ഭാഗൽപൂർ : ബിഹാറിലെ ഭാഗൽപൂരിലുണ്ടായ വാഹനാപകടത്തിൽ ഒരു കുട്ടിയുൾപ്പടെ ആറ് പേർ മരിച്ചു. ചരക്കുമായി പോവുകയായിരുന്ന ട്രക്ക് നിയന്ത്രണം വിട്ട് എസ്‌യുവിക്ക് മുകളിലേക്ക് മറിഞ്ഞാണ് തിങ്കളാഴ്‌ച രാത്രിയില്‍ അപകടമുണ്ടായത്. അമിത വേഗത്തിലായിരുന്ന ട്രക്കിന്‍റെ ടയര്‍ പൊട്ടിത്തെറിച്ചതാണ് അപകടത്തിന് കാരണമായത്.
ഘോഘ പൊലീസ് സ്‌റ്റേഷൻ പരിധിയിലെ ആമാപൂർ ഗ്രാമത്തിന് സമീപം ദേശീയ പാത 80ലാണ് അപകടം നടന്നത്. വിവാഹ പാർട്ടിയിൽ പങ്കെടുത്ത് മുൻഗറിലെ ധാപരിയിൽ നിന്ന് കഹൽഗാവിലെ ശ്രീമത്പൂരിലേക്ക് കാറില്‍ പോവുകയായിരുന്നവരാണ് മരിച്ചത്.
ഓടിക്കൂടിയവര്‍ മണ്ണുമാന്തി യന്ത്രത്തിൻ്റെ സഹായത്തോടെയാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്. തിങ്കളാഴ്‌ച രാത്രി ഏറെ വൈകിയാണ് രക്ഷാപ്രവര്‍ത്തനം അവസാനിച്ചത്. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോർട്ടത്തിനായി സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി.
Also Read:ദേശീയപാത നിർമാണത്തിനിടെ കുന്നിടിഞ്ഞ് അപകടം: മണ്ണിനടിയിലായ അതിഥി തൊഴിലാളികളെ രക്ഷപ്പെടുത്തി