നോർത്ത് 24 പർഗാനാസ് : സന്ദേശ്‌ഖാലി സംഘർഷത്തിലെ മുഖ്യപ്രതിയും തൃണമൂൽ കോണ്‍ഗ്രസ് നേതാവുമായ ഷെയ്ഖ് ഷാജഹാനെ ബസിർഹത്ത് സബ് ഡിവിഷണൽ കോടതി 10 ദിവസത്തേക്ക് കസ്‌റ്റഡിയിൽ വിട്ടു. നോർത്ത് 24 പർഗാനാസിലെ മിനാഖാനിൽ നിന്നാണ് ഒളിവിൽ പോയ ഷെയ്ഖ് ഷാജഹാനെ അറസ്‌റ്റ് ചെയ്‌തത്.
ബസിർഹത്ത് സബ് ഡിവിഷണൽ കോടതിയിൽ ഇന്ന് ഹാജരാക്കിയ പ്രതിയെ 10 ദിവസത്തേക്ക് പൊലീസ് കസ്‌റ്റഡിയിൽ വയ്‌ക്കാനാണ് കോടതി ഉത്തരവിട്ടത് (Sandeshkhali Violence Sheikh Shahjahan In Custody). പൊലീസ് 14 ദിവസത്തെ കസ്‌റ്റഡി ആവശ്യപ്പെട്ടെങ്കിലും കോടതി 10 ദിവസത്തെ സമയം മാത്രമാണ് അനുവദിച്ചത്.
മാർച്ച് 10 ന് അദ്ദേഹത്തെ വീണ്ടും കോടതിയിൽ ഹാജരാക്കുമെന്ന് ഷെയ്ഖ് ഷാജഹാൻ്റെ അഭിഭാഷകൻ അഡ്വക്കേറ്റ് രാജ ഭൗമിക് പറഞ്ഞു. സ്‌ത്രീകൾക്കെതിരായ ലൈംഗിക അതിക്രമം, ഭൂമി കൈയേറ്റം എന്നീ കേസുകളിലാണ് പശ്ചിമ ബംഗാൾ പൊലീസ് അദ്ദേഹത്തെ വ്യാഴാഴ്‌ച അറസ്‌റ്റ് ചെയ്‌തത്.
അതേസമയം അറസ്‌റ്റിന് ശേഷം സന്ദേശ്ഖാലിയിൽ ഉടനീളം പൊലീസ് സുരക്ഷ കടുപ്പിച്ചിരിക്കുകയാണ്. പ്രദേശത്തെ ക്രമസമാധാന നില തകർന്നേക്കാമെന്ന കാരണത്താൽ പൊലീസ് എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്.
സന്ദേശ്ഖാലിയെ കൂടാതെ ബസിർഹത്ത് സബ് ജില്ല കോടതി പരിസരത്തും കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയത്. കോടതിയിലേക്കുള്ള എല്ലാ പ്രവേശന കവാടങ്ങളിലും ബാരിക്കേഡുകൾ സ്ഥാപിച്ചിട്ടുണ്ട്. പ്രശ്‌നബാധിത മേഖലകളിൽ ആർഎഎഫ്, കോംബാറ്റ് ഫോഴ്‌സ് എന്നീ സേനകളെയാണ് വിന്യസിച്ചിട്ടുളളത്.
അതേസമയം ഫെബ്രുവരി 23 ന് ഷെയ്ഖ് ഷാജഹാൻ്റെയും അദ്ദേഹത്തിൻ്റെ അടുത്ത സഹായികളുടെയും വസതികളില്‍ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് (ED) റെയ്‌ഡ് നടത്തിയിരുന്നു. 2019ൽ മൂന്നു ബിജെപി പ്രവർത്തകരെ കൊലപ്പെടുത്തിയത് ഉള്‍പ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഷെയ്ഖ് ഷാജഹാൻ.