ന്യൂഡൽഹി : എസി ലോക്കലുകളിലും ഫസ്റ്റ് ക്ലാസ് കോച്ചുകളിലും ക്രമരഹിതമായി ആളുകൾ യാത്ര ചെയ്യുന്നത് തടയാൻ സെൻട്രൽ റെയിൽവേ എസി ടാസ്‌ക് ഫോഴ്‌സിന് രൂപം നൽകി. സബർബൻ ട്രെയിനുകളിലെ എസി, ഫസ്റ്റ് ക്ലാസ് കോച്ചുകളിലെ ക്രമരഹിതമായ യാത്ര തടയുന്നതിനുള്ള ഒരു സവിശേഷ സംരംഭമാണ് എസി ടാസ്‌ക് ഫോഴ്‌സെന്ന് സെൻട്രൽ റെയിൽവേ ചീഫ് പബ്ലിക് റിലേഷൻസ് ഓഫിസർ ഡോ. സ്വപ്‌നിൽ നില ഇടിവി ഭാരതിനോട് പറഞ്ഞു.
ലോക്കൽ ട്രെയിനുകളിൽ ക്രമരഹിതമായി യാത്ര ചെയ്യുന്നവരെ നേരിടാൻ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് (ആർപിഎഫ്) ജവാൻമാരും ടിക്കറ്റ് ചെക്കിങ് സ്റ്റാഫും അടങ്ങുന്നതായിരിക്കും ടാസ്‌ക് ഫോഴ്‌സ്. യാത്രക്കാർക്ക് അവർ നേരിടുന്ന പ്രശ്‌നങ്ങൾ വാട്‌സ്ആപ്പ് നമ്പറിൽ പരാതിപ്പെടാം.
"സെൻട്രൽ റെയിൽവേ 1810 സർവീസുകളിലൂടെ പ്രതിദിനം 3.3 ദശലക്ഷം യാത്രക്കാരുമായാണ് സഞ്ചരിക്കുന്നത്. പ്രതിദിനം 78,327 യാത്രക്കാരുമായി 66 എസി ലോക്കൽ സർവീസുകൾ നടത്തുന്നു. സുരക്ഷയുടെ പ്രയോജനം കണക്കിലെടുത്ത് എസി ലോക്കൽ സർവീസുകൾക്ക് യാത്രക്കാരിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്', ഒരു മുതിർന്ന റെയിൽവേ ഉദ്യോഗസ്ഥൻ പറഞ്ഞു.
യാത്രക്കാർക്ക് പരാതി അറിയിക്കാൻ വാട്‌സ്‌ആപ്പ് നമ്പർ സൗകര്യവുമുണ്ട്. തിരക്കുള്ള സമയങ്ങളിൽ യാത്രക്കാരെ സഹായിക്കാനായാണ് വാട്‌സ്‌ആപ്പിൽ പരാതിപ്പെടാൻ സൗകര്യം ഒരുക്കിയത്. എസി ലോക്കലുകളിലെയും ഫസ്റ്റ് ക്ലാസ് കോച്ചുകളിലെയും ക്രമരഹിതമായ യാത്രയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ഉടനടി പരിഹരിക്കുക എന്നതാണ് ഈ സംരംഭം ലക്ഷ്യമിടുന്നത്. അടിയന്തര പിന്തുണ നൽകാൻ കഴിയാത്ത സാഹചര്യത്തിൽ, പ്രശ്‌നം പരിഹരിക്കാൻ അടുത്ത ദിവസം പരിശോധന നടത്തുമെന്ന് സിപിആർഒ അറിയിച്ചു.
യാത്രയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളിൽ ഇടപെടുന്നതിനും പരിഹരിക്കുന്നതിനും ഒരു പ്രത്യേക മോണിറ്ററിങ് ടീമും രൂപീകരിച്ചിട്ടുണ്ട്. തന്നിരിക്കുന്ന നമ്പറിൽ പ്രശ്‌നം എന്താണെന്ന് മെസേജ് ചെയ്യാൻ മാത്രമാണ് കഴിയുക, അതിൽ ഫോൺ കോളുകൾ ചെയ്യാൻ കഴിയില്ലെന്ന് റെയിൽവേ അറിയിച്ചു. ഈ വാട്‌സ്ആപ്പ് പരാതി നമ്പർ സൗകര്യം പ്രയോജനപ്പെടുത്താൻ സെൻട്രൽ റെയിൽവേ യാത്രക്കാരോട് അഭ്യർഥിച്ചു. യാത്രക്കാർക്ക് സുരക്ഷിതവും സുഖപ്രദവുമായ യാത്ര നൽകാൻ പ്രതിബദ്ധതരാണ് റെയിൽവേ എന്നും അധികൃതർ വ്യക്തമാക്കി.
ALSO READ: ടിക്കറ്റില്ലാതെ ട്രെയിനില്‍ ; ചോദ്യം ചെയ്‌ത ടിടിഇക്ക് നേരെ കോഴിക്കോട്ട് യാത്രക്കാരന്‍റെ ആക്രമണം