ന്യൂഡല്‍ഹി: മദ്രസകളിലെ വിദ്യാർഥികളെ സർക്കാർ സ്‌കൂളുകളിലേക്ക് മാറ്റാൻ സംസ്ഥാനങ്ങളോട് ആവശ്യപ്പെടുന്ന ദേശീയ ബാലാവകാശ കമ്മിഷന്‍റെ (എൻസിപിസിആര്‍) ശുപാർശകൾ സുപ്രീം കോടതി സ്‌റ്റേ ചെയ്‌തു. ചീഫ് ജസ്‌റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്‌റ്റിസുമാരായ ജെ ബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് കമ്മിഷന്‍റെ നടപടി സ്‌റ്റേ ചെയ്‌തത്. എൻസിപിസിആറിന്‍റെ ശുപാർശയെ ചോദ്യം ചെയ്‌ത് ഇസ്‌ലാമിക പുരോഹിതരുടെ സംഘടനയായ ജാമിയത്ത് ഉലമ-ഐ-ഹിന്ദ് സമർപ്പിച്ച ഹർജിയിലാണ് സുപ്രീം കോടതിയുടെ ഉത്തരവ്.
രാജ്യത്തെ മദ്രസകൾക്ക് നല്‍കുന്ന ധനസഹായം എല്ലാ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും നിർത്തലാക്കണമെന്നും മദ്രസ ബോർഡുകൾ അടച്ചുപൂട്ടണമെന്നും ദേശീയ ബാലാവകാശ സംരക്ഷണ കമ്മിഷൻ നേരത്തെ ഉത്തരവിട്ടിരുന്നു. വിദ്യാഭ്യാസ അവകാശ സംരക്ഷണ നിയമങ്ങള്‍ക്ക് എതിരായാണ് മദ്രസകള്‍ പ്രവര്‍ത്തിക്കുന്നതെന്ന് ആരോപിച്ചായിരുന്നു മദ്രസകള്‍ അടച്ചുപൂട്ടണമെന്ന് കമ്മിഷൻ ഉത്തരവിട്ടത്.
എന്നാല്‍, എൻസിപിസിആറിന്‍റെ ഉത്തരവിന് നിയമപരമായ അധികാരമില്ലെന്നും ഇത് ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളെ ലംഘിക്കുന്നതാണെന്നും മുസ്‌ലിം ബോഡിയുടെ അഭിഭാഷക ഇന്ദിര ജെയ്‌സിംഗ് സുപ്രീം കോടതി ബെഞ്ചിനെ അറിയിച്ചു. ബാലാവകാശ കമ്മിഷന്‍റെ നിർദേശപ്രകാരം മദ്രസകള്‍ക്കെതിരെ നടപടിയെടുക്കാൻ കേന്ദ്രസർക്കാർ എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കത്തയച്ചിരുന്നു. എന്നാല്‍ ഇത് വിലക്കി കൊണ്ടാണ് സുപ്രീം കോടതി പുതിയ വിധി പുറപ്പെടുവിച്ചത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
മദ്രസാ ബോര്‍ഡുകള്‍ നിര്‍ത്തലാക്കണമെന്ന് ആവശ്യപ്പെട്ട് 11 പേജുള്ള കത്താണ് വിവിധ സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍ക്ക് ദേശീയ ബാലാവകാശ കമ്മിഷൻ നല്‍കിയത്. 2009ലെ വിദ്യാഭ്യാസ അവകാശ സംരക്ഷണ നിയമം അനുസരിച്ച് മുസ്‌ലിം ഇതര കുട്ടികള്‍ മദ്രസകളിൽ പഠിക്കുന്നുണ്ടെങ്കില്‍ അവരെ സ്‌കൂളില്‍ ചേര്‍ക്കണമെന്നും ദേശീയ ബാലവകാശ കമ്മിഷൻ സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചിരുന്നു. മദ്രസയിൽ പഠിക്കുന്ന മുസ്‌ലിം വിഭാഗത്തിലെ കുട്ടികള്‍ക്ക് പൊതുവിദ്യാഭ്യാസം ലഭിക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തണമെന്നും എൻസിപിസിആര്‍ ആവശ്യപ്പെട്ടിരുന്നു.
മദ്രസകളിൽ പഠിപ്പിക്കുന്നത് പാകിസ്ഥാനിലെ പുസ്‌തകങ്ങളെന്ന് ബാലവകാശ കമ്മിഷൻ:
ഇസ്‌ലാമിക ആധിപത്യം ആണ് മദ്രസകളിൽ പഠിപ്പിക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. മദ്രസ വിദ്യാഭ്യാസം മതേതര മൂല്യങ്ങൾക്ക് എതിരാണ്. ബിഹാറിലെ മദ്രസകളിൽ പഠിപ്പിക്കുന്നത് പാകിസ്ഥാനിലെ പുസ്‌തകങ്ങളാണ്. മദ്രസകളിലെ പുസ്‌തകങ്ങളിൽ അംഗീകരിക്കാൻ കഴിയാത്ത ഉള്ളടക്കം ഉണ്ട്. പരിശീലനം കിട്ടാത്ത അധ്യാപകരാണ് മദ്രസകളിലുള്ളതെന്നും ദേശീയ ബാലാവകാശ കമ്മിഷൻ ആരോപിച്ചിരുന്നു.
എന്നാല്‍ ഇതെല്ലാം തള്ളിക്കൊണ്ടാണ് മദ്രസകള്‍ക്കെതിരെ നടപടി എടുക്കാൻ സാധിക്കില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയത്. അതേസമയം, 2004ലെ മദ്രസ നിയമം റദ്ദ് ചെയ്യാനുള്ള അലഹബാദ് ഹൈക്കോടതിയുടെ മാർച്ച് 22ലെ തീരുമാനത്തെ ചോദ്യം ചെയ്യുന്ന മറ്റൊരു ഹർജിയും സുപ്രീം കോടതിയുടെ പരിഗണനയിലാണ്.
Read Also: മദ്രസകള്‍ അടച്ചുപൂട്ടണമെന്ന് ദേശീയ ബാലാവകാശ കമ്മിഷൻ