ന്യൂഡൽഹി: നിലവിലുള്ള റിക്രൂട്ട്‌മെന്‍റ് നിയമങ്ങൾ പ്രകാരം എസ്എസ്‌സി ഉദ്യോഗസ്ഥരെ സ്ഥിരപ്പെടുത്താനാകില്ലെന്ന് മാരിടൈം ഫോഴ്‌സ് സുപ്രീം കോടതിയെ അറിയിച്ചു. എന്നാൽ ഇന്ത്യൻ കോസ്റ്റ് ഗാർഡ് കൂടുതൽ വനിത ഉദ്യോഗസ്ഥരെ സ്ഥിരപ്പെടുത്താൻ പ്രതിജ്ഞാബദ്ധരെന്ന് സുപ്രീം കോടതി ഊന്നിപ്പറഞ്ഞു. സ്ഥിര കമ്മീഷൻ ആവശ്യപ്പെട്ട് വനിത ഉദ്യോഗസ്ഥ നൽകിയ ഹർജിയിൽ ഇന്ത്യൻ കോസ്റ്റ് ഗാർഡ് സത്യവാങ്മൂലം സമർപ്പിച്ചിരുന്നു.
അതേസമയം സ്ത്രീകളെ ഒഴിവാക്കാനാകില്ലെന്ന് നിരീക്ഷിച്ച ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് കോസ്റ്റ് ഗാർഡിൽ സ്‌ത്രീകൾക്ക് സ്ഥിരം കമ്മീഷൻ നൽകുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് അടുത്തിടെ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇന്ത്യൻ കോസ്റ്റ് ഗാർഡിന്‍റെ നിയമനങ്ങളുമായി ബന്ധപ്പെട്ട നിയമങ്ങളിലും അപ്പോയിൻമെന്‍റ് ലെറ്ററിലും ഭാവിയിൽ സ്ഥിരപ്പെടില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും കോസ്റ്റ് ഗാർഡ് സൂചിപ്പിച്ചു. കടൽ യാത്ര ചെയ്യണമെന്നതിനാൽ സ്ത്രീകൾക്ക് താമസമടക്കമുള്ളവയ്‌ക്ക് പ്രത്യേക സൗകര്യങ്ങൾ ഒരുക്കേണ്ടതായി വരും.
എന്നാൽ നിലവിൽ ഇന്ത്യൻ കോസ്റ്റ് ഗാർഡിൽ ഇത്തരം സൗകര്യങ്ങളില്ല. അതിനാൽ സ്ഥിരപ്രവേശനത്തിനായി വനിത ഉദ്യോഗസ്ഥർക്ക് നിലവിൽ 10 ശതമാനം നിയമനങ്ങൾ മാത്രമേ പരിഗണിക്കാൻ കഴിയുകയുള്ളൂ. കൂടുതൽ വനിത ഉദ്യോഗസ്ഥരെ സ്ഥിരപ്പെടുത്തണമെങ്കിൽ നിരവധി നടപടികൾ കൈക്കൊള്ളേണ്ടതുണ്ട്. അതിനാൽ കൂടുതൽ സ്ഥിരം പ്രവേശനങ്ങൾ നൽകുന്നതിന് മുമ്പ് വനിതകൾക്ക് കപ്പലിൽ ജോലി ചെയ്യാൻ അനുയോജ്യമായ തൊഴിൽ സാഹചര്യങ്ങൾ സൃഷ്‌ടിക്കേണ്ടതുണ്ട്.