ന്യൂഡൽഹി : ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലം, എക്‌സിറ്റ് പോൾ ഫലങ്ങളിൽ നിന്ന് തികച്ചും വിരുദ്ധമാകുമെന്ന് കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി. ചൊവ്വാഴ്‌ച പ്രഖ്യാപിക്കാനിരിക്കുന്ന ഫലങ്ങളിൽ നിന്നുള്ള പ്രതീക്ഷകളെക്കുറിച്ച് ചോദിച്ചപ്പോൾ, 'കാത്തിരുന്ന് കാണുക' എന്ന് സോണിയ ഗാന്ധി മാധ്യമങ്ങളോട് പ്രതികരിച്ചു.
എക്‌സിറ്റ് പോൾ ഫലങ്ങൾ കാണിക്കുന്നതിന് വിപരീതമായിരിക്കും തങ്ങൾക്ക് ലഭിക്കുന്ന ഫലങ്ങൾ എന്നും കോൺഗ്രസ് പാർലമെന്‍ററി പാർട്ടി അധ്യക്ഷ കൂട്ടിച്ചേർത്തു. ഡിഎംകെ ഓഫിസിൽ നടന്ന പരിപാടിയിൽ പങ്കെടുത്ത ശേഷമാണ് സോണിയ ഗാന്ധി ഇക്കാര്യം പറഞ്ഞത്. ഡിഎംകെ നേതാവ് എം കരുണാനിധിയുടെ നൂറാം ജന്മദിനത്തില്‍ അവർ അദ്ദേഹത്തെ ആദരിച്ചു.
ലോക്‌സഭ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ വൻ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന പ്രതീക്ഷയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. തുടർച്ചയായി മൂന്നാം തവണയും എൻഡിഎ അധികാരം നിലനിർത്തുമെന്ന് മിക്ക എക്‌സിറ്റ് പോളുകളും പ്രവചിക്കുന്നു. ചില എക്‌സിറ്റ് പോളുകൾ എൻഡിഎയ്ക്ക് 400-ലധികം സീറ്റുകൾ ലഭിക്കുമെന്ന് പറഞ്ഞിട്ടുണ്ടെങ്കിലും, ഭൂരിപക്ഷം സര്‍വേകളും പ്രവചിക്കുന്നത് 350 ലധികം സീറ്റുകൾ നേടുമെന്നാണ്. ഇത് സർക്കാർ രൂപീകരിക്കാൻ ആവശ്യമായ 272 സീറ്റുകളുടെ ഭൂരിപക്ഷത്തിന് മുകളിലാണ്.
കോൺഗ്രസും മറ്റ് ഇന്ത്യൻ ബ്ലോക്ക് പാർട്ടികളും എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ഫാന്‍റസി സൃഷ്‌ടിയാണെന്ന് അവകാശപ്പെടുകയും പ്രതിപക്ഷ സഖ്യം അടുത്ത സർക്കാർ രൂപീകരിക്കുമെന്ന് വ്യക്തമാക്കുകയും ചെയ്‌തു. 'ഇതിനെ എക്‌സിറ്റ് പോൾ എന്ന് വിളിക്കുന്നില്ല, മറിച്ച് അതിന്‍റെ പേര് 'മോദി മീഡിയ പോൾ' എന്നാണെ'ന്ന് പ്രതിപക്ഷം വിമർശിച്ചിരുന്നു. ഇത് മോദിജിയുടെ വോട്ടെടുപ്പാണ്, ഇത് അദ്ദേഹത്തിന്‍റെ ഫാന്‍റസി പോൾ ആണെന്ന് കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി പ്രതികരിക്കുകയുണ്ടായി. ഇന്ത്യ ബ്ലോക്ക് 295 സീറ്റുകൾ നേടി സർക്കാർ രൂപീകരിക്കുമെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞു.
'ഡോ. കലൈഞ്ജർ കരുണാനിധിയുടെ 100-ാം പിറന്നാള്‍ ദിനത്തിന്‍റെ ഏറ്റവും നല്ല അവസരത്തിൽ ഡിഎംകെയിലെ എന്‍റെ സഹപ്രവർത്തകർക്കൊപ്പം ഇവിടെയെത്താൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്' -എന്ന് ചടങ്ങിൽ സോണിയ ഗാന്ധി പറഞ്ഞു. അദ്ദേഹത്തെ പല അവസരങ്ങളിൽ കാണാനും, അദ്ദേഹം പറയുന്നത് കേൾക്കാനും, അദ്ദേഹത്തിന്‍റെ ഉപദേശങ്ങൾ പ്രയോജനപ്പെടുത്താനും തനിക്ക് ഭാഗ്യമുണ്ടായി. അദ്ദേഹത്തെ കണ്ടുമുട്ടാൻ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു എന്നും അവർ കൂട്ടിച്ചേർത്തു. ചടങ്ങിൽ പങ്കെടുത്തവർക്ക് സോണിയ ഗാന്ധി ആശംസകൾ നേരുകയും ചെയ്‌തു.
ALSO READ : പോളിങ് ബൂത്തില്‍ നിന്നൊരു ക്ലിക്ക് ; സോണിയയും രാഹുലും പ്രിയങ്കയും വോട്ടുരേഖപ്പെടുത്തി