ബെംഗളൂരു: ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയതിനെ വിമര്‍ശിച്ച് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ഇന്ത്യയുടെ ഫെഡറൽ ഘടനയ്ക്കും പാർലമെന്‍ററി ജനാധിപത്യത്തിനും മേലുള്ള കടന്നാക്രമണമാണ് ഇതെന്ന് സിദ്ധരാമയ്യ വിമര്‍ശിച്ചു.
സംസ്ഥാനങ്ങളുടെ അവകാശങ്ങൾ തടയുന്നതിനും അവര്‍ക്ക് മേലുള്ള അധികാരം ഉറപ്പിക്കുന്നതിനുമുള്ള കേന്ദ്ര സർക്കാരിന്‍റെ ഗൂഢാലോചനയുടെ ഭാഗമാണ് ബില്ലെന്നും സിദ്ധരാമയ്യ കുറ്റപ്പെടുത്തി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൂടിയാലോചനകള്‍ ഏതുമില്ലാതെയാണ് ബില്ലിന്മേല്‍ നടപടി ഉണ്ടായത്. ഇത്തരം നിർണായക ബില്ലിന് അംഗീകാരം നൽകുന്നതിന് മുമ്പ് മോദി സർക്കാർ പ്രതിപക്ഷ പാർട്ടികളുമായും സംസ്ഥാന സർക്കാരുകളുമായും കൂടിയാലോചിക്കണമായിരുന്നു. പകരം, ഏകാധിപത്യ സ്വഭാവത്തില്‍ കേന്ദ്രം ഈ ജനാധിപത്യ വിരുദ്ധ നിർദേശം അടിച്ചേൽപ്പിക്കുകയാണെന്നും സിദ്ധരാമയ്യ പറഞ്ഞു.
ഭരണഘടനാപരമായ വെല്ലുവിളികളില്‍ ആശങ്ക
ഒരേസമയം തെരഞ്ഞെടുപ്പുകള്‍ നടത്തുന്നതിലെ ഭരണഘടനാപരമായ വെല്ലുവിളികളെക്കുറിച്ച് സിദ്ധരാമയ്യ ആശങ്ക പ്രകടിപ്പിച്ചു. ഒരു ഭരണകക്ഷിക്ക് ലോക്‌സഭയിലോ സംസ്ഥാന അസംബ്ലികളിലോ ഭൂരിപക്ഷം നഷ്‌ടപ്പെടുമ്പോൾ ഉണ്ടാകുന്ന ജനാധിപത്യ പ്രതിസന്ധികളെ ഒരു രാഷ്‌ട്രം, ഒരു തെരഞ്ഞെടുപ്പ് നിർദേശം അഭിസംബോധന ചെയ്യുന്നില്ല.
ഇത്തരം സന്ദർഭങ്ങളിൽ പുതിയ തെരഞ്ഞെടുപ്പുകൾ മാത്രമാണ് പ്രതിവിധി. ന്യൂനപക്ഷ സർക്കാരുകളെ തുടരാൻ നിർബന്ധിക്കുന്നത് ജനാധിപത്യത്തിനെതിരായ വഞ്ചനയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബിൽ നടപ്പാക്കാൻ വിപുലമായ ഭരണഘടന ഭേദഗതികൾ ആവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ജനപ്രാതിനിധ്യ നിയമത്തിൽ ഭേദഗതികളും കുറഞ്ഞത് അഞ്ച് ഭരണഘടനാ വ്യവസ്ഥകളും ആവശ്യമാണ്. കൂടാതെ, ഒരേസമയം തെരഞ്ഞെടുപ്പ് നടത്താനുള്ള ശേഷിയും വിഭവങ്ങളും നിലവിലെ തെരഞ്ഞെടുപ്പ് കമ്മീഷന് ഇല്ലായെന്നും സിദ്ധരാമയ്യ കൂട്ടിച്ചേർത്തു.
കേരളത്തിന്‍റെ എതിര്‍പ്പിന് പിന്തുണ
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് നിർദേശത്തെ എതിർക്കുന്ന കേരളത്തിന്‍റെ പ്രമേയം കർണാടകയും പിന്തുടരുമെന്ന് സിദ്ധരാമയ്യ വ്യക്തമാക്കി. കോൺഗ്രസ് ഹൈക്കമാൻഡുമായി ആലോചിച്ച് സമാനമായ പ്രമേയം പാസാക്കുമെന്നും ഈ ജനാധിപത്യ വിരുദ്ധ നീക്കത്തിനെതിരെ ശക്തമായ സന്ദേശം നൽകുമെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് സമ്പ്രദായം പരിഷ്‌കരിക്കുന്നതിനല്ല ബില്ല് എന്നും കേന്ദ്രത്തിന്‍റെ ഭീമമായ പരാജയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള തീവ്ര ശ്രമമാണിതെന്നും സിദ്ധരാമയ്യ കുറ്റപ്പെടുത്തി.
Also Read: ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്; ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം