറ്റുകള്‍ വൈഎസ്‌ആര്‍സിപിക്കും അനുകൂലമായി വിധിയെഴുതി. സംസ്ഥാനത്ത് ഭൂരിപക്ഷം നേടിയ ടിഡിപിയും ബിജെപിയും ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കുമെന്നാണ് സൂചന.
ചന്ദ്ര ബാബു നായിഡുവിന്‍റെ നേതൃത്വത്തിലുള്ള ടിഡിപിയും പവന്‍ കല്ല്യാണിന്‍റെ നേതൃത്വത്തിലുള്ള ജനസേനയും ജഗന്‍ മോഹന്‍ റെഡ്ഡിയുടെ വൈഎസ്‌ആര്‍സിപിയും തമ്മിലുള്ള കടുത്ത ത്രികോണ മത്സരത്തിനാണ് ഇത്തവണ സംസ്ഥാനം സാക്ഷ്യം വഹിച്ചത്. കടുത്ത പോരാട്ടത്തിനൊടുവില്‍ വിജയം ടിഡിപി വിജയം കൈവരിച്ചതോടെ ചന്ദ്ര ബാബു നായിഡു പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെയും അഭിനന്ദിച്ചു.
വോട്ടെണ്ണല്‍ ആരംഭിച്ച് ഏതാനും സമയത്തിനുള്ളില്‍ എന്‍ഡിഎ മുന്നേറ്റം കണ്ടതോടെ ടിഡിപി ആസ്ഥാനത്ത് പ്രവര്‍ത്തകര്‍ പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്‌തു ആഘോഷിച്ചു. രാജ്യത്തെ ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലം ബിജെപിക്ക് അനുകൂലമാണെങ്കിലും പ്രതീക്ഷിച്ച വിജയം കരസ്ഥമാക്കാന്‍ മുന്നണിക്ക് സാധിച്ചിട്ടില്ല. വിജയം ഉറപ്പിച്ച സംസ്ഥാനങ്ങളിലും മണ്ഡലങ്ങളിലുമാണ് ബിജെപിക്ക് കനത്ത തിരിച്ചടി ലഭിച്ചത്.