കര്‍ണാടക: ഷിരൂരിലെ അങ്കോളയിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ഡ്രൈവര്‍ അര്‍ജുനായുള്ള തെരച്ചില്‍ താത്‌കാലികമായി അവസാനിപ്പിച്ചു. കനത്ത മഴ രാത്രിയില്‍ രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയായതാണ് തെരച്ചില്‍ നിര്‍ത്തിവയ്‌ക്കാന്‍ കാരണം. നാളെ (ജൂലൈ 21) രാവിലെ 6 മണിയോടെ തെരച്ചില്‍ പുനരാരംഭിക്കും.
മുഖ്യമന്ത്രി സിദ്ധരാമയ്യ നാളെ സ്ഥലം സന്ദര്‍ശിക്കും. രക്ഷാപ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുമെന്നും അദ്ദേഹം അറിയിച്ചു. കനത്ത മഴ തെരച്ചിലിനെ ബാധിച്ചു. കേരളത്തില്‍ നിന്നുള്ള സംഘം സ്ഥലത്തെത്തിയതോടെ രക്ഷാപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജിതമായിട്ടുണ്ട്.
കേരളത്തില്‍ നിന്നുള്ള സംഘത്തിന്‍റെ നേതൃത്വത്തിലാണ് തെരച്ചില്‍. നാളെയും അവര്‍ തന്നെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്നാണ് റിപ്പോര്‍ട്ട്. സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കണമെന്ന് സിദ്ധരാമയ്യ പറഞ്ഞു.
ജൂലൈ 16നുണ്ടായ മണ്ണിടിച്ചിലില്‍ മലയാളി യുവാവ് അര്‍ജുന്‍ അടക്കം പത്ത് പേരെ കാണാതായിട്ടുണ്ട്. കഴിഞ്ഞ ദിവസം വരെ ഏഴ് മൃതദേഹങ്ങള്‍ കണ്ടെത്തി. ബാക്കിയുള്ളവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. മണ്ണിടിച്ചിലുണ്ടായ മേഖലയിലും തൊട്ടടുത്തുള്ള ഗംഗാവലി പുഴയിലുമാണ് തെരച്ചില്‍ നടത്തുന്നത്.
കഴിഞ്ഞ അഞ്ച് ദിവസമായി ഊര്‍ജിതമായി തന്നെ തെരച്ചില്‍ ദൗത്യം തുടരുകയാണെന്ന് നേരത്തെ സ്ഥലം സന്ദര്‍ശിച്ച മന്ത്രി മങ്കല്‍ വൈദ്യ പറഞ്ഞു. താന്‍ മൂന്ന് ദിവസമായി അവിടെ ക്യാമ്പ് ചെയ്യുകയാണ്.
രക്ഷാപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വേഗത്തിലാക്കുമെന്നും അദ്ദേഹം അറിയിച്ചു. ഇത് ചെറിയൊരു സംഭവമല്ലെന്നും അതുകൊണ്ട് തന്നെ കൂടുതല്‍ സമയം ആവശ്യമായി വരും. പ്രതികൂല കാലാവസ്ഥ മൂലം ഹെലികോപ്‌ടര്‍ ഉപയോഗിക്കാനാകില്ല.
റഡാര്‍ അടക്കമുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് കാണാതായ ലോറിക്കും ഡ്രൈവര്‍ക്കുമായി തെരച്ചില്‍ നടത്തുന്നത്. കനത്ത മഴ മൂലം ചെളി നിറഞ്ഞ് കിടക്കുകയാണ്. അതുകൊണ്ട് തന്നെ റഡാര്‍ സംവിധാനം കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നില്ല. എങ്കിലും ഞങ്ങള്‍ പരമാവധി ശ്രമിക്കുന്നുണ്ട്. താന്‍ കുന്നിന് മുകളില്‍ കയറി പരിശോധനകള്‍ നടത്തിയിരുന്നു. അവിടെയെങ്ങും ലോറിയുള്ളതിന്‍റെ ലക്ഷണങ്ങള്‍ ഇല്ലെന്നും മന്ത്രി വ്യക്തമാക്കി.
പ്രദേശത്തെ മണ്ണ് നീക്കല്‍ പൂര്‍ത്തിയായെന്ന് ജില്ല കലക്‌ടര്‍ ലക്ഷ്‌മി പ്രിയ പറഞ്ഞു. ദേശീയ പാതയുടെ ഒരു ഭാഗത്തെ മണ്ണ് പൂര്‍ണമായി നീക്കി. എന്നാല്‍ ഗതാഗതം പുനഃസ്ഥാപിച്ചിട്ടില്ല.
കനത്ത മഴ മൂലം മണ്ണ് നീക്കല്‍ ബുദ്ധിമുട്ടായിരിക്കുകയാണ്. പതിനഞ്ച് ടണ്‍ പാചകവാതകവുമായി സഗാദേരി ഗ്രാമത്തിന് സമീപം ഗംഗാവലി നദിയിലേക്ക് പതിച്ച ടാങ്കറില്‍ നിന്ന് എച്ച്പിസിഎല്ലിന്‍റെയും ബിപിസിഎല്ലിന്‍റെയും സംസ്ഥാന ദുരന്ത നിവാരണസേനയുടെയും അഗ്നിശമനസേനയുടെയും സഹായത്തോടെ നീക്കി. മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഇവിടെ നിന്ന് ഒഴിപ്പിച്ച ഗ്രാമവാസികള്‍ക്ക് തിരികെ എത്താമെന്നും കലക്‌ടര്‍ അറിയിച്ചു.
Also Read: ഷിരൂരില്‍ അര്‍ജുനായുള്ള തെരച്ചിലില്‍ വീഴ്‌ചയുണ്ടായിട്ടില്ല, വെല്ലുവിളിയായത് കാലാവസ്ഥ': വിഡി സതീശന്‍