ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പ് പശ്ചാത്തലത്തില്‍ ആറ് സംസ്ഥാനങ്ങളിലെ ആഭ്യന്തര സെക്രട്ടറിമാര്‍ക്ക് സ്ഥാനചലനം. ഗുജറാത്ത്, ഉത്തര്‍പ്രദേശ്, ബിഹാര്‍, ഝാര്‍ഖണ്ഡ്, ഹിമാചല്‍പ്രദേശ്, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലെ ആഭ്യന്തര സെക്രട്ടറിമാരെ ആണ് മാറ്റിയിരിക്കുന്നത്. ഈ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ ഓഫീസിന്‍റെ ചുമതല നിര്‍വഹിച്ചിരുന്ന സാഹചര്യത്തിലാണ് ഇവര്‍ക്ക് സ്ഥാനചലനം(Big Reshuffle By EC).
പശ്ചിമബംഗാള്‍ പൊലീസ് മേധാവിയെയും തല്‍സ്ഥാനത്ത് നിന്ന് മാറ്റാന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. 2023 ഡിസംബര്‍ 27ന് പശ്ചിമബംഗാള്‍ പൊലീസ് മേധാവിയായി നിയമിതനായ രാജീവ് കുമാര്‍ 1989 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ്. ഇതിന് പുറമെ സംസ്ഥാനത്തെ ഏഴ് ജില്ലാ പൊലീസ് സൂപ്രണ്ടുമാരെയും മാറ്റിയിട്ടുണ്ട്. മാല്‍ഡ എസ്‌പി ആര്‍ കെ യാദവ്, മുര്‍ഷിദാബാദിലെ ഹുമയൂണ്‍ കബീര്‍, ബര്‍ദ്വാനിലെ എസ് എം എച്ച് മിര്‍സ, പശ്ചിമ മിഡ്‌നാപ്പൂരിലെ ഭാരതി ഘോഷ്, ഝാര്‍ഗ്രാം പൊലീസ് ജില്ലയിലെ സഞ്ജയ് ബന്‍സാല്‍, എന്നിവര്‍ക്കാണ് സ്ഥാനചലനം. ഇതിന് പുറമെ ബിര്‍ഭും പൊലീസ് മേധാവി അലോക് രജോറിയയോട് ഝാര്‍ഗ്രാം പൊലീസ് ജില്ലയില്‍ ചുമതലയേല്‍ക്കാനും നിര്‍ദ്ദേശിച്ചു(Home Secretaries Of 6 States).
സംസ്ഥാന ആരോഗ്യ െസക്രട്ടറി ഓംകാര്‍ സിങ് മീണയ്ക്ക് 24 നോര്‍ത്ത് പര്‍ഗാന ജില്ലയുടെ ജില്ലാ മജിസ്ട്രേറ്റ് ചുമതല നല്‍കി. സഞ്ജയ് ബന്‍സാലിന് പകരമായാണ് നിയമനം( Lok Sabha Polls). ഇതിന് പുറമെ പശ്ചിമ മിഡ്‌നാപ്പൂരിലെ എഡിഎം അരിന്താം ദത്തയെയും മതുര്‍പൂര്‍ പാര്‍ലമെന്‍ററി മണ്ഡലത്തിലെ റിട്ടേണിംഗ് ഓഫീസര്‍ അലോക് പ്രസാദ് റോയിയെും നിലവിലെ തസ്‌തികകളില്‍ നിന്ന് മാറ്റിയിട്ടുണ്ട്.
നീക്കിയ ഉദ്യോഗസ്ഥര്‍ തെരഞ്ഞെടുപ്പ് ഇതര ചുമതലകള്‍ നല്‍കണമെന്നും വിവരം തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഉത്തരവുകള്‍ അടിയന്തര പ്രധാന്യത്തോടെ നടപ്പാക്കിയെന്ന് സംസ്ഥാന ആഭ്യന്തര സെക്രട്ടി ബസുദേബ് ബാനര്‍ജി പറഞ്ഞു. സംസ്ഥാന ചീഫ് സെക്രട്ടറി സഞ്ജയ് മിത്രയോടാണ് ഉത്തരവുകള്‍ അടിയന്തര പ്രാധാന്യത്തോടെ നടപ്പാക്കണമെന്ന് കമ്മീഷന്‍ ഉത്തരവിട്ടത്. കനത്ത സമ്മര്‍ദ്ദത്തിനൊടുവിലാണ് ഉദ്യോഗസ്ഥരെ മാറ്റാനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ അന്ത്യശാസനം മമത സര്‍ക്കാര്‍ നടപ്പാക്കിയത്.
മൂന്ന് വര്‍ഷത്തിലേറെയായി പദവിയില്‍ തുടരുന്ന ഉദ്യോഗസ്ഥര്‍ക്കും സ്വന്തം നാട്ടില്‍ തന്നെ ജോലി ചെയ്യുന്നവര്‍ക്കുമാണ് സ്ഥാനചലനം. തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ നിഷ്‌പക്ഷത ഉറപ്പാക്കാനാണ് ഈ നടപടികളെന്നാണ് കമ്മീഷന്‍റെ വിശദീകരണം. ക്രമസമാധാന പാലത്തിനും സൈന്യത്തെ വിന്യസിക്കുമ്പോഴും നിഷ്‌പക്ഷത ഉറപ്പാക്കേണ്ടതുണ്ടെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടുന്നു.
Also Read: തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചാല്‍ 'പെരുമാറ്റച്ചട്ടം', അറിയാം 60 വര്‍ഷത്തെ പരിണാമ ചരിത്രം
അതേസമയം മഹാരാഷ്‌ട്ര സര്‍ക്കാര്‍ കമ്മീഷന്‍ നിര്‍ദ്ദേശം അവഗണിച്ചിരിക്കുകയാണ്. ചില മുനിസിപ്പല്‍ കമ്മീഷണര്‍മാരുടെയും അഡീഷണല്‍ ഡെപ്യൂട്ടി മുനിസിപ്പല്‍ കമ്മീഷണര്‍മാരുടെയും കാര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ സംസ്ഥാനം പാലിക്കുന്നില്ലെന്നാണ് റിപ്പോർട്ട്. തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ പങ്കാളികളാകുന്ന എല്ലാവരും ഉയര്‍ന്ന അര്‍പ്പണ ബോധമുള്ളവരാകണമെന്നും ആരോടും വിധേയത്വം പുലര്‍ത്തുന്നവരാകരുതെന്നും കമ്മീഷന്‍ നിഷ്‌കര്‍ഷിക്കുന്നു.