ശ്രീനഗർ : ജമ്മു കശ്‌മീരിലെ നിയമസഭ തെരഞ്ഞെടുപ്പിൽ നാഷണല്‍ കോണ്‍ഫറന്‍സും കോണ്‍ഗ്രസും തമ്മിലുള്ള സീറ്റ് പങ്കിടല്‍ ധാരണയായി. ധാരണ പ്രകാരം 90 സീറ്റുകളിൽ 51സീറ്റുകളിലും നാഷണൽ കോൺഫറൻസ് മത്സരിക്കും. കോൺഗ്രസ് 32 സീറ്റുകളിലാകും മത്സരിക്കുക. അഞ്ച് സീറ്റുകളിൽ ഇരു പാർട്ടികളും സൗഹൃദ മത്സരവും നടത്തും. സിപിഎമ്മിനും പാന്തേഴ്‌സ് പാർട്ടിക്കും ഓരോ സീറ്റ് വീതം പാർട്ടികള്‍ വിട്ടുനല്‍കി.
ഇരു പാർട്ടികളും പരസ്‌പരം സെൻസിറ്റിവിറ്റികള്‍ മനസിലാക്കിയാണ് സീറ്റ് വിഭജന കരാറിൽ എത്തിയതെന്ന് ജമ്മു കശ്‌മീർ കോൺഗ്രസ് അധ്യക്ഷൻ താരിഖ് ഹമീദ് കർറ പറഞ്ഞു. ചില സീറ്റുകളിൽ ബുദ്ധിമുട്ടുണ്ടെന്നും അവിടങ്ങളില്‍ അച്ചടക്കത്തോടെ സൗഹൃദ മത്സരം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആദ്യഘട്ട തെരഞ്ഞെടുപ്പിന് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസത്തിന് ഒരു ദിവസം മുമ്പാണ് സീറ്റ് പങ്കിടൽ ധാരണയായത്. സെപ്‌റ്റംബർ 18-ന് ആണ് 24 സീറ്റുകളിലേക്കുള്ള ആദ്യ ഘട്ട തെരഞ്ഞെടുപ്പ്.
'ജമ്മു കശ്‌മീരിൽ ഒരുമിച്ച് പോരാടുമെന്നും സർക്കാർ രൂപീകരിക്കുമെന്നും കോൺഗ്രസ് നേതാവ് കെസി വേണുഗോപാൽ പ്രതികരിച്ചു. ജമ്മു കശ്‌മീരിന്‍റെ ആത്മാവിനെ നശിപ്പിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. ജമ്മു കശ്‌മീരിന്‍റെ ആത്മാവിനെ രക്ഷിക്കുക എന്നതാണ് ഞങ്ങള്‍ ഇന്ത്യ സഖ്യത്തിന്‍റെ പ്രധാന ലക്ഷ്യം. അതുകൊണ്ടാണ് കോൺഗ്രസും നാഷണൽ കോൺഫറൻസും ചേർന്ന് ജമ്മു കശ്‌മീരിൽ സർക്കാർ രൂപീക്കാന്‍ ഒരുങ്ങുന്നത്. ഞങ്ങൾ ഒരുമിച്ച് പോരാടും ഞങ്ങൾ ജമ്മു കശ്‌മീരിൽ സർക്കാർ രൂപീകരിക്കും.' കെസി വേണുഗോപാല്‍ പറഞ്ഞു.
സെപ്‌റ്റംബർ 18, 25, ഒക്‌ടോബർ 1 തീയതികളിലായാണ് ജമ്മു കശ്‌മീരിൽ മൂന്ന് ഘട്ട വോട്ടെടുപ്പ് നടക്കുന്നത്. വോട്ടെണ്ണൽ ഒക്‌ടോബർ നാലിന് നടക്കും.
Also Read : ജമ്മു കശ്‌മീർ തെരഞ്ഞെടുപ്പ്; പ്രഖ്യാപിച്ച സ്ഥാനാര്‍ഥി പട്ടിക പിന്‍വലിച്ച് ബിജെപി, പുതിയത് പുറത്ത്