ഡൽഹി : അനധികൃത സ്വത്ത് സമ്പാദന കേസിൽ മുൻ മന്ത്രിയും ഡിഎംകെ നേതാവുമായ പൊൻമുടിക്കും ഭാര്യ വിശാലക്ഷ്മിക്കും 3 വർഷം തടവ് ശിക്ഷ വിധിച്ച മദ്രാസ് ഹൈക്കോടതി ഉത്തരവിന് സുപ്രീം കോടതിയുടെ ഇടക്കാല സ്റ്റേ. നിയമസഭാംഗത്വം തിരികെ ലഭിക്കാന്‍ നിയമസഭയെ സമീപിക്കാനും കോടതി നിർദേശിച്ചു.
2006 മുതൽ 2011 വരെ ഉന്നത വിദ്യാഭ്യാസ, ധാതു വിഭവ മന്ത്രിയുമായിരുന്നു പൊന്മുടി. ഒരു കോടി 75 ലക്ഷം രൂപയുടെ സ്വത്ത് അനധികൃതമായി സമ്പാദിച്ചെന്ന് കാട്ടി കൈക്കൂലി വിരുദ്ധ വകുപ്പ് പൊന്മുടിക്കെതിരെ കേസെടുക്കുകയായിരുന്നു.
കേസ് പരിഗണിച്ച വില്ലുപുരം പ്രത്യേക കോടതി മന്ത്രി പൊൻമുടിക്കും ഭാര്യയ്ക്കും എതിരെയുള്ള ആരോപണങ്ങൾ തെളിയിക്കാനായില്ലെന്ന് കണ്ടെത്തി 2016 ഏപ്രിലിൽ ഇരുവരെയും വെറുതെവിട്ടിരുന്നു.
തുടര്‍ന്ന് 2016ല്‍ കൈക്കൂലി വിരുദ്ധ വകുപ്പ് അപ്പീൽ കേസ് ഫയൽ ചെയ്‌തു. കേസ് പരിഗണിച്ച മദ്രാസ് ഹൈക്കോടതി അനധികൃത സ്വത്ത് സമ്പാദനം നടന്നതായി കണ്ടെത്തി. 2023 ഡിസംബര്‍ 23ന് പൊൻമുടിക്കും ഭാര്യ വിശാലാക്ഷിക്കും 3 വർഷം തടവ് ശിക്ഷ വിധിച്ചു. 50 ലക്ഷം രൂപ വീതം പിഴയും ചുമത്തിയിരുന്നു. പിഴയടച്ചില്ലെങ്കിൽ 6 മാസം അധിക തടവ് അനുഭവിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. ഈ ഉത്തരവാണ് സുപ്രീം കോടതി ഇന്ന് (11-03-2024) സ്റ്റേ ചെയ്‌തത്.