ആഗ്ര: താജ്‌മഹലില്‍ ഹിന്ദു വിഗ്രഹങ്ങള്‍ ഉണ്ടോ എന്ന് പരിശോധിക്കാന്‍ 22 മുറികൾ തുറക്കണമെന്ന ഹർജി പരിഗണിക്കുന്നത് ജൂലായ് 10-ലേക്ക് മാറ്റി. പ്രതിഭാഗത്ത് നിന്നും ഒരാൾ പോലും ഹാജരാകാത്തതിനെ തുടർന്നാണ് ജൂനിയർ ഡിവിഷൻ സിവില്‍ ജഡ്‌ജി ശിഖ സിങ് കേസ് പരിഗണിക്കുന്നത് മാറ്റിയത്.
അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ചിൽ യോഗേശ്വർ ശ്രീ കൃഷ്‌ണ ജന്മസ്ഥാൻ സേവാ സംഘ് ട്രസ്റ്റ് തേജോ മഹാദേവ് സമർപ്പിച്ച ഹർജിയിൽ, താജ്‌മഹലിന്‍റെ പൂട്ടിയിട്ടിരിക്കുന്ന 22 മുറികൾ പരിശോധിക്കാൻ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയോട് (എഎസ്ഐ) ആവശ്യപ്പെടുന്നു.
ജൂലൈ 10-ന് സിവിൽ പ്രൊസീജ്യർ കോഡ് പ്രകാരം ഹാജരാകാൻ കോടതി ഉത്തരവിട്ടിട്ടുണ്ടെന്ന് യോഗേശ്വർ ശ്രീകൃഷ്‌ണ ജന്മസ്ഥാൻ സേവാ സംഘ് ട്രസ്റ്റിലെ അഭിഭാഷകൻ അജയ് പ്രതാപ് സിങ് പറഞ്ഞു. ശവകുടീരം പഴയ ശിവക്ഷേത്രമാണെന്ന് നിരവധി ചരിത്രകാരന്മാരും ഹൈന്ദവ സംഘടനകളും പറഞ്ഞതായി അയോധ്യയിലെ ബിജെപി മീഡിയ ഇൻചാർജ് രജനീഷ് സിങ് സമർപ്പിച്ച ഹർജിയിൽ പറയുന്നു.
താജ്‌മഹലിനെ ക്ഷേത്രമാക്കുന്നതിനപ്പുറം സാമൂഹിക ഐക്യം ലക്ഷ്യമിട്ട് സത്യം തുറന്നുകാട്ടുകയാണ് പരിശോധനയുടെ ആവശ്യമെന്നും സിങ് പറഞ്ഞു. പൂട്ടിയിട്ടിരിക്കുന്ന അറകള്‍ തുറന്ന് പരിശോധിക്കുക മാത്രമാണ് ഇത്തരത്തിലുള്ള തർക്കങ്ങൾക്ക് അറുതി വരുത്താനുള്ള ഏക മാർഗമെന്നും സിങ് അവകാശപ്പെടുന്നു.
മുഗൾ ചക്രവർത്തി ഷാജഹാൻ ഭാര്യ മുംതാസ് മഹലിനായി പണികഴിപ്പിച്ചതാണ് താജ്‌മഹൽ. 1632-ലാണ് മാര്‍ബിള്‍ സ്‌മാരകത്തിന്‍റെ പണി ആരംഭിക്കുന്നത്. 1653-ൽ, 22 വർഷവും എടുത്താണ് താജ് മഹലിന്‍റെ പണി പൂര്‍ത്തിയാകുന്നത്. 22,000 തൊഴിലാളികളാണ് സ്മാരകത്തിന്‍റെ നിര്‍മാണത്തില്‍ പങ്കാളികളായത്.
1212-ൽ താജ്‌മഹൽ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് രാജാവ് പരമർദി ദേവ് തേജോ മഹാലയ ക്ഷേത്രം സ്ഥാപിച്ചതായാണ് രജനീഷ് സിങ്ങിന്‍റെ വാദം. 1632-ൽ ഷാജഹാൻ ഇത് ജയ് സിങ് രാജാവിൽ നിന്ന് കൈവശപ്പെടുത്തുകയും വധുവിന്‍റെ സ്‌മാരകമായി ഉപയോഗിക്കുകയും ചെയ്‌തു. താജ്‌മഹലിന്‍റെ അറകൾ അവസാനമായി 1934-ൽ രഹസ്യമായി തുറന്നുവെങ്കിലും അവിടെ നിന്ന് ഒന്നും കണ്ടെത്താനായില്ല.
Also Read: താജ് മഹലിലെ ഉറൂസും നിസ്‌കാരവും വിലക്കണം; ആവശ്യവുമായി ഹിന്ദു മഹാസഭ കോടതിയിൽ