ലഖ്‌നൗ: ഹത്രാസ് ജില്ലയിലെ സിക്കന്ദ്രറാവുവിൽ ഭോലെ ബാബയുടെ സത്സംഗത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് ആളുകൾ മരിച്ച സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘം റിപ്പോർട്ട് സമർപ്പിച്ചു. 80,000 പേർ മാത്രം അനുവദനീയമായിട്ടുളള സത്സംഗത്തിൽ 2.5 ലക്ഷത്തിലധികം ആളുകൾ പങ്കെടുത്തു. സംഭവത്തിൽ 123 പേരാണ് കൊല്ലപ്പെട്ടത്.
അഡീഷണൽ ഡയറക്‌ടർ ജനറൽ ഓഫ് പൊലീസ് (ആഗ്ര സോൺ) അനുപം കുൽശ്രേഷ്‌ഠയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അഞ്ച് ദിവസത്തെ അന്വേഷണത്തിന് ശേഷം തിങ്കളാഴ്‌ച (ജൂലൈ 8ന്) ഉത്തർപ്രദേശ് സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. അപകടവുമായി ബന്ധപ്പെട്ട് എല്ലാ കക്ഷികളുടെയും മൊഴി രേഖപ്പെടുത്തുകയും അപകടം നടന്ന സ്ഥലത്ത് തെളിവെടുപ്പ് നടത്തുകയും ചെയ്‌തു.
അനുപം കുൽശ്രേഷ്‌ഠയും സംഘവും അപകടവുമായി ബന്ധപ്പെട്ട് എല്ലാ ഉദ്യോഗസ്ഥരുമായും മരിച്ചവരുടെ കുടുംബാംഗങ്ങളുമായും സംസാരിക്കുകയും നൂറിലധികം പേരുടെ മൊഴി റിപ്പോർട്ടിൽ രേഖപ്പെടുത്തുകയും ചെയ്‌തു. സംഭവത്തിൽ ഡിഎം ആശിഷ് കുമാർ, എസ്‌പി നിപുൺ അഗർവാൾ എന്നിവരുടെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തിയിട്ടുണ്ട്.
Also Read: പുരി രഥയാത്ര: രഥം വലിക്കുന്നതിനിടെ ഭക്തൻ ശ്വാസം മുട്ടി മരിച്ചു; നിരവധി പേർക്ക് പരിക്ക്