ശ്രീനഗർ (ജമ്മു കശ്‌മീർ): ചൈനയിൽ നിന്ന് കോടികൾ വിലമതിക്കുന്ന സ്വർണം കടത്തിയ രണ്ട് പേർ കശ്‌മീരിലെ ലേ ജില്ലയിൽ നിന്നും പിടിയിലായി. സ്റ്റാൻസിൻ ഡോർഗ്യാൽ, സെറിംഗ് ചമ്പ എന്നിവരാണ് ലേയിലെ ന്യോമ മേഖലയിൽ നിന്ന് അറസ്റ്റിലായത്. ഇൻഡോ-ടിബറ്റൻ ബോർഡർ പൊലീസിൻ്റെ (ഐടിബിപി) 21-ാം ബറ്റാലിയൻ പിപി 54-ലെ ജനറൽ ഏരിയയിലെ സുർസാറിന് സമീപത്ത് നിന്നുമാണ് ഇവരെ പിടികൂടിയത്.
പ്രതികളിൽ നിന്ന് 108 കിലോഗ്രാം തൂക്കം വരുന്ന സ്വർണ ബിസ്‌ക്കറ്റുകൾ കണ്ടെത്തി. ചൈനയുമായുള്ള യഥാർഥ്യ നിയന്ത്രണ രേഖയ്‌ക്ക് (എൽഎസി) സമീപമുള്ള കൊയുൾ ഗ്രാമത്തിലെ ഒരു വീട്ടിലാണ് ഇവർ കോടിക്കണക്കിന് രൂപ വിലമതിക്കുന്ന സ്വർണം സൂക്ഷിച്ചിരിക്കുന്നതെന്ന് ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. ഇൻ്റലിജൻസ് വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഐടിബിപിയും ലോക്കൽ പൊലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് പ്രതികൾ വലയിലായത്.
15 സെക്‌ടറിന് കീഴിൽ പ്രാദേശികമായി നിലയുറപ്പിച്ച ആർമി ബ്രിഗേഡിന് കള്ളക്കടത്ത് പ്രവർത്തനങ്ങളെക്കുറിച്ച് വിവരം ലഭിച്ചിരുന്നു. പിന്നാലെ ഇവർ വിവരം ഐടിബിപിയുടെ 21-ാം ബറ്റാലിയനിലേക്ക് കൈമാറി. തുടർന്നാണ് പരിശോധന നടത്തി പ്രതികളെ അറസ്റ്റ് ചെയ്‌തത്. പിടിച്ചെടുത്ത സ്വർണം ലേയിലെ ഐടിബിപി ആസ്ഥാനത്തേക്ക് മാറ്റിയതായും അധികൃതർ അറിയിച്ചു.
ALSO READ: വംശനാശം നേരിടുന്ന ജീവികളുടെ കടത്ത്; ഉത്തർപ്രദേശ് സ്വദേശിയില്‍ നിന്ന് പിടികൂടിയത് 100 ആമകളെ